''അബു ആസ്മിയെ യുപിയിലേക്ക് അയക്കൂ, ബാക്കി ഞങ്ങള്‍ നോക്കാം'', ഔറംഗസേബ് വിവാദത്തില്‍ വെല്ലുവിളിയുമായി യോഗി

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് യുപി നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടിയെയും അബു ആസ്മിയെയും ലക്ഷ്യമിട്ട് യോഗിയുടെ രൂക്ഷമായ പ്രതികരണം.
Abu Asim Azmi Image
യോഗി ആദിത്യനാഥ്, അബു ആസ്മിSocial Media
Updated on
1 min read

ലഖ്‌നൗ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച മഹാരാഷ്ട്രയിലെ സമാജ്‌വാദി പാര്‍ട്ടി എംഎല്‍എയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ അബു ആസ്മിക്ക് എതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മുംബൈ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് യുപി നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടിയെയും അബു ആസ്മിയെയും ലക്ഷ്യമിട്ട് യോഗിയുടെ രൂക്ഷമായ പ്രതികരണം.

അബു ആസ്മിയെ പുറത്താക്കാന്‍ സമാജ് വാദി പാര്‍ട്ടി തയ്യാറാകണം എന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. അബു ആസ്മിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സമാജ് വാദി പാര്‍ട്ടി തയ്യാറാകണം. എന്നിട്ട് അദ്ദേഹത്തെ ഉത്തര്‍പ്രദേശിലേക്ക് അയക്കൂ. പിന്നീടുള്ള കാര്യം ഞങ്ങള്‍ നേക്കാം, ഇത്തരക്കാരെ ഏങ്ങനെ കൈകാര്യം ചെയ്യണം എന്ന് ഉത്തര്‍ പ്രദേശിന് അറിയാം' എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ നിലപാട്. അബു ആസ്മിയുടെ വിഷയത്തില്‍ സമാജ് വാദി പാര്‍ട്ടി സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണ് എന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. 'ഛത്രപതി ശിവജിയുടെ പാരമ്പര്യത്തെക്കുറിച്ച് ലജ്ജ തോന്നുകയും എന്നാല്‍ ഔറംഗസേബിനെ നായകനായി കണക്കാക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ പോലും അവകാശമുണ്ടോ?' എന്ന ചോദ്യവും യോഗി ഉന്നയിക്കുന്നു.

അബു ആസ്മിയുടെ പ്രസ്താവനകളെ എസ് പി പരസ്യമായി അപലപിക്കാന്‍ തയ്യാറാകണം. 'ഒന്നുകില്‍ ആസ്മിയെ ഒരു പൊതുയോഗത്തിലേക്ക് വിളിച്ച് നിലപാട് അറിയിക്കുക, അല്ലെങ്കില്‍ അദ്ദേഹത്തെ ഉത്തര്‍പ്രദേശിലേക്ക് അയയ്ക്കാന്‍ തയ്യാറാകണം' എന്നും യോഗി വെല്ലുവിളി ഉയര്‍ത്തുന്നു.

വിക്കി കൗശല്‍ നായകനായ ബോളിവുഡ് സിനിമ 'ഛാവ' ചരിത്രത്തെ വളച്ചൊടിച്ച് തയാറാക്കിയതാണെന്ന് പരാമര്‍ശത്തിന് ഒപ്പമായിരുന്നു മുഗള്‍ രാജാവായ ഔറംഗസേബുമായി ബന്ധപ്പെട്ട ആസ്മിയുടെ പരാമര്‍ശം. ''മുഗള്‍ രാജാവായ ഔറംഗസേബിനെ മോശമായി ചിത്രീകരിക്കാന്‍ ചിലര്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. അദ്ദേഹം ഒട്ടേറെ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഛത്രപതി സംഭാജിക്കും ഔറംഗസേബിനുമിടയില്‍ നടന്ന യുദ്ധം രണ്ട് ഭരണകൂടങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. അല്ലാതെ മുസ്ലിംകളും ഹൈന്ദവരും തമ്മില്‍ നടന്ന പോരാട്ടമല്ല. ഔറംഗസേബിനെ ക്രൂരനായ ഭരണാധികാരിയായി ഞാന്‍ കണക്കാക്കുന്നില്ല''. എന്നായിരുന്നു എസ് പി നേതാവിന്റെ വാക്കുകള്‍.

പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്രയിലെ ഭരണ പക്ഷ നേതാക്കള്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. ആസ്മിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ രംഗത്തെത്തി. പിന്നാലെയാണ് ലോക്സഭാ എംപി നരേഷ് മാസ്‌കെയുടെ പരാതിയില്‍ താനെ മറൈന്‍ ഡ്രൈവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് അബു ആസ്മി രംഗത്തെത്തുകയും ചെയ്തിരുന്നു. ''ഹൈന്ദവ സഹോദരങ്ങളുടെ വികാരം വ്രണപ്പെടുത്തണം എന്ന് കരുതിയിട്ടില്ല. പലരും വാക്കുകള്‍ വളച്ചൊടിച്ചു. ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ'' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com