
ലഖ്‌നൗ: മുന്‍ ഇന്ത്യന്‍ താരവും മികച്ച സ്പിന്നറുമായ പിയൂഷ് ചൗള (Piyush Chawla) സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നു താരം വ്യക്തമാക്കി. ഇന്ത്യയുടെ 2007 ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് നേട്ടങ്ങളില്‍ ചൗള പങ്കാളിയാണ്.
ഇന്ത്യക്കായി 25 ഏകദിന മത്സരങ്ങളും 7 ടി20 മത്സരങ്ങളും 3 ടെസ്റ്റും താരം കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 32 വിക്കറ്റുകള്‍. ടെസ്റ്റില്‍ ഏഴും ടി20യില്‍ 4ഉം വിക്കറ്റുകള്‍. 2012ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശ് താരമാണ്. 137 ഫസ്റ്റ ക്ലാസ് മത്സരങ്ങളില്‍ നിന്നു 5,480 റണ്‍സും 446 വിക്കറ്റുകളും നേടി.
ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി കളത്തിലെത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബ് (പഞ്ചാബ് കിങ്‌സ്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായും കളിച്ചു.
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായാണ് ചൗള വിലയിരുത്തപ്പെടുന്നത്. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തും പിയൂഷ് ചൗളയുണ്ട്. കെകെആറിനു രണ്ടാം ഐപിഎല്‍ കിരീടം സമ്മാനിക്കുന്നതില്‍ ചൗള നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ട്.
പിയൂഷ് ചൗളയുടെ വിരമിക്കല്‍ കുറിപ്പ്
രണ്ട് പതിറ്റാണ്ടിലേറെക്കാലം കളിക്കളത്തില്‍ ഉണ്ടായിരുന്നു. ഈ മനോഹരമായ കളിയോട് വിടപറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് വിജയ ടീമുകളുടെ ഭാഗമായി. ഈ അവിശ്വസനീയ യാത്രയിലെ ഓരോ നിമിഷവും അനുഗ്രഹിക്കപ്പെട്ടതാണ്. ഈ ഓര്‍മകള്‍ എന്റെ ഹൃദയത്തില്‍ എന്നും മായാതെ കിടക്കും.
എന്നില്‍ വിശ്വാസം അര്‍പ്പിച്ച ഐപിഎല്‍ ഫ്രാഞ്ചൈസികളായ പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരോട് ഹൃദയംഗമമായ നന്ദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്റെ കരിയറിലെ ഒരു പ്രത്യേക അധ്യായമാണ്. അതില്‍ കളിച്ച ഓരോ നിമിഷവും ഞാന്‍ വിലമതിച്ചിട്ടുണ്ട്.
എന്നെ ഒരു ക്രിക്കറ്റ് കളിക്കാരനായി വളര്‍ത്തിയതിനും രൂപപ്പെടുത്തിയതിനും എന്റെ പരിശീലകരായ ശ്രീ കെകെ. ഗൗതമിനും പരേതനായ ശ്രീ പങ്കജ് സരസ്വതിനും എന്റെ അഗാധമായ നന്ദി.
എന്റെ കുടുംബത്തിന്, എന്റെ എല്ലാ ഉയര്‍ച്ച താഴ്ചകളിലും നിങ്ങളുടെ അചഞ്ചലമായ പിന്തുണയാണ് എനിക്ക് കരുത്തായത്. എന്നെ വിശ്വസിച്ച എന്റെ പാതയ്ക്ക് വെളിച്ചം നല്‍കിയ പരേതനായ പിതാവിനെ സ്മരിക്കുന്നു. അദ്ദേഹമില്ലെങ്കില്‍ ഈ യാത്ര ഒരിക്കലും സാധ്യമാകുമായിരുന്നില്ല.
ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍ പരിണമിക്കാനും സ്വയം പ്രകടിപ്പിക്കാനുമുള്ള വേദിയും അവസരങ്ങളും നല്‍കിയതിന് ബിസിസിഐ, യുപിസിഎ (ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍), ജിസിഎ (ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍) എന്നിവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.
എല്ലാത്തരം അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റുകളില്‍ നിന്നു ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ന് ഞാന്‍ വളരെ വികാരാധീനനാണ്. ക്രീസില്‍ നിന്ന് ഞാന്‍ മാറി നിന്നാലും, ക്രിക്കറ്റ് എപ്പോഴും എന്റെ ഉള്ളില്‍ ജീവിക്കും. ഈ മനോഹരമായ കളിയുടെ ആത്മാവും പാഠങ്ങളും വഹിച്ചുകൊണ്ട് ഒരു പുതിയ യാത്ര ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- താരം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ