

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. അശോക സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവിയും അസോസിയേറ്റ് പ്രഫസറുമായ അലി ഖാന്‍ മഹ്മൂദാബാദിനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂര്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, ബുള്‍ഡോസര്‍ രാജ് എന്നിവ പരാമര്‍ശിച്ച് അലി ഖാന്‍ മഹ്മൂദാബാദ് പങ്കുവച്ച പോസ്റ്റാണ് നടപടിക്ക് ആധാരം. ഡല്‍ഹിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് അസി. പൊലീസ് കമ്മീഷണര്‍ അജിത് സിങ് പറഞ്ഞു.
അലി ഖാന്‍ മഹ്മൂദാബാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത വിവരം സര്‍വകലാശാലയും സ്ഥിരീകരിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അശോക സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്വേഷണത്തില്‍ പൊലീസുമായും മറ്റ് സ്ഥാപനങ്ങളുമായും സര്‍വകലാശാല പൂര്‍ണമായി സഹകരിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
യുവ മോർച്ച നേതാവും ജതേരി ഗ്രാമത്തിലെ സർപഞ്ചുമായ യോഗേഷ് ജതേരി, ഹരിയാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയ എന്നിവർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ അലി ഖാന്‍ മഹ്മൂദാബാദിനെതിരെ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം. സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ നേരത്തെ ഹരിയാന സംസ്ഥാന വനിതാ കമ്മീഷനും അലി ഖാന്‍ മഹ്മൂദാബാദിന് പ്രൊഫസര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
കേണല്‍ ഖുറേഷിയെ അഭിനന്ദിക്കുന്ന വലതുപക്ഷക്കാര്‍, ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും സ്വത്തുക്കള്‍ 'ഏകപക്ഷീയമായി' തകര്‍ക്കുന്നതിന്റെയും ഇരകള്‍ക്ക് സംരക്ഷണം ആവശ്യപ്പെടണം എന്നായിരുന്നു അലി ഖാന്‍ മഹ്മൂദാബാദിന്റെ പോസ്റ്റിന്റെ ഉള്ളടക്കം. ''കേണല്‍ സോഫിയ ഖുറേഷിയെ പ്രശംസിക്കുന്ന നിരവധി വലതുപക്ഷ കമന്റേറ്റര്‍മാരെ കാണുന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഒരുപക്ഷേ അവര്‍ക്ക് ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും ഏകപക്ഷീയമായ ബുള്‍ഡോസിങ്ങിന്റെയും ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന്റെയും ഇരകളായ മറ്റുള്ളവരെയും ഇന്ത്യന്‍ പൗരന്മാരായി സംരക്ഷിക്കണമെന്ന് ഉച്ചത്തില്‍ ആവശ്യപ്പെടാനും കഴിയും. രണ്ട് വനിതാ സൈനികര്‍ അവരുടെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രധാനമാണ്. പക്ഷേ, അവ യാഥാര്‍ത്ഥ്യത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടണം. അല്ലാത്തപക്ഷം അത് വെറും 'കാപട്യം' മാത്രമാണ്' എന്നായിരുന്നു മഹ്മൂദാബാദിന്റെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates