
മുംബൈ: ഓഹരി വിപണിയുമായി ബന്ധപ്പെട്ടുയര്‍ന്ന ചട്ടലംഘന ആരോപണങ്ങളില്‍ സെബി മുന്‍ ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിന് താത്കാലികാശ്വാസം. മാധബി പുരി ബുച്ചിനും ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (ബിഎസ്ഇ) അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന പ്രത്യേക കോടതി ഉത്തരവില്‍ തത്കാലം നടപടി വേണ്ടെന്ന് ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചു. മാര്‍ച്ച് നാല് വരെ നടപടി എടുക്കരുത് എന്നാണ് മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എസിബി) ഹൈക്കോടതിയുടെ നിര്‍ദേശം.
അഴിമതി വിരുദ്ധ ബ്യൂറോ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തണം എന്ന മാര്‍ച്ച് ഒന്നിലെ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മാധബി പുരി ബുച്ച്, ബിഎസ്‌സി എംഡി സുന്ദരരാമന്‍ രാമമൂര്‍ത്തി എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹരിഗണിച്ചാണ് നടപടി. ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്നും അതുവരെ പ്രത്യേക കോടതി ഉത്തരവിന്‍മേല്‍ സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം നടപടി എടുക്കരുത് എന്നുമാണ് ജസ്റ്റിസ് എസ് ജി ദിഗേയുടെ സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. മാധബി പുരി ബുച്ച്, അശ്വനി ഭാട്ടിയ, ആനന്ദ് നാരായണ്‍ ജി, കമലേഷ് ചന്ദ്ര വര്‍ഷണയ് എന്നീ സെബി ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്തയാണ് ഹൈക്കോടതിയില്‍ ഹാജരായത്.
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു കമ്പനി ലിസ്റ്റ് ചെയ്തതില്‍ വന്‍തോതിലുള്ള സാമ്പത്തിക തട്ടിപ്പും അഴിമതിയും നടന്നതായും, സെബി മേധാവിയും ബിഎസ്ഇ ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള ഹര്‍ജിയിലാണ് പ്രത്യേക കോടതി എസിബി അന്വേഷണത്തിന് നിര്‍ദേശിച്ചത്. പത്രപ്രവര്‍ത്തകന്‍ സനപ് ശ്രീവാസ്തവയായിരുന്നു ഹര്‍ജിക്കാരന്‍. നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട ഒരു കമ്പനിയെ ലിസ്റ്റുചെയ്യാന്‍ സെബി ഉദ്യോഗസ്ഥര്‍ അനുവദിച്ചുവെന്നും ഇത് വിപണി കൃത്രിമത്വത്തിനും നിക്ഷേപകരുടെ നഷ്ടത്തിനും കാരണമായെന്നും പരാതിയില്‍ ആരോപിക്കുന്നു. സെബിയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ഒത്തുകളി, ഇന്‍സൈഡര്‍ ട്രേഡിങ് ലിസ്റ്റിങ്ങിന് ശേഷം പൊതു ഫണ്ട് വകമാറ്റല്‍ എന്നിവയും പരാതിയില്‍ ആരോപിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക