

സാന്റിയാഗോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വിജയം തുടര്‍ന്ന് നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റീന (Argentina). പുതിയ പരിശീലകനായി ഇറ്റാലിയന്‍ ഇതിഹാസം കാര്‍ലോ ആഞ്ചലോട്ടി വന്നിട്ടും ബ്രസീലിനു ജയമില്ല. അര്‍ജന്റീന മറുപടിയില്ലാത്ത ഒറ്റ ഗോളിനു ചിലിയെ വീഴ്ത്തിയപ്പോള്‍ ബ്രസീല്‍ ഇക്വഡോറുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
അര്‍ജന്റീന- ചിലി
ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി ദേശീയ ടീമിനായി ഇറങ്ങിയ പോരില്‍ ജൂലിയന്‍ അല്‍വാരസ് നേടിയ ഒറ്റ ഗോളിലാണ് അര്‍ജന്റീന ജയിച്ചു കയറിയത്. കളിയില്‍ പകരക്കാരനായാണ് മെസി കളിച്ചത്.
കളി തുടങ്ങി 15ാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. ലിയനാര്‍ഡോ ബലെര്‍ഡിയില്‍ നിന്നു തിയാഗോ അല്‍മാഡയിലെത്തിയ പന്തിനെ താരം അല്‍വാസരസിനു മറിക്കുകയായിരുന്നു. രണ്ട് ചിലിയന്‍ പ്രതിരോധക്കാരെ കബളിപ്പിച്ച് അല്‍വാസരസ് പന്ത് ചിലിയന്‍ ഗോള്‍ കീപ്പറേയും കബളിപ്പിച്ച് വലയിലാക്കി. പിന്നീട് ഗോളടിക്കാന്‍ അര്‍ജന്റീന ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. മറുഭാഗത്ത് ചിലിയും ആക്രമണം നടത്തിയെങ്കിലും അര്‍ജന്റീനയുടെ ഉറച്ച ഡിഫന്‍സ് അതിനു തടസമായി.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ തുടരെ അഞ്ചാം ജയമാണ് ലോക ചാംപ്യന്‍മാര്‍ കുറിച്ചത്. 15 കളിയില്‍ 11 ജയവുമായി 34 പോയിന്റോടെ അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഇക്വഡോര്‍- ബ്രസീല്‍
ബ്രസീല്‍ പരിശീലകനായുള്ള കാര്‍ലോ ആഞ്ചലോട്ടിയുടെ തുടക്കം സമനിലയോടെ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇക്വഡോറുമായി ബ്രസീല്‍ ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
പന്തടക്കത്തിലും പാസിങിലും ആക്രമണം നടത്തുന്നതിലും ലക്ഷ്യ സ്ഥാനത്തേക്ക് ഷോട്ടുതിര്‍ക്കുന്നതിലും തുടങ്ങി കളിയുടെ സമസ്ത മേഖലകളിലും ബ്രസീല്‍ പിന്നിലായിരുന്നു. ആധിപത്യം ഇക്വഡോറിനു തന്നെയായിരുന്നു. കളിയില്‍ ഗോള്‍ വഴങ്ങിയില്ലെന്നു മാത്രം ആശ്വസിക്കാനുള്ള വകയേ ബ്രസീലിനു ലഭിച്ചുള്ളു.
4-3-3 ശൈലിയിലാണ് ആദ്യ പോരില്‍ ആഞ്ചലോട്ടി ടീമിനെ വിന്ന്യസിച്ചത്. ഇടവേളയ്ക്കു ശേഷം കാസെമിറോ ബ്രസീല്‍ മധ്യനിരയുടെ നിയന്ത്രണം ഏറ്റെടുത്തു. യൂറോപ്പിലെ വമ്പന്‍ ടീമുകളില്‍ കളിക്കുന്ന താരങ്ങളെയെല്ലാം ആഞ്ചലോട്ടി ആദ്യ ഇലവനില്‍ ഇറക്കി. പക്ഷേ അതിന്റെ ആധിപത്യമൊന്നും കളത്തില്‍ കണ്ടില്ല.
വിനിഷ്യസ് ജൂനിയര്‍, റിച്ചാര്‍ലിസന്‍, എസ്റ്റേവോ എന്നിവരായിരുന്നു മുന്നേറ്റത്തില്‍. മധ്യനിരയില്‍ കാസമിറോയും പ്രതിരോധത്തില്‍ മാര്‍ക്വിനോസും ഗോള്‍ വല കാക്കാന്‍ അലിസനും എത്തി. ആര്‍ക്കും കളത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ പക്ഷേ കഴിഞ്ഞില്ല. മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ബ്രസീല്‍ അടിച്ചത്. അതില്‍ തന്നെ രണ്ടെണ്ണം മാത്രമായിരുന്നു ലക്ഷ്യത്തിലേക്ക് തൊടുത്തത്. അതൊന്നും പക്ഷേ ഗോളായതുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
