

ന്യൂഡല്‍ഹി: നാടുകടത്തുന്നതിന് മുന്‍പായി ന്യൂജഴ്‌സിയലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി (Indian student) ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ടത് അതിക്രൂര പീഡനം. ഇന്ത്യന്‍ - അമേരിക്കന്‍ സംരഭകനായ കുനാല്‍ ജെയ്‌നാണ് ഈ വിഷയം പൊതുജനശ്രദ്ധയില്‍പ്പെടുത്തിയത്. തറയില്‍ മുഖം അമര്‍ത്തിപ്പിടിച്ച് യുവാവിനെ വിലങ്ങണിയിക്കുന്നതിന്റെ ദൃശ്യങ്ങളും കുനാല്‍ ജെയ്ന്‍ എക്‌സില്‍ പങ്കുവച്ചു. ജൂണ്‍ ഏഴിനായിരുന്നു സംഭവം
'വിമാനത്താവളത്തില്‍ വച്ച് നാടുകടത്തപ്പെട്ട ഒരു ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടു. കയ്യില്‍ വിലങ്ങുണ്ടായിരുന്നു. അവന്‍ കരയുകയായിരുന്നു, ക്രിമിനലിനോട് പെരുമാറുന്ന തരത്തിലാണ് അവര്‍ അവനോട് പെരുമാറിയത്. സ്വപ്നങ്ങളെ പിന്തുടര്‍ന്നാണ് അവനെത്തിയത്, അല്ലാതെ ആരെയും ഉപദ്രവിക്കാനല്ല. ഒരു എന്‍ആര്‍ഐ എന്ന നിലയില്‍ ഹൃദയം തകര്‍ന്നു. ഇതു മനുഷ്യദുരന്തമാണ്' ജെയിന്‍ എക്‌സില്‍ കുറിച്ചു. വിഷയത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമായ സഹായം വിദ്യാര്‍ഥിക്ക് ഒരുക്കണമെന്നും ജെയിന്‍ യുഎസിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു.
'സമീപത്തായി 50 പേരെങ്കിലും ഉണ്ടായിരുന്നു. എന്തെങ്കിലും പറയാന്‍ ആരും ധൈര്യപ്പെട്ടില്ല. ഹിന്ദി മനസ്സിലാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടായിരുന്നു. വിദ്യാര്‍ഥി സംസാരിച്ചിരുന്നത് ഹരിയാന ഭാഷയിലായിരുന്നു. വിദ്യാര്‍ഥി പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞെങ്കിലും അവര്‍ എന്നെ അനുവദിച്ചില്ല. കൂടുതല്‍ പൊലീസുകാരെ വിളിക്കുകയാണ് അവര്‍ ചെയ്തത്. വിദ്യാര്‍ഥിയെ വിമാനത്തിലും കയറ്റിയില്ല'' കുനാല്‍ ജെയിന്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ വിഷയത്തില്‍ ഇന്ത്യന്‍ എംബസി പ്രതികരിച്ചു. യുഎസിലെ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും എംബസി സമൂഹമാധ്യമത്തില്‍ കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates