അന്ന് മോദിയുടെ നയത്തെ എതിര്‍ത്തത് അബദ്ധമായി, ഇന്ത്യ നേതൃസ്ഥാനത്തേയ്ക്ക് വളര്‍ന്നു; വീണ്ടും പ്രകീര്‍ത്തിച്ച് ശശി തരൂര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയെ അഭിനന്ദിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുമേറ്റ വിമര്‍ശനത്തിന്റെ കനല്‍ കെട്ടടങ്ങും മുന്‍പ് വീണ്ടും നരേന്ദ്രമോദിയെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് ശശി തരൂര്‍
Shashi Tharoor
ശശി തരൂര്‍ഫയല്‍
Updated on

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയെ അഭിനന്ദിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുമേറ്റ വിമര്‍ശനത്തിന്റെ കനല്‍ കെട്ടടങ്ങും മുന്‍പ് വീണ്ടും നരേന്ദ്രമോദിയെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് ശശി തരൂര്‍. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ നരേന്ദ്രമോദി സ്വീകരിച്ച നയം ശരിയെന്ന് പറഞ്ഞ ശശി തരൂര്‍, ഇതുമായി ബന്ധപ്പെട്ട് താന്‍ മുന്‍പ് എതിര്‍പ്പ് ഉന്നയിച്ചത് അബദ്ധമായി പോയെന്ന് ഏറ്റുപറയുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയതന്ത്രവിദഗ്ധര്‍ പങ്കെടുക്കുന്ന, ഡല്‍ഹിയില്‍ വച്ച് നടന്ന റായ്‌സിന ഡയലോഗില്‍ ആണ് ശശി തരൂര്‍ മോദിയെ പുകഴ്ത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് റഷ്യ-യുക്രൈന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ ഇന്ത്യയുടെ നിലപാടിനെ ശശി തരൂര്‍ എതിര്‍ത്തിരുന്നു. ഇത് അബദ്ധമായി പോയെന്ന് തന്റെ മുഖത്ത് ചീമുട്ട വീണെന്ന് പരിഹാസരൂപേണ പറഞ്ഞ് കൊണ്ടാണ് റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ നരേന്ദ്രമോദി സ്വീകരിച്ച നയത്തെ ശശി തരൂര്‍ അനുമോദിച്ചത്. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയം കാരണം ശാശ്വത സമാധാനം കൊണ്ടുവരുന്നതില്‍ രാജ്യത്തിന് മാറ്റം വരുത്താന്‍ കഴിയുന്ന അവസ്ഥയുണ്ടായെന്നും ശശി തരൂര്‍ പറഞ്ഞു.

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ തുടക്കകാലത്ത് ഇന്ത്യയുടെ നിലപാടിനെ തരൂര്‍ വിമര്‍ശിക്കുകയും ആക്രമണത്തെ അപലപിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ഇത് അബദ്ധമായി പോയെന്ന് പറഞ്ഞ് കൊണ്ടാണ് മോദിയെ വീണ്ടും അഭിനന്ദിച്ചത്. 'കാരണം 2022 ഫെബ്രുവരിയില്‍ പാര്‍ലമെന്ററി ചര്‍ച്ചയില്‍ ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച ഒരാളാണ് ഞാന്‍. യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനം നടന്നു, അതിര്‍ത്തി വ്യവസ്ഥകളില്‍ ലംഘനം നടന്നു, യുക്രൈന്‍ എന്ന രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനം നടന്നു, അന്താരാഷ്ട്ര തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ബലപ്രയോഗം അംഗീകരിക്കാനാവില്ല എന്നതാണ് ഞങ്ങളുടെ നിലപാട് എന്നിങ്ങനെയാണ് പറഞ്ഞത്'- തിരുവനന്തപുരം എംപി പറഞ്ഞു.

'എന്നാല്‍ ഇപ്പോള്‍ അത് അബദ്ധമായി പോയെന്ന് ഞാന്‍ കരുതുന്നു. കാരണം രണ്ടാഴ്ച ഇടവേളയില്‍ യുക്രൈന്‍ പ്രസിഡന്റിനെയും റഷ്യന്‍ പ്രസിഡന്റിനെയും കെട്ടിപ്പിടിക്കാനും രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താനും മോദിക്ക് കഴിഞ്ഞു.രണ്ടിടത്തും അംഗീകരിക്കപ്പെടാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്ന് വ്യക്തമാണ്. ശാശ്വത സമാധാനം കൊണ്ടുവരാന്‍ കഴിയുന്ന ചുരുക്കം ചില രാജ്യങ്ങളുടെ സ്ഥാനത്തേയ്ക്ക് ഇന്ത്യ വളര്‍ന്നു'- ശശി തരൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com