
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന് സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കര്‍ണാടകയിലെ മുന്‍ ബിജെപി സര്‍ക്കാര്‍ 2023 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ഭുമി അനുവദിച്ചതായി റിപ്പോര്‍ട്ട്. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിനുകൂടി പങ്കാളിത്തമുള്ള കമ്പനിക്ക് 12 ഏക്കര്‍ ഭൂമി അനുവദിച്ചത്. 2023 ജനുവരിയിലാണ് നടിയുടെ കമ്പനിക്ക് ഭൂമി അനുവദിച്ചുനല്‍കിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രന്യ റാവുവിന്റെ കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയാസ് ഡെവലപ്മെന്റ് ബോര്‍ഡ് രംഗത്തെത്തി. രന്യ റാവുവുമായി ബന്ധമുള്ള സിരോദ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 2023 ജനുവരി രണ്ടാം തീയതിയാണ് തുമകുരുവിലെ വ്യാവസായിക മേഖലയില്‍ 12 ഏക്കര്‍ ഭൂമി അനുവദിച്ചതെന്ന് കെഐഎഡിബി സിഇഒ മഹേഷ് അറിയിച്ചു. ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ കാലത്താണ് സ്റ്റീല്‍ പ്ലാന്റ് ആരംഭിക്കാനായി ഈ കമ്പനിക്ക് ഭൂമി അനുവദിച്ചതെന്നും കെഐഡിബി വ്യക്തമാക്കി.
ടിഎംടി കമ്പികള്‍ ഉള്‍പ്പെടെ നിര്‍മിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനായാണ് കമ്പനി അപേക്ഷ നല്‍കിയിരുന്നത്. 138 കോടി രൂപയുടെ പദ്ധതിയില്‍ 160 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. രന്യയും സഹോദരനുമായിരുന്നു കമ്പനിയുടെ ഡയറക്ടര്‍മാര്‍. 2023 ജനുവരി രണ്ടാം തീയതി ചേര്‍ന്ന സംസ്ഥാനതല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റി യോഗത്തിലാണ് കമ്പനിക്ക് ഭൂമി അനുവദിച്ചതെന്നും കെഐഎഡിബി അറിയിച്ചു. എന്നാല്‍ ഈ ഭൂമിയില്‍ ഇന്നുവരെ യാതൊരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ലെന്ന് കെഐഎഡിബി അറിയിച്ചു.
മാര്‍ച്ച് 3 ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12.56 കോടി രൂപയുടെ സ്വര്‍ണ്ണക്കട്ടികള്‍ കടത്തുന്നതിനിടെയാണ് രന്യ പിടിയിലായത്. തുടര്‍ന്ന് ബംഗളൂരുവിലെ അവരുടെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും 2.67 കോടി രൂപയുടെ പണവും കണ്ടെടുത്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക