

ഇന്ത്യന്‍ ക്ലാസിക്ക് ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ് മികവിനെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ഏകദിന നായകന്‍ രോഹിത് ശര്‍മ (Rohit Sharma). പൂജാരയുടെ ഭാര്യ പൂജയുടെ 'ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്‌സ് വൈഫ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവേ ആഭ്യന്തര ക്രിക്കറ്റ് ദിനങ്ങള്‍ ഓര്‍മിച്ചാണ് രോഹിതിന്റെ പ്രശംസ. താനും മുംബൈയിലെ സഹ താരങ്ങളും അക്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ചായിരുന്നുവെന്നു അദ്ദേഹം ചടങ്ങില്‍ സംസാരിക്കവേ ഓര്‍മിച്ചു. രണ്ട്, മൂന്ന് ദിവസം ഉറച്ചു നിന്നു ബാറ്റ് ചെയ്യാനുള്ള പൂജാരയുടെ മികവിനെക്കുറിച്ചായിരുന്നു രോഹിതിന്റെ പരാമര്‍ശം.
'എനിക്കിപ്പോഴും ഓര്‍മയുണ്ട്. ടീം മീറ്റിങുകളില്‍ അദ്ദേഹത്തെ എങ്ങനെ ഔട്ടാക്കാം എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ചര്‍ച്ചകള്‍. പൂജാരയെ പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ കളി തോൽക്കും. പൂജാര ക്രീസില്‍ നില്‍ക്കുമ്പോള്‍ രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി വെയിലത്ത് ഫീല്‍ഡ് ചെയ്യേണ്ടി വരുമായിരുന്നു ഞങ്ങള്‍ക്ക്. അപ്പോള്‍ എന്റെ ശരീരത്തിന്റെ നിറമൊക്കെ ചിലപ്പോള്‍ മാറുന്നത് കണ്ട് അമ്മ വിഷമിക്കാറുണ്ടായിരുന്നു.'
'ടീമിനായി കളിക്കാന്‍ വീട്ടില്‍ നിന്നു പോകുമ്പോഴുള്ള അവസ്ഥയായിരിക്കില്ല പത്ത് ദിവസമൊക്കെ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഉണ്ടാകുക. അക്കാലത്ത് അമ്മ എന്നോടു രണ്ട് മൂന്ന് തവണ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ ഞാന്‍ പൂജാരയെ കുറിച്ച് അമ്മയോടു പറയാറുണ്ട്. ചേതേശ്വര്‍ പൂജാര എന്നൊരു ബാറ്റ്‌സ്മാനുണ്ട് അമ്മേ. എന്തു ചെയ്യാന്‍ പറ്റും, അദ്ദേഹം മൂന്ന് ദിവസമാണ് തുടര്‍ച്ചയായി ബാറ്റ് ചെയ്തുകൊണ്ടിരുന്നത് എന്നു മറുപടിയും പറഞ്ഞു. അക്കാലത്താണ് ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധിച്ചിട്ടുള്ളത്.'
കരിയറിന്റെ തുടക്കത്തില്‍ കാല്‍മുട്ടുകള്‍ക്കു രണ്ടിനും പരിക്കേറ്റിട്ടും പിന്നീട് 100നു മുകളില്‍ ടെസ്റ്റുകള്‍ കളിച്ച പൂജാരയെ രോഹിത് അഭിനന്ദിച്ചു.
'ഗുരുതരമായ പരിക്കായിരുന്നു അന്നു സംഭവിച്ചത്. ഒരു ക്രിക്കറ്റ് താരത്തെയും അത്‌ലറ്റിനേയും സംബന്ധിച്ച് അത്തരം പരിക്കുകള്‍ വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതാണ്. കായിക താരമല്ലെങ്കില്‍ അത്ര പ്രശ്‌നമുണ്ടാകില്ല. എന്നിട്ടും 100നു മുകളില്‍ ടെസ്റ്റ് മത്സരങ്ങള്‍ അദ്ദേഹം കളിച്ചു. അതു കൈകാര്യം ചെയ്ത രീതി പ്രശംസ അര്‍ഹിക്കുന്നതാണ്. ക്രിക്കറ്റിനായി സമര്‍പ്പിച്ച ജീവിതമാണ് പൂജാരയുടേത്. വല്ലാത്ത അഭിനിവേശത്തോടെയാണ് അദ്ദേഹം കളിച്ചത്'- രോഹിത് വ്യക്തമാക്കി.
ഇന്ത്യക്കായി 103 ടെസ്റ്റുകളാണ് പൂജാര കളിച്ചത്. 7195 റണ്‍സ് നേടി. 206 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 19 സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 5 ഏകദിനങ്ങളും ഇന്ത്യക്കായി കളിച്ചു.
നിലവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സൗരാഷ്ട്രയുടെ താരമാണ് പൂജാര. രണ്ട് വര്‍ഷം മുന്‍പാണ് അദ്ദേഹം അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്. ഇംഗ്ലീഷ് കൗണ്ടിയില്‍ വിവിധ ടീമുകള്‍ക്കായും പൂജാര കളിച്ചിട്ടുണ്ട്. നോട്ടിങ്ഹാംഷെയര്‍, ഡെര്‍ബിഷെയര്‍, സസക്‌സ്, യോര്‍ക്ഷെയര്‍ ടീമുകള്‍ക്കായി കൗണ്ടിയില്‍ കളിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates