
ചരിത്ര പുരുഷന്‍ ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് സിപിഎമ്മിന് ഒരു ജനറല്‍ സെക്രട്ടറി വരുമോ? സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച മധുരയില്‍ തുടങ്ങാനിരിക്കേ പുതിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആരു വരും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരള സമൂഹം.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ സ്ഥാനത്ത് എത്തുന്ന കേരള ഘടകത്തില്‍ നിന്നുള്ള രണ്ടാമത്തെ നേതാവായിരിക്കും എം എ ബേബി. 1962-64 കാലത്തും പിന്നീട് 1978 മുതല്‍ 1992 വരെയും ജനറല്‍ സെക്രട്ടറിയായിരുന്നു ഇഎംഎസ്. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 2005 മുതല്‍ 2015 വരെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കേരള ഘടകത്തിന്റെ പ്രതിനിധിയായല്ല ആ പദവിയില്‍ എത്തുന്നത്.
പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള ദീര്‍ഘമായ ചര്‍ച്ചകളില്‍ എം എ ബേബിയുടെ പേര് ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. സീതാറാം യെച്ചൂരിയുടെ മരണശേഷം പാര്‍ട്ടി ഒരു സ്ഥിരം ജനറല്‍ സെക്രട്ടറിയിലേക്ക് പോകാതിരുന്നത് പാര്‍ട്ടി കോണ്‍ഗ്രസിന് കുറച്ചു മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതുകൊണ്ടാണ്. അന്നുതന്നെ എം എ ബേബിയുടെ പേര് പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഉയര്‍ന്നു വന്നതാണ്. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കട്ടെ എന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.
സിപിഎമ്മിന്റെ ചരിത്രത്തിലെ ഏറ്റവും സവിശേഷമായ ഒരു സാഹചര്യത്തിലാണ് ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാന്‍ പോകുന്നത്. 17 അംഗ പോളിറ്റ് ബ്യൂറോയിലെ ഏഴംഗങ്ങള്‍ പ്രായപരിധി മാനദണ്ഡപ്രകാരം പുറത്തു പോകേണ്ടതാണ്. ഇവരില്‍ സംസ്ഥാന മുഖ്യമന്ത്രിയായ പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് കിട്ടാന്‍ സാധ്യത. സീതാറാം യെച്ചൂരിയുടെ മരണത്തോടെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പിബിയില്‍ ഒരു അംഗത്തിന്റെ ഒഴിവുണ്ട്.
മുതിര്‍ന്ന നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്ണന്‍ എന്നിവര്‍ വിരമിക്കുന്നതോടെ സീനിയോറിറ്റിയില്‍ മുന്നിലെത്തുക ആന്ധ്രയില്‍ നിന്നുള്ള ബി വി രാഘവലുവും കേരളത്തില്‍ നിന്നുള്ള എം എ ബേബിയും ആണ്. ഇവരില്‍ ആന്ധ്ര മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായ രാഘവലു പ്രധാനമായും ആന്ധ്ര തെലുങ്കാന സംസ്ഥാനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സീനിയോറിറ്റിയില്‍ അടുത്ത് വരിക പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയായ മുഹമ്മദ് സലീമാണ്. എന്നാല്‍ അദ്ദേഹം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ഉള്ള സാധ്യത കുറവാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
'സാധാരണ ഗതിയില്‍ പാര്‍ട്ടിയിലെ സീനിയോറിറ്റിയും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനുള്ള കഴിവും സമയവും മറ്റ് സാഹചര്യങ്ങളുമാണ് പാര്‍ട്ടി പരിഗണിക്കുക. ആ രീതിയില്‍ സീനിയോറിറ്റിയില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്കാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ സാധ്യത. മുഹമ്മദ് സലിം നിലവില്‍ പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയാണ്. അദ്ദേഹത്തിന് അവിടെത്തന്നെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള സാധ്യത കുറവാണ്,' ഒരു മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലുള്ള കര്‍ഷക നേതാവ് കൂടിയായ അശോക് ധാവ്‌ളയുടെ പേരും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ കഴിഞ്ഞതവണ പിബിയിലെത്തിയ ധാവ്‌ളയെ പരിഗണിക്കുന്നതിനോട് കേരള ഘടകം അത്ര അനുകൂലമായ നിലപാട് അല്ല സ്വീകരിച്ചിരിക്കുന്നത്. 'അശോക് ധാവ്‌ളേ പാര്‍ട്ടിയിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളാണ് എന്നതില്‍ തര്‍ക്കമില്ല. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ വ്യാപകമായ ശ്രദ്ധ പിടിച്ചു പറ്റിയ അദ്ദേഹം മികച്ച സംഘാടകനുമാണ്.
എന്നാല്‍ അദ്ദേഹം കൂടുതലായി മഹാരാഷ്ട്രയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്,' മറ്റൊരു മുതിര്‍ന്ന നേതാവ് പറയുന്നു. ഈ സാഹചര്യങ്ങളിലാണ് എം എ ബേബി പരിഗണിക്കപ്പെടാന്‍ സാധ്യത കൂടുതല്‍. ചിലര്‍ക്കെങ്കിലും പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്ന് കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നുവെങ്കിലും അത് എത്രത്തോളം പരിഗണിക്കപ്പെടാം എന്നതില്‍ വ്യക്തതയില്ല. വൃന്ദ കാരാട്ടിന് ഇളവ് നല്‍കി പോളിറ്റ് ബ്യൂറോയില്‍ നിലനിര്‍ത്തണമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും പാര്‍ട്ടിയിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ ഉള്‍പ്പെടെ പലരും ആവശ്യപ്പെടുന്നുണ്ട്. കേരള ഘടകത്തിലെ ഒരു വിഭാഗത്തിനും ഇതേ അഭിപ്രായം ഉണ്ട്. എന്നാല്‍ ജനറല്‍ സെക്രട്ടറി ആകാന്‍ വേണ്ടി മാത്രമായി ഒരു നേതാവിന് ഇളവ് കൊടുക്കുന്ന പതിവ് പാര്‍ട്ടിയിലില്ലെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രകാശ് കാരാട്ട് സീതാറാം യെച്ചൂരി ഘടകങ്ങള്‍ തമ്മില്‍ ആശയ വൈരുദ്ധ്യം ഉണ്ടായിരുന്ന പഴയ സാഹചര്യമല്ല ഇപ്പോള്‍ സിപിഎമ്മില്‍. ബിജെപി മുഖ്യ എതിരാളിയാണെന്നും എന്നാല്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്നും പാര്‍ട്ടിയില്‍ സുവ്യക്തമായ തീരുമാനമുണ്ട്. അതുകൊണ്ടുതന്നെ ആശയ സമരത്തേക്കാള്‍ കൂടുതല്‍ പാര്‍ട്ടി ഘടനയിലുള്ള ചര്‍ച്ചകള്‍ക്ക് പ്രാധാന്യമുണ്ടാകും ഇത്തവണ.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എം എ ബേബി ഉള്‍പ്പെടെ ഒരു നേതാവിനെയും കേരള ഘടകം പൂര്‍ണമായും പിന്തുണയ്ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മുതിര്‍ന്ന പിബി അംഗം എന്ന നിലയില്‍ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന് പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പല മുതിര്‍ന്ന നേതാക്കള്‍ക്കും താല്പര്യമുണ്ട്. പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലും ന്യൂനപക്ഷ സമുദായംഗം എന്ന നിലയിലും ബേബിക്ക് മറ്റ് നേതാക്കളേക്കാള്‍ മുന്‍തൂക്കമുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുക്കുക. പാര്‍ട്ടി കോണ്‍ഗ്രസ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്നതില്‍ ആകാംക്ഷയേറുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക