
ന്യൂഡല്‍ഹി: ഒമ്പത് മാസത്തെ അപ്രതീക്ഷിത ബഹിരാകാശ വാസത്തിന് ശേഷം സുരക്ഷിതയായി ഭൂമിയിലേയ്ക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് സുനിത വില്യംസിന്റെ കുടുംബം. തിരിച്ചെത്തിയ നിമിഷം അവിശ്വസനീയമായിരുന്നുവെന്ന് സഹോദര ഭാര്യ ഫാല്‍ഗുനി പാണ്ഡ്യ പറയുന്നു. കൃത്യമായ തിയതി ഇപ്പോള്‍ പറയാന്‍ കഴിഞ്ഞില്ലെങ്കിലും സുനിത വില്യംസ് ഉടന്‍ ഇന്ത്യയിലേയ്ക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറയുന്നു.
286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം മടങ്ങിയെത്തിയ സുനിത വില്യംസിനോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ ആലോചിക്കുന്നതായും കുടുംബം വ്യക്തമാക്കി. വീണ്ടും സുനിത വില്യംസ് ബഹിരാകാശത്തേയ്ക്ക് പോകുമോ എന്നതൊക്കെ അവരുടെ സ്വന്തം തീരുമാനമാണെന്നാണ് ബന്ധുക്കളുടെ പ്രതികരണം. സുനിത വില്യംസിന്റെ ജന്മദിനത്തില്‍ പ്രശസ്ത ഇന്ത്യന്‍ മധുരപലഹാരമായ കാജു കട്‌ലിയാണ് കൊടുത്തു വിട്ടതെന്നും ബന്ധുക്കള്‍ പറയുന്നു. സെപ്തംബര്‍ 19ന് സുനിത വില്യംസ് ബഹിരാകാശത്ത് വെച്ച് തന്റെ 59ാം പിറന്നാള്‍ ആഘോഷിച്ചു. ബഹിരാകാശ നിലയത്തില്‍ സമൂസ കഴിച്ച ആദ്യത്തെ ബഹിരാകാശ യാത്രിക എന്ന നിലയില്‍ അവര്‍ക്ക് സമൂസ പാര്‍ട്ടി നടത്തുമെന്നും ചിരിച്ചുകൊണ്ട് ഫാല്‍ഗുനി പറഞ്ഞു.
59 കാരിയായ ബഹിരാകാശയാത്രികയായ സുനിത വില്യംസ് തനിക്ക് മുന്നിലുള്ള എല്ലാ സാഹചര്യങ്ങളെയും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നു. നമുക്കെല്ലാവര്‍ക്കും അവള്‍ ഒരു മാതൃകയാണ്. ഫാല്‍ഗുനി പറഞ്ഞു. പധാനമന്ത്രി നരേന്ദ്ര മോദിയും സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. സുനിതയെ കാണാന്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കത്തില്‍ കുറിച്ചു. പ്രധാനമന്ത്രി മാര്‍ച്ച് ഒന്നിന് എഴുതിയ കത്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങാണ് എക്‌സില്‍ പങ്കുവെച്ചത്. യുഎസ് സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ജോ ബൈഡനെയും കണ്ടപ്പോള്‍ സുനിത വില്യംസിന്റെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചതായി മോദി കത്തില്‍ പറയുന്നു.
1.4 ബില്യണ്‍ ഇന്ത്യക്കാര്‍ നിങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനം കൊള്ളുന്നു. സമീപകാല സംഭവവികാസങ്ങള്‍ നിങ്ങളുടെ പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും വീണ്ടും പ്രകടമാക്കിയിരിക്കുന്നു. അദ്ദേഹം കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക