
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ഇന്ത്യ എ- ഇംഗ്ലണ്ട് ലയണ്‍സ് ചതുര്‍ദിന സന്നാഹ ടെസ്റ്റിലെ രണ്ടാം പോരാട്ടം ഇന്ന് മുതല്‍. ആദ്യ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. ആദ്യ പോരില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം തിളങ്ങി എന്നതാണ് ടീമിനു പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 3.30 മുതലാണ് പോരാട്ടം.
ഇടവേളയ്ക്ക് ശേഷം കെഎല്‍ രാഹുല്‍ (KL Rahul) ഇന്ത്യന്‍ റെഡ് ബോള്‍ ടീമില്‍ തിരിച്ചെത്തി. ഐപിഎല്ലില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്താണ് രാഹുല്‍ എത്തുന്നത്. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരം 13 മത്സരങ്ങളില്‍ നിന്നു 539 റണ്‍സ് സ്വന്തമാക്കിയിരുന്നു. സന്നാഹത്തില്‍ തിളങ്ങി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള അന്തിമ ഇലവനില്‍ ഇടംപിടിക്കുകയാണ് രാഹുല്‍ ലക്ഷ്യം വയ്ക്കുന്നത്.
രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടെസ്റ്റില്‍ നിന്നു വിരമിച്ച സാഹചര്യത്തില്‍ ടീമിലെ ഏറ്റവും പരിചയ സമ്പത്തുള്ള താരങ്ങളില്‍ ഒരാള്‍ രാഹുലാണ്. 58 ടെസ്റ്റുകളിലാണ് താരം ഇന്ത്യക്കായി കളിച്ചത്.
ആദ്യ സന്നാഹത്തില്‍ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയ കരുണ്‍ നായര്‍ ഫോം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ്. രണ്ടാം പോരിലും മികവ് പുലര്‍ത്തി ഇടവേളയ്ക്ക് ശേഷം സീനിയര്‍ ടീമില്‍ കളിക്കാനുള്ള അവസരം ഉറപ്പിക്കുകയാണ് താരവും ലക്ഷ്യം വയ്ക്കുന്നത്.
ആദ്യ സന്നാഹത്തില്‍ അവസരം ലഭിക്കാതിരുന്ന ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഇന്നിറങ്ങിയേക്കും. ആദ്യ മത്സരത്തില്‍ ഇല്ലാതിരുന്ന പേസര്‍ ആകാശ് ദീപിനും ഇന്ന് അവസരം കൊടുത്തേക്കും. ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ട വെറ്ററന്‍ പേസര്‍ ശാര്‍ദുല്‍ ഠാക്കൂറും ആദ്യ ടെസ്റ്റില്‍ അന്തിമ ഇലവനില്‍ സ്ഥാനം നേടാനുള്ള ഒരുക്കത്തിലാണ്. നിതീഷ് കുമാര്‍ റെഡ്ഡിയാണ് സ്ഥാനം മോഹിക്കുന്ന മറ്റൊരു പേസര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ