

വാഷിങ്ടണ്‍: പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തില്‍ ആരോടും മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശശി തരൂര്‍ എംപി ( Shashi Tharoor ) . സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍ക്കും ഇന്ത്യയോട് ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും, അങ്ങനെ ആരും വരേണ്ടെന്നും തരൂര്‍ വാഷിങ്ടണില്‍ പറഞ്ഞു. ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക മധ്യസ്ഥം വഹിച്ചുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയാണ്, ഈ അവകാശവാദം തള്ളി തരൂര്‍ രംഗത്തു വന്നത്.
അമേരിക്കയില്‍ നാഷണല്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിവരിക്കാനായി കേന്ദ്രസര്‍ക്കാര്‍ അയച്ച അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ സര്‍വകക്ഷി സംഘത്തിന്റെ തലവനാണ് തരൂര്‍. നമ്മുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടുമ്പോള്‍, പാകിസ്ഥാനുമായി ഒരു ചര്‍ച്ചയും സാധ്യമല്ല. പാകിസ്ഥാന്‍ സ്വന്തം മണ്ണിലെ ഭീകര പ്രവര്‍ത്തനങ്ങൾ അവസാനിപ്പിച്ചെങ്കിൽ ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ച നടപടി വീണ്ടും ആവര്‍ത്തിക്കുമെന്ന് തരൂര്‍ മുന്നറിയിപ്പ് നല്‍കി.
നരേന്ദ്രാ, കീഴടങ്ങുക എന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെയും തരൂര്‍ പരോക്ഷമായി തള്ളി. അമേരിക്കന്‍ പ്രസിഡന്റിനോട് ബഹുമാനം മാത്രമേ ഉള്ളൂ. അങ്ങനെയൊരു ബന്ധമാണ് ഇന്ത്യ അമേരിക്കയുമായി പുലര്‍ത്തുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടക്കം ആരോടും വിഷയത്തില്‍ ഇടപെടാനോ മധ്യസ്ഥത വഹിക്കാനോ ആവശ്യപ്പെട്ടിട്ടില്ല. പാകിസ്ഥാനോട് സംസാരിക്കാന്‍ ഭാഷ ഒരു തടസമല്ല. ഭീകരതയുടെ ഭാഷയില്‍ പാകിസ്ഥാന്‍ സംസാരിച്ചാല്‍ സൈന്യത്തിന്റെ ഭാഷയില്‍ ഇന്ത്യ മറുപടി നല്‍കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
'തലയ്ക്ക് നേരെ തോക്ക് ചൂണ്ടിക്കൊണ്ടുള്ള ചര്‍ച്ചകള്‍ സാധ്യമാകില്ല' എന്ന ഇന്ത്യന്‍ നിലപാട് അമേരിക്ക മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് താന്‍ കരുതുന്നത്. പാകിസ്ഥാന് സംസാരിക്കാന്‍ കഴിയുന്ന എല്ലാ ഭാഷകളും ഇന്ത്യയ്ക്കും സംസാരിക്കാന്‍ കഴിയും. ആ ഭാഷകളില്‍ ഏതിലെങ്കിലും പാകിസ്ഥാനുമായി സംസാരിക്കാന്‍ വളരെ സന്തോഷമുണ്ട്. നമ്മുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടുന്ന ആളുകളുമായി നമ്മള്‍ സംഭാഷണം നടത്തില്ല എന്നതാണ് പ്രശ്‌നം. ഇന്ത്യയുമായി സാധാരണ ബന്ധം പുനഃസ്ഥാപിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഭീകരതയുടെ അടിവേരറുക്കാന്‍ നടപടി സ്വീകരിക്കണം. അത്തരത്തില്‍ ഗൗരമതരമായ നടപടികള്‍ സ്വീകരിച്ചാല്‍ പാകിസ്ഥാനുമായി, ഒരു ഇടനിലക്കാരന്റെയും ആവശ്യമില്ലാതെ ഇന്ത്യയ്ക്ക് സംസാരിക്കാവുന്നതേയുള്ളൂവെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എംപിമാരായ സര്‍ഫറാസ് അഹമ്മദ്, ഗന്തി ഹരീഷ് മധുര്‍ ബാലയോഗി, ശശാങ്ക് മണി ത്രിപാഠി, ഭുവനേശ്വര്‍ കലിത, മിലിന്ദ് ദിയോറ, തേജസ്വി സൂര്യ, യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സന്ധു എന്നിവരാണ് തരൂര്‍ നയിക്കുന്ന സംഘത്തിലുള്ളത്. മെയ് 24 ന് ന്യൂയോര്‍ക്കില്‍ എത്തിയ സംഘം, പിന്നീട് ഗയാന, പനാമ, കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് വാഷിങ്ടണിലെത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തെയും ഓപ്പറേഷന്‍ സിന്ദൂരിനെയും കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അറിയിക്കാനുള്ള പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു സംഘത്തിന്റെ വിദേശരാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനം.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച 'സംഗതന്‍ ശ്രിജന്‍ അഭിയാന്‍' കാമ്പയിനില്‍ സംസാരിക്കവെയാണ് ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടെന്ന ആരോപണം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചത്. 'ബിജെപിയെയും ആര്‍എസ്എസിനെയും നന്നായി അറിയാം. അവരുടെ മേല്‍ അല്‍പം സമ്മര്‍ദ്ദം ചെലുത്തുകയോ ചെറിയ തള്ള് കൊടുക്കുകയോ ചെയ്താല്‍ അവര്‍ ഭയന്നോടും. ട്രംപ് ഇതിന്റെ ഒരു സിഗ്‌നല്‍ നല്‍കിയിട്ടുണ്ട്. ഫോണ്‍ എടുത്ത്, 'മോദി ജി, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? നരേന്ദ്രാ, കീഴടങ്ങുക' എന്ന് പറഞ്ഞു. 'ശരി, സര്‍' എന്ന് പറഞ്ഞ് മോദി ട്രംപിന്റെ നിര്‍ദേശം അനുസരിച്ചു' എന്നാണ് രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates