
മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ കിരീടാഘോഷ ദുരന്തത്തില്‍ (Bengaluru Stampede Case) കലാശിച്ചതിനു പിന്നാലെ സജീവ നീക്കങ്ങളുമായി ബിസിസിഐ. സംഭവത്തില്‍ ആര്‍സിബി ടീം മാനേജര്‍ തന്നെ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഭാവിയിലെ ആഘോഷങ്ങളില്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ ബിസിസിഐ പദ്ധതിയിടുന്നു.
വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഒട്ടേറെ ആരാധകര്‍ക്ക് പരിക്കുമേറ്റു. പലരുടേയും നില ഗുരുതരമാണ്. ഈ പശ്ചാത്തലത്തിലാണ് ബിസിസിഐ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഭാവിയില്‍ ഇങ്ങനെയൊരു അപകടം സംഭവിക്കരുതെന്ന മുന്‍കരുതലാണ് പദ്ധതിക്കു പിന്നില്‍.
'ഞങ്ങള്‍ക്ക് നിശബ്ദരായിരിക്കാന്‍ കഴിയില്ല. ചില സന്ദര്‍ഭങ്ങളില്‍ ബിസിസിഐയ്ക്ക് ഇടപെടേണ്ടി വരും. സംഭവത്തിന്റെ ഉത്തരവാദിത്വം ആര്‍സിബി ടീമിനു മാത്രമാണ്. എന്നാല്‍ ഇന്ത്യയിലെ ക്രിക്കറ്റിന്റെ ഉത്തരവാദിത്വം ബിസിസിഐയ്ക്കുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും'- ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.
ഇത്തരത്തിലുള്ള റോഡ് ഷോകള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നു ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മനുഷ്യരുടെ ജീവന്‍ പരമ പ്രധാനമാണെന്നു ഗംഭീര്‍ ഓര്‍മിപ്പിച്ചു. അടച്ചിട്ട സ്റ്റേഡിയത്തില്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ അത്തരത്തിലുള്ള മറ്റെന്തെങ്കിലും ആഘോഷങ്ങളും നടത്താമെന്നും ഗംഭീര്‍ പറയുന്നു.
'ഈ തരത്തിലുള്ള റോഡ് ഷോയെ ഞാനിതുവരെ പിന്തുണച്ചിട്ടില്ല. ഇപ്പോഴും ഇല്ല, ഭാവിയിലും പിന്തുണയ്ക്കില്ല. വിജയവും ആഘോഷവുമൊക്കെ വേണം. അതിലൊക്കെ പരമ പ്രധാനം ഓരോ വ്യക്തിയുടേയും ജീവനാണ്. നാം തയ്യാറല്ലെങ്കില്‍, ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ ഇത്തരം റോഡ് ഷോകള്‍ നടത്താതിരിക്കുന്നതാണ് നല്ലത്'- ഗംഭീര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ