
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എംപിമാരുടെ സംഘങ്ങള്‍ വിദേശ പര്യടനം പൂര്‍ത്തിയാത്തി. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം (Shashi Tharoor led delegation) പൂര്‍ത്തിയാക്കി നാളെ ഇന്ത്യയില്‍ എത്തും. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പ്രതികരണവും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. എക്‌സില്‍ ഹിന്ദിയില്‍ പങ്കുവച്ച പോസ്റ്റില്‍ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയം തുറന്നു കാട്ടാന്‍ കഴിഞ്ഞെന്നും തരൂര്‍ വിശദീകരിക്കുന്നു.
പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം ബോധ്യപ്പെടുത്താന്‍ സന്ദര്‍ശനം കൊണ്ട് സാധിച്ചു. ലോകത്തിന് ഇപ്പോള്‍ സത്യം അറിയാം എന്നും തരൂര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. 'നൂറു തവണ ജനിച്ചാലും നൂറു തവണയും അത് ചെയ്യും; എന്റെ രാജ്യത്തെ ഞാന്‍ ഹൃദയം തുറന്ന് സ്‌നേഹിക്കും; മാതൃരാജ്യത്തിനായി കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു, ലോകം മുഴുവന്‍ ഇപ്പോള്‍ സത്യം അറിയുന്നു. ഞങ്ങള്‍ അഹിംസയെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യത്തും വിദേശത്തുമുള്ള രാജ്യ സ്‌നേഹികള്‍ക്കും എന്റെയും അംഗങ്ങളുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ജയ് ഹിന്ദ്! - എന്നാണ് തരൂരിന്റെ കുറിപ്പ്.
യുഎസ് സന്ദര്‍ശനത്തോടെയാണ് തരൂരിന്റെ സംഘം ദൗത്യം അവസാനിപ്പിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ്റ്റഫര്‍ ലാന്‍ഡൗ എന്നിവരുമായി രാഷ്ട്രീയ, നയതന്ത്ര നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ സര്‍വകക്ഷി സംഘത്തെ നിയോഗിച്ചപ്പോള്‍ ശശി തരൂരിന്റെ പേരുള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കോണ്‍ഗ്രസിന് ഉള്ളില്‍ വലിയ എതിര്‍പ്പ് ആയിരുന്നു നടപടിക്ക് എതിരെ ഉയര്‍ന്നത്. വിദേശ രാജ്യങ്ങളില്‍ തരൂര്‍ നടത്തിയ പ്രതികരണങ്ങളെ കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തരൂര്‍ ബിജെപി നേതാക്കളേക്കാല്‍ വലിയ ബിജെപി വക്താവായെന്നുള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ആണ് ഉയര്‍ന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ