

അഹമ്മദാബാദ്: 242 യാത്രക്കാരുമായി ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം (Air India Flight)തകര്‍ന്നുവീണു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ടേക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. എയര്‍ ഇന്ത്യ 171 ഡ്രീം ലൈനര്‍ വിമാനമാണ് തകര്‍ന്നത്.
സംഭവസ്ഥലത്ത് വൻ തോതിൽ പുക ഉയരുന്നുണ്ട്. പതിനഞ്ചോളം ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉച്ചയ്ക്ക് 1.10നായിരുന്നു വിമാനം അഹമദാബാദിൽ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടം ഉണ്ടായതായാണ് വിവരം. അപകടം നടന്നത് ജനവാസമേഖലയിലാണ് എന്നതും അപകടത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. ഇതേതുടര്‍ന്ന് പ്രദേശത്തെ റോഡുകള്‍ അടച്ചു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂം അംഗങ്ങളുമാണ് ഉള്ളതെന്ന് ഡിജിസിഎ അറിയിച്ചു
യാത്രക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പടെ പ്രധാനമന്ത്രിയുടെ ഓഫീസ് തേടി.വ്യോമയാന മന്ത്രി അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. പരിക്കേറ്റയാളെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു. ടഞങ്ങള്‍ അതീവ ജാഗ്രതയിലാണ്. സ്ഥിതിഗതികള്‍ ഞാന്‍ നേരിട്ട് നിരീക്ഷിക്കുകയും സാധ്യമായ നടപടികള്‍ അതിവേഗം എടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്, വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ വിളിച്ച് അമിത് ഷാ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോട് ഫോണിൽ വിവരങ്ങള്‍ വിലയിരുത്തി.അഹമ്മദാബാദ് പൊലീസ് കമ്മിഷണറുമായി അമിത് ഷാ ആശയവിനിമയം നടത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates