
നോര്‍ത്താംപ്ടന്‍: ഇടവേളയ്ക്കു ശേഷമുള്ള റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് ക്ലാസ് സെഞ്ച്വറിയോടെ ആഘോഷിച്ച് കെഎല്‍ രാഹുല്‍ (KL Rahul). ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം ചതുര്‍ദിന സന്നാഹ ടെസ്റ്റില്‍ ഇന്ത്യ എ ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോറിനായി പൊരുതുന്നു. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ എ 7 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെന്ന നിലയില്‍.
168 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം രാഹുല്‍ 116 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ താരം അച്ചടക്കവും ക്ലാസും നിറഞ്ഞ ബാറ്റിങുമായി കളം വാണു. വരാനിരിക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റിൽ ഇന്ത്യയുടെ നിർണായക താരമാണ് രാഹുൽ. വിരാട് കോഹ്‌ലിയും രോഹിത് ശർമയും വിരമിച്ച സ്ഥാനത്ത് പുതു തലമുറ ടീമിലെ പരിചയ സമ്പന്നരായ താരങ്ങളിൽ ഒരാളാണ് 33കാരൻ. 58 ടെസ്റ്റുകൾ ഇന്ത്യക്കായി കളിച്ചിട്ടുള്ള രാഹുൽ 8 സെഞ്ച്വറികളും 17 അർധ സെഞ്ച്വറികളും ലോങ് ഫോർമാറ്റിൽ സ്വന്തമാക്കിയിട്ടുണ്ട്. 199 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ.
അഭിമന്യു മിഥുനിനേയും യശസ്വി ജയ്സ്വാളിനേയും തുടക്കത്തിൽ തന്നെ നഷ്ടമായ ശേഷം കരുൺ നായരേയും പിന്നീട് ധ്രുവ് ജുറേലിനേയും കൂട്ടുപിടിച്ച് താരം നടത്തിയ രക്ഷാ പ്രവർത്തനം കൈയടി നേടുന്നതാണ്. ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായര്‍ മികവ് ആവര്‍ത്തിച്ചെങ്കിലും 40 റണ്‍സുമായി മടങ്ങി. രാഹുലും കരുണും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 84 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
ആദ്യ മത്സരത്തിലെ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടിയ ധ്രുവ് ജുറേല്‍ തുടരെ മൂന്നാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി. ധ്രുവ് ജുറേല്‍ 52 റണ്‍സുമായി മടങ്ങി. നാലാം വിക്കറ്റിൽ രാഹുലും ജുറേലും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയാണ് പിരിഞ്ഞത്. ഇരുവരും ചേർന്ന് 121 റൺസ് ബോർഡിൽ ചേർത്തു. നിതീഷ് കുമാര്‍ റെഡ്ഡിയും തിളങ്ങി. താരം 34 റണ്‍സ് കണ്ടെത്തി.
കളി നിര്‍ത്തുമ്പോള്‍ 5 റണ്‍സുമായി തനുഷ് കൊടിയാനും 1 റണ്‍സുമായി അന്‍ഷുല്‍ കാംബോജുമാണ് ക്രീസില്‍. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 17 റണ്‍സിലും ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ 11 റണ്‍സുമായും മടങ്ങി.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലുള്ള ക്രിസ് വോക്‌സ് 3 വിക്കറ്റുമായി തിളങ്ങി. ജോര്‍ജ് ഹില്‍ രണ്ട് വിക്കറ്റും ഫര്‍ഹാന്‍ അഹമദ് 1 വിക്കറ്റും വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ