
ജയ്പൂർ: പൂച്ചയെ രക്ഷിക്കാന്‍ 120 അടി താഴ്ചയുള്ള കിണറ്റിലിറങ്ങിയ യുവാവിന്റെ വിഡിയോ വൈറല്‍. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ സോതി ഗ്രാമത്തിലാണ് സംഭവം. സഹായത്തിനായി നിലവിളിച്ച് അഞ്ച് ദിവസമായി പൂച്ച കുടുങ്ങിക്കിടക്കുകയായിരുന്നു. ജീവന്‍ പണയപ്പെടുത്തി ആഴമേറിയ കിണറ്റില്‍ ഇറങ്ങിയ യുവാവിന്റെ ധൈര്യത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ.
സോതിയിലെ ശ്രീ ബാലാജി ക്ഷേത്രത്തിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണ് പൂച്ച വീണത്. ഒരു കൂട്ടം കര്‍ഷകരാണ് പൂച്ചയെ ആദ്യം കണ്ടത്. പൂച്ചയ്ക്ക് ഭക്ഷണം നല്‍കിയെങ്കിലും അതിനെ രക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
എന്നാല്‍ പൂച്ചയെ രക്ഷിക്കാന്‍ ജുന്‍ജുനുവിലെ പ്രാണി മിത്ര സേവാ സമിതിയിലെ ഡോ. അങ്കിത് ഖീച്ചാദും സംഘവും മുന്നിട്ടിറങ്ങുകയായിരുന്നു. അങ്ങനെയാണ് അങ്കിത് കുമാര്‍ എന്ന യൂവാവ് പൂച്ചയെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയത്.
ഒരു കയറില്‍ പിടിച്ച് യൂവാവ് കിണറ്റിലേക്ക് ഇറങ്ങി. മണിക്കൂറുകള്‍ കണറ്റില്‍ കുടുങ്ങിയ പൂച്ച ഭയത്താല്‍ പിടിക്കാനുള്ള ആദ്യ ശ്രമങ്ങളോട് സഹകരിച്ചില്ല. ഒന്നര മണിക്കൂറോളം, അങ്കിത് കിണറിനുള്ളില്‍ അക്ഷീണം പ്രവര്‍ത്തിച്ചു, പേടിച്ചരണ്ട പൂച്ചയെ വലയിലേക്ക് വലിച്ചിടാന്‍ വിദ്യകള്‍ പരീക്ഷിച്ചു. ഒടുവില്‍ പൂച്ചയെ പിടികൂടി പുറത്തെത്തിച്ചു. സംഭവത്തിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക