മൊബൈല്‍ ഫോണോ തെളിവുകളോ നശിപ്പിക്കരുത്, ചാറ്റുകളും മെസ്സേജുകളും ഡിലീറ്റ് ചെയ്യരുത്; ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് കര്‍ശന നിര്‍ദേശം

കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിച്ചു
 photos of burnt currency from judge’s residence
കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ, ജസ്റ്റിസ് യശ്വന്ത് വർമ
Updated on
1 min read

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ തെളിവുകളും മൊബൈല്‍ ഫോണ്‍ രേഖകളും നശിപ്പിക്കരുതെന്ന് ജഡ്ജി യശ്വന്ത് വര്‍മയ്ക്ക് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ സംഭാഷണങ്ങളോ ചാറ്റുകളോ അടക്കമുള്ള ഡാറ്റകള്‍ ഡിലീറ്റ് ചെയ്യുകയോ പാടില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ നല്‍കിയ നിര്‍ദേശം.

തെളിവുകള്‍ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്, ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് ഈ മാസം 21 ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഔദ്യോഗികമായി കത്ത് നല്‍കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മറ്റൊരു കത്ത് നല്‍കിയിട്ടുണ്ട്.

ഈ കത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ മൊബൈല്‍ ഫോണിലെ കഴിഞ്ഞ ആറുമാസത്തെ കോല്‍ ഡീറ്റെയില്‍സും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡും ( ഐപിഡിആര്‍) ശേഖരിച്ച് നല്‍കാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ് ലഭിച്ചിട്ടുണ്ട്. അത് ഈ കത്തിനൊപ്പം പെന്‍ഡ്രൈവില്‍ സമര്‍പ്പിക്കുന്നുവെന്നും ജസ്റ്റിസ് ഉപാധ്യായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

അതിനിടെ, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലീസിനോട് ജഡ്ജിയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ജഡ്ജിയുടെ വസതിയില്‍ സുരക്ഷാജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ വ്യക്തിഗത വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സമര്‍പ്പിക്കുമെന്നും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണ്ടെത്തിയ കത്തിയ നോട്ടുകെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടിരുന്നു. സംഭവത്തില്‍പഞ്ചാബ്- ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്താവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവരടങ്ങിയ മൂന്നം​ഗ അന്വേഷണ കമ്മീഷനെയും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോ​ഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.

ഹോളി ദിവസമായ മാര്‍ച്ച് 14 ന് രാത്രി 11. 35 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയുടെ സ്‌റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായത്. തീ അണച്ചശേഷം നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ നടത്തിയ പരിശോധനയിലാണ് പാതി കത്തിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തുന്നത്. എന്നാൽ തനിക്കെതിരായ ആരോപണങ്ങള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നിഷേധിച്ചു. താനോ കുടുംബമോ താമസിച്ചിരുന്ന സ്ഥലത്തു നിന്നും ഒരു പണവും കണ്ടെത്തിയിട്ടില്ല. തീപിടിച്ചതും പണം കണ്ടെത്തിയതുമായ മുറി തങ്ങൾ താമസിക്കുന്ന കെട്ടിടമല്ലെന്നും ഔട്ട്ഹൗസാണെന്നും അദ്ദേഹം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com