
ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തില്‍ (Bengaluru stampede ) കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ (കെഎസ്‌സിഎ) രാജി. സെക്രട്ടറി എ ശങ്കര്‍, ട്രഷറര്‍ ഇ സ് ജയറാം എന്നിവരാണ് രാജി വച്ചത്. ദുരന്തത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്.
ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിലൂടെയാണ് ഇരുവരും തീരുമാനം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച കെഎസ്സിഎ പ്രസിഡന്റിന് രാജി സമര്‍പ്പിച്ചതായും ശങ്കറും ശ്രീറാമും പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ രാജി വാര്‍ത്ത കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടില്ല.
ജൂണ്‍ മൂന്നിന് നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തിന് പിന്നാലെ നാലാം തീയതി ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച വിജയാഘോഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. താരങ്ങളെ കാത്തുനിന്ന ആരാധകര്‍ക്കിടയിലുണ്ടായ തിക്കിലുംതിരക്കിലും 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍, കര്‍ണാകടക ക്രിക്കറ്റ് അസോസിയേഷന്‍, ആര്‍സിബി മാനേജ്‌മെന്റ്, കര്‍ണാടക സര്‍ക്കാര്‍ എന്നിവര്‍ക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മതിയായ മുന്നൊരുക്കങ്ങളില്ലാതെ ലക്ഷക്കണത്തിന് ആളുകളെ പങ്കെടുപ്പിച്ച് ആഘോഷം നടത്തി എന്നാണ് പ്രധാന വിമര്‍ശനം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ മാര്‍ക്കറ്റിങ് തലവന്‍ നിഖില്‍ സോസലുള്‍ള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലേക്ക് പോകുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് നിഖില്‍ പിടിയിലായത്.
വിക്ടറി പരേഡ് സംഘാടകരായ ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ് നെറ്റ്വര്‍ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ കമ്പനിയേയും ആര്‍സിബി, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ