
അഹമ്മദാബാദ്: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രിയുടെ മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നത് വനിതാ ഉദ്യോഗസ്ഥര്‍. ഗുജറാത്തിലെ നവസാരി ജില്ലയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലായിരിക്കും വനിതാ സംഘം സുരക്ഷ ഒരുക്കുക. രാജ്യ ചരിത്രത്തിലാദ്യമാണാണ് പ്രധാനമന്ത്രിയുടെ പരിപാടിക്ക് വനിതകള്‍ സുരക്ഷയൊരുക്കുന്നത്
'രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച് ഗുജറാത്ത് പൊലീസാണ് പ്രധാനമന്ത്രിക്കായി വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണിത്. നവസാരിയിലെ വാന്‍സി ബോര്‍സി ഗ്രാമത്തിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി എത്തുന്നതു മുതല്‍ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യും.' - ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു.
മാര്‍ച്ച് 8നു വാന്‍സി ബോര്‍സി ഗ്രാമത്തില്‍ നടക്കുന്ന 'ലക്ഷ്പതി ദീദി' സമ്മേളന'ത്തിലും അദ്ദേഹം പ്രസംഗിക്കും. സുരക്ഷയ്ക്കായി 2500ഓളം വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതില്‍ 2,100ലധികം കോണ്‍സ്റ്റബിള്‍മാര്‍, 187 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍, അഞ്ച് എസ്പിമാര്‍, ഒരു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ഒരു അഡീഷണല്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരായിരിക്കും ഉണ്ടാകുക. ഗുജറാത്ത് ആഭ്യന്തര സെക്രട്ടറിയായ നിപുന ടൊറവാനെ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക