'ശ്രീകൃഷ്ണന് മുസ്ലിങ്ങള്‍ തുന്നിയ ഉടയാടകള്‍ ആവാം; ഇതിനൊന്നും മത വിവേചനം വേണ്ട'

മുസ്ലീങ്ങള്‍ നിര്‍മിച്ച വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും 'മതപരമായി ശുദ്ധി' പാലിക്കുന്നവര്‍ മാത്രമേ ശ്രീകൃഷ്ണ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ് പറയുന്നു
Vrindavan temple priests reject demand to ban Muslim artisans from making deity's attires .
ക്ഷേത്രത്തില്‍ ശ്രീകൃഷ്ണനെ അണിയിച്ച വസ്ത്രങ്ങള്‍ എക്‌സ്‌
Updated on

ലഖ്‌നൗ: മുസ്ലീം കരകൗശല വിദഗ്ധര്‍ നിര്‍മിച്ച വസ്ത്രങ്ങള്‍ ശ്രീകൃഷ്ണനെ അണിയിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യം തള്ളി ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ ക്ഷേത്രത്തിലെ പുരോഹിതര്‍. ക്ഷേത്രപാരമ്പര്യങ്ങളില്‍ മതപരമായ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പുരോഹിതര്‍ വ്യക്തമാക്കി. ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസിന്റെ നേതാവ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.

മുസ്ലീങ്ങള്‍ നിര്‍മിച്ച വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും 'മതപരമായി ശുദ്ധി' പാലിക്കുന്നവര്‍ മാത്രമേ ശ്രീകൃഷ്ണ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ക്ഷേത്രം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ മാംസം കഴിക്കുന്നവരും ഹിന്ദു പാരമ്പര്യങ്ങളെയും ഗോ സംരക്ഷണത്തെയും മാനിക്കാത്തവരാണ്. അത്തരക്കാര്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് വേണ്ടതില്ലെന്നും ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ് പറയുന്നു. തങ്ങളുടെ ആവശ്യം അവഗണിച്ചാല്‍ ശക്തമായ സമരം അരംഭിക്കുമെന്നും ക്ഷേത്രം അധികൃതര്‍ക്ക് അയച്ച കത്തില്‍ ദിനേശ് ശര്‍മ പറയുന്നു

എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ക്ഷേത്ര പൂജാരി ജ്ഞാനേന്ദ്ര കിഷോര്‍ ഗോസ്വാമി പറഞ്ഞു. തങ്ങള്‍ക്ക് ഒരു സമൂഹത്തോടും വിവേചനം ഇല്ലെന്നും കരകൗശല വിദഗ്ധരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'പാപിയായ കംസന്‍ ശ്രീകൃഷ്ണന്റെ മുത്തച്ഛനായ ഉഗ്രസേനന്റെ അതേ വംശപരമ്പരയിലാണ് ജനിച്ചതെങ്കില്‍, വിഷ്ണുവിന്റെ മഹാഭക്തനായ പ്രഹ്ലാദന്‍ ഹിരണ്യകശിപു എന്ന അസുരന്റെ മകനാണെങ്കില്‍, കരകൗശല വിദഗ്ധരെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങനെ വിലയിരുത്താന്‍ കഴിയും,'-ഗോസ്വാമി ചോദിച്ചു.

മുസ്ലീം കരകൗശല വിദഗ്ധരുടെ ആഴത്തിലുള്ള സംഭാവനകളും കിഷോര്‍ ഗോസ്വാമി എടുത്തുപറഞ്ഞു. വൃന്ദാവനത്തില്‍ ദൈവങ്ങള്‍ക്കുള്ള കീരീടവും വസ്ത്രങ്ങളും നിര്‍മിക്കുന്നത് മുസ്ലീം കരകൗശലവിദഗ്ധരാണ്. കാശിയില്‍ ശിവിന് പവിത്രമായ രുദ്രാക്ഷമാലകള്‍ നിര്‍മിക്കുന്നത് മുസ്ലീങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നിര്‍ദേശം അപ്രായോഗികമാണെന്ന് ക്ഷേത്രത്തിലെ മറ്റൊരു പുരോഹിതന്‍ പറഞ്ഞു. വസ്ത്രം മാത്രമല്ല, ക്ഷേത്രത്തിലെ ഗ്രില്ലുകള്‍, മറ്റ് ഘടനകള്‍ എന്നിവ പോലും അവര്‍ നിര്‍മ്മിച്ചതാണ്. ഓരോ കരകൗശല വിദഗ്ധരുടെയും വ്യക്തിപരമായ വിശുദ്ധി നമുക്ക് എങ്ങനെ പരിശോധിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

ഭഗവാന്‍ കൃഷ്ണന് ദിവസേന ഒരു ഡസനോളം വസ്ത്രങ്ങളും ഒരു വര്‍ഷത്തില്‍ ആയിരക്കണക്കിന് വസ്ത്രങ്ങളും ആവശ്യമാണ്. ഈ വസ്ത്രങ്ങള്‍ അതേ നിലവാരത്തില്‍ നിര്‍മിക്കുന്നതില്‍ മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് വൈദഗ്ധ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി മറ്റുള്ളവര്‍ നിര്‍മിച്ച വസ്ത്രം കൃഷ്ണനെ അണിയിക്കാന്‍ തീരുമാനിച്ചാലും അത് ലഭിക്കല്‍ വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യം പുരോഹിതന്‍മാരാണ് തീരുമാനിക്കുന്നതെന്നും അതില്‍ ഭാരവാഹികള്‍ക്ക് ഒരു പങ്കുമില്ലെന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com