

ന്യൂഡല്‍ഹി: നാസയുടെ ബഹിരാകാശയാത്രികരായ, ഇന്ത്യന്‍ വംശജ സുനിത വില്യംസിന്റെയും ക്രൂവിന്റെയും നിശ്ചയദാര്‍ഢ്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സുനിത വില്യംസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു മോദിയുടെ എക്‌സ് പോസ്റ്റ്.
സുനിത വില്യംസും സംഘവും ഭൂമിയില്‍ മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു മോദിയുടെ പോസ്റ്റ്. സ്ഥിരോത്സാഹം എന്താണെന്ന് ഇവരുടെ നേട്ടം നമുക്ക് മനസിലാക്കി തരുന്നുവെന്ന് മോദി കുറിച്ചു.
''ലക്ഷ്യം നേടിയെടുക്കാനുള്ള ത്വരയും അതിരുകളില്ലാത്ത മനുഷ്യ ചൈതന്യവും ധീരതയും നാസയുടെ ദൗത്യസംഘാംഗങ്ങളില്‍ ആവോളമുണ്ട്. സുനിത വില്യംസും ഡ്രാഗണ്‍ ക്രൂ-9 ബഹിരാകാശ യാത്രികരും സ്ഥിരോത്സാഹം എന്നത് എന്താണെന്ന് ഒരിക്കല്‍കൂടി നമുക്ക് തെളിയിച്ചു തന്നിരിക്കുന്നു. കടുത്ത വെല്ലുവിളികള്‍ അതിജീവിക്കാനുള്ള അവരുടെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ലക്ഷക്കണക്കിന് ആളുകളെ എക്കാലത്തും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും'', മോദി എക്‌സില്‍ കുറിച്ചു.
സുനിതയെയും സംഘത്തെയും സുരക്ഷിത്മായി ഭൂമിയിലേക്ക് മടക്കിയെത്തിക്കാന്‍ അക്ഷീണം പരിശ്രമിച്ചവരെയും ഓര്‍ത്ത് അഭിമാനിക്കുകയാണ്. കൃത്യത പാഷനുമായി ചേരുമ്പോഴും സാങ്കേതികവിദ്യ സ്ഥിരോത്സാഹവുമായി ഒത്തുചേരുമ്പോഴും എന്ത് സംഭവിക്കുമെന്നതാണ് അവര്‍ തെളിയിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
286 ദിവസത്തെ ബഹിരാകാശ ജീവിതത്തിനു വിരാമമിട്ടാണ് ഇന്ത്യന്‍ വംശജയായ സുനിത വില്യംസും സഹയാത്രികനായ ബുച്ച് വില്‍മോറും ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ ഭൂമിയില്‍ തിരിച്ചെത്തിയത്. ഫ്‌ളോറിഡ തീരത്തിനു സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലിലാണ് ബഹിരാകാശ യാത്രികരെ വഹിച്ചുള്ള ഡ്രാഗണ്‍ ക്രൂ പേടകം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates