യാത്ര മുടങ്ങി, പകരം നല്‍കിയത് തെറ്റായ ടിക്കറ്റ്, യാത്രക്കാരന് 'മാനസിക വിഷമം'; വിമാനക്കമ്പനിക്ക് 30,000 രൂപ പിഴ

യാത്രക്കാരനുണ്ടായ മാനസിക വിഷമത്തിന് 25,000 രൂപയും കേസ് ചെലവിലേക്കായി 5,000 രൂപയും നഷ്ടപരിഹാരം നല്‍കണം എന്നാണ് ഉത്തരവ്.
SpiceJet asked to pay Rs 25,000 compensation to Passenger for issuing wrong ticket
SpiceJet asked to pay Rs 25,000 compensation to Passenger for issuing wrong ticketFile
Updated on
1 min read

മുംബൈ: സാങ്കേതിക കാരണങ്ങളാല്‍ യാത്ര മുടങ്ങി മാനസിക - സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ച മുതിർന്ന പൗരനായ യാത്രക്കാരന് വിമാന കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. 2020 ല്‍ ഉണ്ടായ സംഭവത്തിലാണ് സ്പൈസ് ജെറ്റിന് മുംബൈ (സബര്‍ബന്‍) ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പിഴ വിധിച്ചത്. യാത്രക്കാരനുണ്ടായ മാനസിക വിഷമത്തിന് 25,000 രൂപയും കേസ് ചെലവിലേക്കായി 5,000 രൂപയും നഷ്ടപരിഹാരം നല്‍കണം എന്നാണ് ഉത്തരവ്. സേവനത്തില്‍ വിമാനക്കമ്പനി വീഴ്ച വരുത്തിയെന്നും അശ്രദ്ധമായി വിഷയം കൈകാര്യം ചെയ്‌തെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

മുംബൈ സ്വദേശിയായ പരാതിക്കാന്‍ മുംബൈയില്‍ നിന്ന് ദര്‍ഭംഗയിലേക്ക് യാത്ര പോയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരന്‍ മുംബൈയില്‍ നിന്ന് ദര്‍ഭംഗയിലേക്കും രണ്ട് ദിവസത്തിനുശേഷം തിരിച്ചുമുള്ള യാത്രയ്ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. ദര്‍ഭംഗയില്‍ നിശ്ചയിച്ച പ്രകാരം എത്തിയെങ്കിലും മടക്കയാത്ര മുടങ്ങുകയായിരുന്നു. മോശം കാലാവസ്ഥ കാരണം വിമാനം റദ്ദാക്കുകയായിരുന്നു.

പകരം സംവിധാനമായി ബദല്‍ ടിക്കറ്റും കമ്പനി നല്‍കി. പട്നയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്കും എത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാല്‍ കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്കുള്ള കണക്ഷന്‍ വിമാനം യാത്രികന്‍ കൊല്‍ക്കത്തയില്‍ എത്തുന്നതിന് മുമ്പേ പുറപ്പെടുന്ന രീതിയിലായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഇതോടെ സ്വന്തം നിലയില്‍ ടിക്കറ്റെടുത്ത് യാത്രക്കാരന് മടങ്ങേണ്ടിയും വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യാത്രക്കാരന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്. ടിക്കറ്റ് തുകയായ 14,577 രൂപയും മാനസിക വിഷമത്തിന് നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കേസ് ചെലവിനായി 25,000 രൂപയും ആവശ്യപ്പെട്ടായിരുന്നു പരാതിക്കാരന്‍ നിയമ നടപടി സ്വീകരിച്ചത്.

വിമാനം റദ്ദാക്കിയത് അപ്രതീക്ഷിത സാഹചര്യം മൂലമാണെന്നായിരുന്നു സ്‌പൈസ് ജെറ്റ് അറിയിച്ചത്. ബദല്‍ വിമാനടിക്കറ്റ് ലഭ്യമാക്കിയിരുന്നുവെന്നും മുഴുവന്‍ ടിക്കറ്റ് തുകയും പരാതിക്കാരന്റെ ബുക്കിങ് ഏജന്‍സി വഴി തിരികെ നല്‍കിയിരുന്നുവെന്നും എയര്‍ലൈന്‍ ബോധിപ്പിച്ചു. എന്നാല്‍ സ്‌പൈസ് ജെറ്റ് നല്‍കിയ ബദല്‍ ടിക്കറ്റ് യാത്രയ്ക്ക് ഉപരിക്കുന്നതല്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തെറ്റായ ടിക്കറ്റ് നല്‍കിയതിനാല്‍ പരാതിക്കാരന് 'സാമ്പത്തികമായും മാനസികമായും' ബുദ്ധിമുട്ടുണ്ടായെന്ന് വിലയിരുത്തി പിഴ ചുമത്തുകയായിരുന്നു.

Summary

District Consumer Disputes Redressal Commission, Mumbai (Suburban) directed the SpiceJet to pay a compensation of Rs 25,000 to the passenger.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com