ആര്‍എസ്എസ്  നേതാക്കൾ  അഖില ഭാരതീയ പ്രതിനിധി സഭയില്‍
ആര്‍എസ്എസ് നേതാക്കൾ അഖില ഭാരതീയ പ്രതിനിധി സഭയില്‍

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനം: ആര്‍എസ്എസ്

വാര്‍ഷികങ്ങള്‍ ആത്മപരിശോധനയ്ക്കും സംഘപ്രവര്‍ത്തനം മുന്നോട്ട് നയിക്കുന്നതിനും രാഷ്ട്ര കാര്യത്തിനായി സ്വയം സമര്‍പ്പിക്കുന്നതിനുമുള്ള അവസരം
Published on

ബംഗളൂരു: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനമാണെന്ന് ആര്‍എസ്എസ്. സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നാല് ശതമാനം സംവരണം നല്‍കാനുള്ള കര്‍ണാടകയുടെ തീരുമാനം ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് നേതൃത്വം നിലപാട് വ്യക്തമാക്കുന്നത്. മതപരമായ ഇത്തരം സംവരണത്തിനുള്ള വ്യവസ്ഥകള്‍ കോടതികള്‍ മുമ്പേ തന്നെ നിരസിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് (ജനറല്‍ സെക്രട്ടറി) ദത്താത്രേയ ഹൊസബാളെ പ്രതികരിച്ചു. ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ആര്‍എസ്എസ് സര്‍കാര്യവാഹിന്റെ പ്രതികരണം.

മുസ്ലീം വിഭാഗത്തിന് മതാധിഷ്ഠിത സംവരണം ഏര്‍പ്പെടുത്താനുള്ള ആന്ധ്രാപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും മുന്‍ ശ്രമങ്ങള്‍ ഹൈക്കോടതികളും സുപ്രീം കോടതിയും റദ്ദാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ കരാറുകളില്‍ മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം നല്‍കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്. മതപരമായ ഇത്തരം സംവരണത്തിനുള്ള വ്യവസ്ഥകള്‍ കോടതികള്‍ മുമ്പേ തന്നെ നിരസിച്ചിട്ടുണ്ടെന്ന് ഹൊസബാളെ പറഞ്ഞു. വഖഫ് അധിനിവേശം രാജ്യത്ത് മറ്റൊരു ഭീഷണിയാണ്. വഖഫ് നിയമം റദ്ദാക്കണമെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം ന്യായമാണ്. വഖഫ് ഭൂമി കയ്യേറ്റം ചെയ്യുന്നത് നിരവധി കര്‍ഷകരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. തെറ്റുകള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഇത്തരം അധിനിവേശങ്ങള്‍ അവസാനിപ്പിക്കണമെന്നും ചെന്നനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്ക് വിജയദശമിയോടെ തുടക്കം

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ ദശമിയോടെ തുടക്കമാകുമെന്ന് ആര്‍ എസ് എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അറിയിച്ചു. വാര്‍ഷികങ്ങള്‍ ആത്മപരിശോധനയ്ക്കും സമാജത്തെ ഒപ്പം ചേര്‍ത്ത് സംഘപ്രവര്‍ത്തനം മുന്നോട്ട് നയിക്കുന്നതിനും രാഷ്ട്ര കാര്യത്തിനായി സ്വയം സമര്‍പ്പിക്കുന്നതിനുമുള്ള അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ശതാബ്ദിയില്‍ കൂടുതല്‍ ഗുണാത്മകവും സൂക്ഷ്മവും സമഗ്രവും രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകും. ഇത് ഒരു പുതിയ പ്രവര്‍ത്തന മല്ല, നൂറ്റാണ്ടുകളായുള്ള പരിശ്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് സര്‍കാര്യവാഹ് ഓര്‍മ്മിപ്പിച്ചു.

ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വിജയദശമിയില്‍ രാജ്യത്തുടനീളം ഖണ്ഡ്, നഗര്‍ തലത്തില്‍ ഗണവേഷധാരികളായ സ്വയംസേവകര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ നടക്കും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നാഗ്പൂരില്‍ വിജയദശമി സന്ദേശം നല്കും.

2025 നവംബര്‍ മുതല്‍ 2026 ജനുവരി വരെ രാജ്യമൊട്ടാകെ ഗൃഹസമ്പര്‍ക്കം നടത്തും. ശതാബ്ദിയുടെ ഭാഗമായി സമാജ പരിവര്‍ത്തനം ലക്ഷ്യമിട്ട് മുന്നോട്ടുവച്ച പഞ്ചപരിവര്‍ത്തനത്തിലൂന്നിയാകും (കുടുംബ മൂല്യങ്ങളുടെ സംരക്ഷണം, സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം, സ്വ (തനിമ), പൗരബോധം) ജനസമ്പര്‍ക്കം. എല്ലാ ഗ്രാമത്തിലും എല്ലാ സ്ഥലങ്ങളിലും എല്ലാ വീടുകളിലും ഈ സന്ദേശമെത്തും വിധത്തിലാകും സമ്പര്‍ക്കമെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

മണ്ഡല്‍ കേന്ദ്രങ്ങളിലും പ്രാദേശികമായും വിപുലമായ ഹിന്ദു സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഒരു തരത്തിലുമുള്ള വിവേചനങ്ങളില്ലാത്ത, ഒരുമയും സൗഹൃദവും നിറഞ്ഞ സാമൂഹിക ജീവിതമെന്ന സമരസതയുടെ സന്ദേശം ഈ സമ്മേളനങ്ങളിലുയരും. താലൂക്ക്, നഗര കേന്ദ്രങ്ങളില്‍ സാമാജിക സദ്ഭാവനാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് വിചാര സഭകള്‍ നടത്തും. പതിനഞ്ചിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കായി പ്രാദേശികതലത്തില്‍ വ്യത്യസ്ത പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് സര്‍കാര്യവാഹ് പറഞ്ഞു. രാഷ്ട്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, സേവനം, പഞ്ചപരിവര്‍ത്തനം എന്നിവയിലേക്ക് യുവാക്കളെ നയിക്കുന്നതിന് ഉതകുന്നതാകും ഇത്തരം സമ്മേളനങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com