
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മോദിയുടെ ഊര്‍ജ്ജസ്വലത, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് പ്രധാന നേട്ടമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. മോദി കൂടുതല്‍ പിന്തുണ അര്‍ഹിക്കുന്നുണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഭിന്നത തുടരുന്നതിനിടെയാണ് തരൂരിന്റെ പുതിയ പരാമര്‍ശം.
ഒരു ഇംഗ്ലീഷ് മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് തരൂര്‍ മോദിയെ പ്രകീര്‍ത്തിക്കുന്നത്. 'ഓപ്പറേഷന്‍ സിന്ദൂറിന്' ശേഷമുള്ള നയതന്ത്ര ഇടപെടല്‍ ദേശീയമായ നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റെയും നിമിഷമായിരുന്നു. മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപെടല്‍ തുടങ്ങിയവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് ഒരു പ്രധാന ആസ്തിയായി തുടരുന്നു. ഒന്നിച്ചു നിന്നാല്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വേദികളില്‍ വ്യക്തതയോടും ബോധ്യത്തോടും കൂടി ശബ്ദം ഉയര്‍ത്താന്‍ കഴിയുമെന്ന് ഇത് ബോധ്യപ്പെടുത്തിയെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.
2025 ഏപ്രില്‍ 22-ന് ഉണ്ടായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അനന്തരഫലങ്ങളും 'ഓപ്പറേഷന്‍ സിന്ദൂറി'ലൂടെ ഇന്ത്യയുടെ ശക്തമായ പ്രതികരണവും രാജ്യത്തിന്റെ വിദേശനയത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി എന്ന് തരൂര്‍ ലേഖനത്തില്‍ പറയുന്നു. സൈനിക നടപടി അനിവാര്യമായിരുന്നു. തുടര്‍ന്നുള്ള നയതന്ത്ര ഇടപെടലുകള്‍ ആഗോള ധാരണകളെ രൂപപ്പെടുത്തുന്നതിലും അന്താരാഷ്ട്ര പിന്തുണ ഏകീകരിക്കുന്നതിലും ഒരുപോലെ നിര്‍ണായകമായിരുന്നു. തരൂര്‍ കൂട്ടിച്ചേര്‍ത്തു.
ഐക്യത്തിന്റെ ശക്തി, വ്യക്തമായ ആശയവിനിമയത്തിന്റെ ഫലപ്രാപ്തി, മൃദുശക്തിയുടെ തന്ത്രപരമായ മൂല്യം, സുസ്ഥിരമായ പൊതു നയതന്ത്രത്തിന്റെ അനിവാര്യത എന്നിവ ഇത്തരം സങ്കീര്‍ണമായ ആഗോളപരിതസ്ഥിതിയില്‍ ഇന്ത്യയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങളായി വര്‍ത്തിക്കുമെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര രാഷ്ട്രീയഭിന്നതകള്‍ മാറ്റിവെച്ച്, ദേശസുരക്ഷ, ഭീകരതയെ നേരിടല്‍ എന്നിവയില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് തെളിയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം രാജ്യത്തിന്റെ നിലപാട് ലോകത്തെ അറിയിക്കാനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ത വിശ്വാസങ്ങളില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ (എംപിമാര്‍) ഉള്‍പ്പെടുന്ന പ്രതിനിധി സംഘങ്ങളുടെ ഘടന തന്നെ ശക്തമായ ഒരു സന്ദേശമായിരുന്നുവെന്ന് തരൂര്‍ പറഞ്ഞു. അമേരിക്ക അടക്കമുള്ള രാജ്യത്തേക്കുള്ള പ്രതിനിധി സംഘത്തെ നയിച്ചത് ശശി തരൂരാണ്.
ഓപ്പറേഷന്‍ സിന്ദൂര്‍, അതിന്റെ യുക്തി, തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണം, അതിന്റെ കൃത്യമായ സ്വഭാവം, സാധാരണക്കാര്‍ക്കും പാകിസ്ഥാന്‍ സൈനിക മേഖലയ്ക്ക് പോലും എന്തെങ്കിലും ദോഷം സംഭവിക്കുന്നത് ഒഴിവാക്കല്‍ എന്നിവയെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്ക് വ്യക്തത നല്‍കുക എന്നതായിരുന്നു പ്രതിനിധി സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇന്ത്യയുടെ നടപടികള്‍ സ്വയം പ്രതിരോധത്തിനുള്ള നിയമാനുസൃതമായ ഒരു നടപടി മാത്രമായിരുന്നുവെന്നും, തുടര്‍ച്ചയായ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള ശക്തമായ പ്രതികരണമായിരുന്നു അതെന്നും സംഘം രാജ്യങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.
ഇതേത്തുടര്‍ന്നാണ് പാകിസ്ഥാനില്‍ ഉണ്ടായതായി കരുതപ്പെടുന്ന സിവിലിയന്‍ മരണങ്ങള്‍ക്ക് അനുശോചനം അറിയിച്ചുകൊണ്ട് കൊളംബിയ നടത്തിയ പ്രാരംഭ പ്രസ്താവന പിന്‍വലിച്ചതും, തുടര്‍ന്ന് ഇന്ത്യയുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിന് പിന്തുണ അറിയിച്ചതും സുപ്രധാന നയതന്ത്ര വിജയമായിരുന്നുവെന്ന് ശശി തരൂര്‍ അവകാശപ്പെട്ടു. ഇന്ത്യന്‍ വിദേശ നയതന്ത്ര നയം ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നും, ആഗോള തലത്തില്‍ ഇന്ത്യ ഒറ്റപ്പെട്ടുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
ശശി തരൂരിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
Prime Minister Narendra Modi's energy, dynamism and willingness to engage remains a "prime asset" for India on the global stage but deserves greater backing, Congress MP Shashi Tharoor said on Monday, in remarks that are likely to irk his party and widen the growing cracks in his ties with its leadership.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates