
ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വന്ദേ ഭാരത് സെമി-ഹൈ-സ്പീഡ് ട്രെയിന്‍ ഓടാന്‍ തുടങ്ങിയതോടെ, റെയില്‍ യാത്ര പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. ഈ അത്യാധുനിക ട്രെയിന്‍ പുതിയ യാത്രാനുഭവമാണ് പകര്‍ന്നത്. പോകേണ്ട സ്ഥലത്ത് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നത് കൊണ്ട് വന്ദേഭാരത് ട്രെയിന്‍ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ഇന്നത്തെ കണക്കനുസരിച്ച്, രാജ്യത്തുടനീളം ആകെ 136 വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ ഓടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ശതാബ്ദി, രാജധാനി എക്‌സ്പ്രസ് എന്നിവയാണ് തൊട്ടുപിന്നില്‍. മണിക്കൂറില്‍ പരമാവധി 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഇത് നിര്‍മ്മിച്ച് വരുന്നത്.
എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതിന്റെ വേഗം കുറഞ്ഞിട്ടുണ്ടോ എന്ന തരത്തില്‍ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. അതിവേഗം പായാനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും ട്രെയിനിന്റെ ശരാശരി വേഗം കുറയുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിരവധി എംപിമാരാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് പ്രതികരണം തേടിയത്. വന്ദേ ഭാരത് എക്‌സ്പ്രസ് പരമാവധി വേഗം കൈവരിക്കുന്നതിന് സര്‍ക്കാരിന്റെ നടപടികളിലെ പുരോഗതി, സമയക്രമം, തന്ത്രം എന്നിവയെക്കുറിച്ചും എംപിമാര്‍ വിശദാംശങ്ങള്‍ തേടി.
ഒരു ട്രെയിനിന്റെ വേഗം ഉരുണ്ടുനീങ്ങുന്ന വസ്തുവിനെ മാത്രം ആശ്രയിച്ചല്ലെന്നും റൂട്ടില്‍ ലഭ്യമായ ട്രാക്ക് ഘടനയ്ക്കും പ്രാധാന്യമുണ്ടെന്നും റെയില്‍വേ മന്ത്രി മറുപടി നല്‍കി. ട്രാക്കുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും മെച്ചപ്പെടുത്തലും ഇന്ത്യന്‍ റെയില്‍വേയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഇത് തുടര്‍ച്ചയായ പ്രവര്‍ത്തനമായത് കൊണ്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2014ല്‍ ഏകദേശം 31,000 കിലോമീറ്റര്‍ ട്രാക്കില്‍ മാത്രമായിരുന്നു ട്രെയിനിന്റെ ശരാശരി വേഗം 110 കിലോമീറ്ററോ അതില്‍ കൂടുതലോ ആയിരുന്നത്. അത് നിലവില്‍ ഏകദേശം 80,000 കിലോമീറ്ററായി ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക