Raja Raghuvanshi, Sonam
Raja Raghuvanshi, Sonamx

ഹണിമൂണ്‍ യാത്രയ്ക്കിടെ നവവരന്‍ മേഘാലയയില്‍ കൊല്ലപ്പെട്ട കേസ്: കാണാതായ നവവധു അടക്കം നാലുപേര്‍ അറസ്റ്റില്‍

സോനം രഘുവംശിയെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
Published on

ഷില്ലോങ്ങ്: മധുവിധു യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ നവവരന്‍ രാജ രഘുവംശി ( 29 ) ( Raja Raghuvanshi ) മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അടക്കം നാലുപേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോനം രഘുവംശി (24) ( Sonam Raghuvanshi ) യെ ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലെ കൂട്ടുപ്രതികളായ, മധ്യപ്രദേശ് സ്വദേശികളായ മൂന്നുപേരെയും അറസ്റ്റ് മേഘാലയ പൊലീസും അറസ്റ്റ് ചെയ്തു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയാണ് ഇക്കാര്യം അറിയിച്ചത്.

രാജ രഘുവംശിയെ കാണാതായ കേസില്‍ ഏഴു ദിവസത്തിനകം നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നു. കാണാതായ രാജയുടെ ഭാര്യ സോനം കീഴടങ്ങി. മറ്റ് മൂന്നു പ്രതികളെ മേഘാലയ പൊലീസ് അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ എക്‌സിലൂടെ അറിയിച്ചു.

സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായി മേഘാലയ പൊലീസ് പറഞ്ഞു. ഗാസിപൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു സോനം. വാരണാസി - ഗാസിപൂര്‍ മെയിന്‍ റോഡിലെ കാശി ധാബയിലാണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്. സദര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഗാസിപൂരിലെ വണ്‍സ്റ്റോപ് സെന്ററിലേക്ക് മാറ്റിയതായി യുപി എഡിജിപി അമിതാഭ് യാഷ് അറിയിച്ചു.

മേയ് 11നായിരുന്നു രാജ രഘുവംശിയുടേയും സോനത്തിന്റേയും വിവാഹം. ഹണിമൂണ്‍ യാത്രയുടെ ഭാഗമായി മേഘാലയയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്പതികളെ കാണാതായി 11 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ രണ്ടിന് സൊഹ്റയിലെ വീസവ്ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. മേഘാലയ പൊലീസ് കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് യുവാവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com