
ലഖ്‌നൗ: ഹോളി ആഘോഷവും റംസാനിലെ വെള്ളിയാഴ്ചയും ഒരേ ദിവസമായതിനാല്‍ അന്നേ ദിവസം അയോധ്യയില്‍ ഉടനീളമുള്ള പള്ളികളില്‍ ജുമാ നമസ്‌കാരം ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമായിരിക്കുമെന്ന് മുസ്ലീം മത നേതാവ്. ഹോളി ആഘോഷങ്ങളുടെ ഭാഗമായാണ് നമസ്‌കാരത്തിന് ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് അയോധ്യയിലെ സെന്‍ട്രല്‍ പള്ളി പ്രസിഡന്റ് മുഹമ്മദ് ഹനീഫ് പറഞ്ഞു.
ഹോളി ആഘോഷമായതിനാല്‍ എല്ലാ പള്ളികളിലും ജുമാ നമസ്‌കാരം ഉച്ചക്ക് രണ്ട് മണി മുതല്‍ നാലര വരെ നടത്താന്‍ സൗകര്യം ഒരുക്കും. എല്ലാ മുസ്ലീംമത വിശ്വാസികളും ഹോളി ആഘോഷത്തോട് സഹിഷ്ണുതയും ഉദാരതയും പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോളിയുടെ ഭാഗമായി നിറങ്ങള്‍ വീണാല്‍ അവ പുഞ്ചിരിയോടെ ഏറ്റുവാങ്ങി 'ഹോളി മുബാറക്' പറയുകയും വേണമെന്ന് മുഹമ്മദ് ഹനീഫ് പറഞ്ഞു. ഹോളിയും വെള്ളിയാഴ്ചത്തെ ജുമായും ഒരുമിച്ച് വരുന്നത് ഇതാദ്യമല്ല. സാമൂദായിക ഐക്യം വളര്‍ത്താനുള്ള നല്ലൊരു അവസരമാണിത്. എല്ലാ ഹിന്ദു സഹോദരങ്ങള്‍ക്കും ഹോളി ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹോളി ആഘോഷത്തിന്റെ ഭാഗമായി ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സമാധാന യോഗങ്ങള്‍ നടക്കുന്നതായും അയോധ്യ ജില്ലാ കലക്ടര്‍ പറഞ്ഞു. ഹോളി ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ ആഘോഷം നടക്കുന്ന ഇടങ്ങളില്‍ മാത്രമേ ഹോളി ആഘോഷത്തിന് സ്ഥലം അനുവദിക്കുകയുള്ളുവെന്നും പുതിയ ഇടം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച നമസ്‌കാരത്തിന് പോകുമ്പോള്‍ ദേഹത്ത് നിറങ്ങള്‍ വീഴുന്നത് മുസ്ലീ സഹോദരങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമെങ്കില്‍ തെരുവുകളിലെ ഹോളി ആഘോഷങ്ങള്‍ ശമിക്കുന്നതു വരെ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന സംഭല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അനുജ് ചൗധരിയുടെ പ്രസ്താവന വിവാദമായിരുന്നു. പ്രസ്താവനക്കെതിരെ ഉത്തര്‍പ്രദേശിലെ പ്രതിപക്ഷവും മുസ്ലീം മതനേതാക്കളും രംഗത്തെത്തിയിരുന്നു. പിന്നാലെ, ഡിഎസ്പിയെ പിന്തുണച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. 'എല്ലാ വെള്ളിയാഴ്ചയും നമസ്‌കാരം നടക്കാറുണ്ട്, പക്ഷേ ഹോളി വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഉള്ളൂ. നമസ്‌കാരം വൈകിപ്പിക്കാം, വെള്ളിയാഴ്ച പ്രാര്‍ഥന കൃത്യസമയത്ത് നടത്തണം എന്നുള്ളവര്‍ക്ക് വീട്ടിലിരുന്ന് അത് ചെയ്യാം. നമസ്‌കാരത്തിനായി പള്ളിയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല'- എന്നായിരുന്നു ആദിത്യനാഥിന്റെ വാദം. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഹോളി ആഘോഷം.
അതേസമയം ജുമ നമസ്‌കാരത്തിന്റെ ഭാഗമായി ഹോളി ആഘോഷം രണ്ടുമണിക്കൂര്‍ നേരം മാറ്റിവയ്ക്കണമെന്ന ബിഹാറിലെ ദര്‍ഭംഗ മേയറുടെ പരാമര്‍ശം വിവാദമായി. ഹോളി ആഘോഷത്തിന്റെ ഭാഗമായി ജുമാ നമസ്‌കാരം മാറ്റിവയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോളി ആഘോഷത്തിന് രണ്ട് മണിക്കൂര്‍ ഇടവേള അനുവദിക്കുക അല്ലെങ്കില്‍ മുസ്ലീം പള്ളികള്‍ ഉള്ള സ്ഥലത്തെ ആഘോഷം ഹിന്ദുക്കള്‍ ഒഴിവാക്കുക. എന്നാല്‍ രണ്ടുമതക്കാര്‍ക്കും യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അവരവരുടെ മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഹോളി വരുന്നുള്ളുവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഇത് പുണ്യമാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക