
ലഖ്‌നൗ: ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് വിഡിയോ റെക്കോര്‍ഡ് ചെയ്ത് ആഗ്രയില്‍ നിന്നുള്ള 25 കാരനായ ടെക്കി യുവാവ് ജീവനൊടുക്കി. മുംബൈയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരനായ മാനവ് ശര്‍മയാണ് മരിച്ചത്. ഭാര്യയുടെ പീഡനം സഹിക്കാതെ ടെക്കി അതുല്‍ സുഭാഷ് ജീവനൊടുക്കിയത് രാജ്യം മുഴുവന്‍ ചര്‍ച്ചയായിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഇതേ സാഹചര്യത്തില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്യുന്നത്.
അതുല്‍ സുഭാഷിന്റേതു പോലെ തന്നെ മരണത്തിന് മുമ്പ് വിഡിയോ റെക്കോര്‍ഡ് ചെയ്തതിന് ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്യുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്റെ മരണത്തിന് കാരണം ഭാര്യയാണെന്നും പുരുഷന്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അംഗീകരിക്കാന്‍ സമൂഹം തയ്യാറാവണമെന്നും വിഡിയോയില്‍ പറയുന്നു. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഫെബ്രുവരി 24ന് പുലര്‍ച്ചെയാണ് ആഗ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
വിഡിയോ സന്ദേശത്തില്‍ പറയുന്നതിങ്ങനെ:
''ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണ്, ഞാന്‍ അതിന്റെ വേദനയിലാണ്. പുരുഷന്‍മാര്‍ക്ക് നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തണമെന്ന് അധികാരികളോട് അഭ്യര്‍ഥിക്കുന്നു. ഇല്ലെങ്കില്‍ സമൂഹത്തില്‍ അവര്‍ കൂടുതല്‍ ദുര്‍ബലരാകും.
ഇത് അധികാരികള്‍ക്ക് വേണ്ടിയാണ്.. നിയമം പുരുഷന്‍മാരെ സംരക്ഷിക്കേണ്ടതുണ്ട്... എന്റെ ഭാര്യ മറ്റൊരു പുരുഷനുമായി പ്രണയത്തിലായിരുന്നു...പക്ഷേ, എനിക്ക് എന്തു ചെയ്യാന്‍ കഴിയും? ഇനി അത് പ്രശ്‌നമില്ല.
ദയവായി പുരുഷന്‍മാരേക്കുറിച്ച് ചിന്തിക്കുക. ക്ഷമിക്കണം എല്ലാവരും... ഞാന്‍ പോയി കഴിഞ്ഞാല്‍ എല്ലാം ശരിയാകും. ഞാന്‍ ഇതിനുമുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. എന്റെ മരണ ശേഷം എന്റെ മാതാപിതാക്കളെ ഉപദ്രവിക്കരുത്.'' , ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പാടുകളും മാനവ് വിഡിയോയില്‍ കാണിക്കുന്നുണ്ട്.
പൊലീസ് അന്വേഷണവും വൈകിപ്പോയ നടപടിക്രമങ്ങളും
ഫെബ്രുവരി 24 ന് മരിച്ച യുവാവിന്റെ വിവരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത് ഫെബ്രുവരി 27നാണ്. പിന്നീടാണ് കേസില്‍ അന്വേഷണം ആരംഭിക്കുന്നത് തന്നെ. നിലവില്‍ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ആഗ്ര ഡിസിപി സൂരജ് റായ് പറഞ്ഞു. എല്ലാ വസ്തുതകളും ആരോപണങ്ങളും അന്വേഷിക്കുമെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ആദ്യം തന്നെ യുവാവിന്റെ കുടുംബം സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശിവരാത്രി തിരക്കുകള്‍ ചൂണ്ടിക്കാട്ടി പൊലീസുദ്യോഗസ്ഥര്‍ പരാതി സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. വ്യാഴാഴ്ച രാത്രിയാണ് വാട്‌സ് ആപ്പ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തത്.
കുടുംബത്തിന്റെ ആരോപണങ്ങള്‍
മകന്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണെന്നാണ് മാനവിന്റെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. മാനവിന് ഭാര്യയില്‍ നിന്നും ഭീഷണികള്‍ ലഭിച്ചിരുന്നുവെന്നും വ്യാജ കേസുകള്‍ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതായും പിതാവ് പറഞ്ഞു.
മരണത്തിന് ഒരു ദിവസം മുമ്പ് മാനവ് ശര്‍മ ഭാര്യയോടൊപ്പം മുംബൈയില്‍ നിന്ന് ആഗ്രയിലേയ്ക്ക് പോവുകയും ഭാര്യയെ സ്വന്തം വീട്ടിലാക്കുകയും ചെയ്തിരുന്നു. ബന്ധത്തിലെ പ്രശ്‌നങ്ങള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദമാണ് ഒടുവില്‍ അദ്ദേഹത്തെ കടുത്ത നടപടിയിലേയ്ക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഭാര്യയുടെ എതിര്‍ ആരോപണങ്ങള്‍
മാനവിന് മദ്യപാനത്തിന്റേയും അക്രമാസക്തമായ പെരുമാറ്റത്തിന്റേയും ചരിത്രമുണ്ടെന്നാണ് ഭാര്യ നികിത ശര്‍മയുടെ ആരോപണം. തന്റെ വിവാഹ ശേഷം തനിക്ക് ഒരാളുമായും പ്രണയം ഉണ്ടായിരുന്നില്ല. അതിന് മുമ്പ് ഉണ്ടായിരുന്നു. അതാണ് തനിക്കെതിരെ അദ്ദേഹം ആരോപിച്ചിരുന്നത്. അദ്ദേഹം ആത്മഹത്യ ചെയ്ത ദിവസം എന്നെ എന്റെ വീട്ടില്‍ കൊണ്ട് വന്ന് വിട്ടിരുന്നു.
മാനവ് മുമ്പ് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും കുറഞ്ഞത് മൂന്ന് തവണയെങ്കിലും താനാണ് രക്ഷിച്ചതെന്നും അവര്‍ അവകാശപ്പെട്ടു. ഒടുവില്‍ അയാള്‍ തന്നെയാണ് എന്നെ അമ്മയുടെ അടുത്ത് കൊണ്ടുവന്നു വിട്ടത്. ശര്‍മയുടെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ അറിയാമായിട്ടും അദ്ദേഹത്തിന്റെ കുടുംബം അത് നിഷേധിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക