
പട്ന: "വ്യാജ പൊലീസ് സ്റ്റേഷൻ" ( fake police station ) സ്ഥാപിച്ച് ബിഹാറില്‍ വന്‍ തട്ടിപ്പ്. പുർണിയ ജില്ലയിലാണ് ഒരു വര്‍ഷമായി വ്യാജ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചുവന്നത്. മോഹനി ഗ്രാമത്തിൽ ഒരു വർഷം മുൻപ് സ്ഥാപിച്ച പൊലീസ് സ്റ്റേഷൻ രാഹുൽ കുമാർ സാഹ എന്ന തട്ടിപ്പുകാരനാണ് പ്രവർത്തിപ്പിച്ചു വന്നത്.
ഗ്രാമത്തിലെ സാധാരണക്കാരായ യുവാക്കളിൽ നിന്ന് 2500 മുതൽ 5000 രൂപ വരെ വാങ്ങി ആയിരുന്നു ഇയാൾ സ്റ്റേഷനിലെ കോൺസ്റ്റബിൾ അടക്കമുള്ള പോസ്റ്റുകളിലേക്ക് നിയമനം നൽകിയിരുന്നത്. സർക്കാർ നിയോഗിച്ച ആളാണ് താൻ എന്ന വ്യാജേന ആയിരുന്നു ഇയാൾ യുവാക്കളെ സമീപിച്ചത്. പൊലീസ് യൂണിഫോമും വ്യാജ ഐഡി കാർഡും ഇയാൾ യുവാക്കൾക്ക് നൽകി.
പിന്നീട് വാഹന പരിശോധനക്കും വിവിധ റെയ്‌ഡുകൾക്കും ഇയാൾ യുവാക്കളെ ഉപയോഗിച്ചു. നിയമംലംഘനത്തിന് ചുമത്തുന്ന പിഴയിൽ പകുതി ഇവർക്ക് നൽകുകയും ബാക്കി വരുന്ന തുക സർക്കാരിലേക്ക് അടയ്ക്കുന്നു എന്നുമാണ് തട്ടിപ്പുകാരൻ പറഞ്ഞിരുന്നത്. സിഎൻജി ഓട്ടോകളിൽ ആയിരുന്നു വ്യാജ പൊലീസ് സംഘം റെയ്ഡുകൾക്ക് പോയിരുന്നത്. മദ്യ കടത്ത് നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്ന സംഘം കൈക്കൂലി ലഭിച്ച ശേഷം വിട്ട് കൊടുക്കുന്നത് ആയിരുന്നു രീതി. അടുത്തിടെ ഈ സ്റ്റേഷനിൽ റിപ്പബ്ലിക്ക് ഡേ പരേഡ് സംഘടിപ്പിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആളുകളെ ആദരിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ തന്നെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ആളുകളുടെ വിശ്വാസം വർധിപ്പിച്ചു.
പിന്നീട് ഗ്രാമത്തിലെ ചില ആളുകൾക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്ത് കൊണ്ട് വന്നത്. അപ്പോഴേക്കും മുഖ്യ പ്രതിയായായ രാഹുൽ കുമാർ സാഹ സ്ഥലം വിട്ടിരുന്നു. ഗ്രാമത്തലവന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഈ തട്ടിപ്പ് നടന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ കേസെടുത്തു അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് വർധിച്ചു വരുന്ന തൊഴിൽ ഇല്ലായ്മ ചൂഷണം ചെയ്തു നടക്കുന്ന ഇത്തരം തട്ടിപ്പിൽ സർക്കാർ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ