
ഭോപ്പാൽ : ഹണിമൂണിനെത്തിയ ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയും ആൺ സുഹൃത്തും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഹണിമൂണിന് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ് രാത്രി 9 മണി മുതൽ അതി രാവിലെ 3 മണി വരെയുള്ള ആറ് മണിക്കൂർ ഭാര്യ സോനവും ആൺസുഹൃത്തായ രാജ് കുശ്വാഹയും തമ്മിൽ ഫോണിൽ സംസാരിച്ചു എന്ന കണ്ടെത്തലാണ് ഈ കേസിൽ നിർണായക വഴിത്തിരിവായത്. ഹണിമൂണിന് പോകേണ്ട സ്ഥലവും എങ്ങനെ കൊല്ലണം എന്നതടക്കമുള്ള കാര്യങ്ങൾ അന്ന് രാത്രി ഇരുവരും തമ്മിൽ ചർച്ച ചെയ്തു തീരുമാനിച്ചു.
അസം,മേഘാലയ എന്നീ സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ഉള്ള ടിക്കറ്റുകൾ പിറ്റേന്ന് തന്നെ സോനം ബുക്ക് ചെയ്തു. എന്നാൽ മടക്ക യാത്രക്കുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നില്ല. കല്യാണത്തിന് ശേഷം പെട്ടെന്നുള്ള ഹണിമൂണിന് ഭർത്താവ് രാജയ്ക്ക് താല്പര്യമില്ലായിരുന്നു. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അയാൾ യാത്രക്ക് സമ്മതിച്ചത്. വിലപിടിപ്പുള്ള സ്വർണവും മറ്റു ആഭരണങ്ങളും അണിയണമെന്ന് ഭാര്യയുടെ ആവശ്യവും ഭർത്താവായ രാജ രഘുവംശി സമ്മതിച്ചു. പക്ഷെ ആ യാത്ര ചതി നിറഞ്ഞതാണെന്ന് അയാൾക്ക് മനസിലായില്ല. ഒടുവിൽ ഭർത്താവിനെ വെട്ടികൊലപ്പെടുത്തുന്നത് സോനം നോക്കി നിന്ന് എന്നാണ് റിപ്പോർട്ടുകൾ.
യാത്രയുടെ കൃത്യമായ വിവരങ്ങൾ രാജ് കുശ്വാഹയ്ക്ക് സോനം നൽകി കൊണ്ടിരുന്നു. മേഘാലയയിൽ ദമ്പതികൾ എത്തിയതിനു പിന്നാലെ ആൺസുഹൃത്തും ക്വട്ടേഷൻ നൽകിയ സംഘത്തിലെ മൂന്ന് പേരും ട്രെയിനിൽ ഗുവാഹത്തിയിലെത്തി. തുടർന്ന് അവിടെ നിന്ന് കൊലപാതകം നടത്താനുള്ള ആയുധം വാങ്ങിയ ശേഷം മേഘാലയയിൽ എത്തി. ഒരു കാട്ടിൽ ട്രക്കിങ് നടത്താൻ പോകുന്ന വിവരം ക്വട്ടേഷന് ടീമിനെ സോനം അറിയിച്ചു. സ്ഥലത്ത് എത്തിയ സംഘം ഭർത്താവായ രാജ രഘുവംശിയെ കാട്ടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം കാട്ടിൽ ഉപേക്ഷിക്കുന്നത് സോനം നോക്കി നിന്നു. എന്നാൽ കൊലപാതകം നടന്ന സ്ഥലത്തിന് സമീപം ആൺസുഹൃത്ത് രാജയ്ക്കും മൂന്ന് അക്രമികൾക്കും പിന്നിൽ സോനം നടക്കുന്നത് കണ്ടതായി ഒരു പ്രാദേശിക ഗൈഡ് പൊലിസിനു മൊഴി നൽകിയതാണ് ഈ കേസിൽ നിർണ്ണായക വഴിത്തിരിവ് ആയത്. പിന്നീട് മേഘാലയ മധ്യപ്രദേശ് പൊലീസുകൾ സംയുക്തമായി കേസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകം നടന്ന സമയം താൻ മറ്റൊരിടത്തായിരുന്നു എന്ന് സ്ഥാപിക്കാനായി പ്രതി, സോനത്തിന്റെ കുടുംബത്തോടൊപ്പം നിന്ന് കൊണ്ട് പൊലീസിൽ ദമ്പതികളെ കാണാൻ ഇല്ല എന്ന പരാതി നൽകുകയും ചെയ്തു. ദമ്പതികളെ തിരഞ്ഞ് പൊലീസ് മേഘാലയിലെത്തിയപ്പോഴും രാജ് കുശ്വാഹ ഇൻഡോറിൽ തന്നെ ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സോനത്തിന്റെ വീട്ടിലെത്തിയപ്പോഴും രാജ് അവിടെയുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഏറ്റവും ഒടുവിൽ രാജ രഘുവംശിയുടെ മരണാന്തര ചടങ്ങുകളിൽ പോലും പ്രതി പങ്കെടുത്തു. ഇതിലൂടെ പൊലിസ് തന്നിലേക്ക് എത്തില്ല എന്ന് ആൺസുഹൃത്ത് രാജ് കണക്ക് കൂട്ടി. എന്നാൽ സോനത്തിന്റെ ഫോൺ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ആൺ സുഹൃത്തുമായി ഉള്ള ബന്ധം പൊലിസ് കണ്ടെത്തിയത്. മെയ് 16ന് രാത്രി 9 മണി മുതൽ അതി രാവിലെ 3 മണി വരെ ഇരുവരും തമ്മിൽ ഫോണിൽ സംസാരിച്ചതായും കണ്ടെത്തി. തുടർന്ന് പൊലിസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുക ആയിരുന്നു.
സോനത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് നിർമ്മാണ യൂണിറ്റിലെ എച്ച്ആർ വിഭാഗത്തിൽ ആയിരുന്നു രാജ് കുശ്വാഹ ജോലി ചെയ്തിരുന്നത്. തുടർന്നാണ് ഇരുവരും പ്രണയത്തിലായതെന്ന് റിപ്പോർട്ടിൽ പറയുന്നു. കുശ്വാഹ സോനത്തിന്റെ കുടുംബത്തിനടുത്താണ് താമസിച്ചിരുന്നത്. സോനത്തിന്റെ വിവാഹത്തോടെ രാജ് കുശ്വാഹ നന്ദ്ബാഗ് എന്ന പ്രദേശത്തേക്ക് താമസം മാറി. കൊലപാതകം നടത്തിയ മൂന്ന് പ്രതികളായ വിശാൽ ചൗഹാൻ, ആകാശ് രജ്പുത്, ആനന്ദ് കുർമി എന്നിവരും ഈ പ്രദേശത്താണ് താമസിക്കുന്നത്. ഇവിടെ വെച്ചാണ് സംഘം കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയത് എന്നാണ് വിവരം.
മെയ് 11 ഇൻഡോറിൽ വെച്ചാണ് രാജ രഘുവംശിയും സോനവും വിവാഹിതരായത്. മെയ് 20 ദമ്പതികൾ ഹണിമൂണിനായി ഷില്ലോങ്ങിലേക്ക് പോയി. മെയ് 21 ന് ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തിനെയും മെയ് 23നാണ് കാണാതാവുന്നത് പിന്നീട് ജൂൺ 2 ന് ഭർത്താവിന്റെ മൃതദേഹം ഒരു മലയിടുക്കിൽ കണ്ടെത്തി. വാടകയ്‌ക്കെടുത്ത സ്‌കൂട്ടർ മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു. കാണാതായി 17 ദിവസങ്ങൾക്ക് ശേഷമാണ് സോനത്തിനെ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ നന്ദ്ഗഞ്ച് പ്രദേശത്ത് നിന്നും പൊലീസ് കണ്ടെത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ