

ബംഗളുരു: ബംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വൻ നാശനഷ്ടം. ശനിയാഴ്ച വൈകുന്നേരം നിർത്താതെ പെയ്ത മഴയിൽ ബെംളൂരുവിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. നഗരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. സർജാപുർ റോഡ്, യെലഹങ്ക, ദാസറഹള്ളി, ബൊമ്മനഹള്ളി, ആർ ആർ നഗർ എന്നിവിടങ്ങളിൽ മരം വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ കട പുഴകി വീണു. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേറ്റു.
കനത്ത മഴയെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി - കെകെആർ ഐപിഎൽ മത്സരം റദ്ദാക്കി. ബംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴ രാത്രിയും തുടർന്നതോടെ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിക്കുകയായിരുന്നു. എംജി റോഡും കബ്ബൺ റോഡും അടക്കം കനത്ത ഗതാഗതക്കുരുക്കിലായി. ബെംഗളൂരുവിൽ രണ്ട് ദിവസം യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്. വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ ബിബിഎംപി പരാജയപ്പെട്ടതായാണ് ആളുകൾ കുറ്റപ്പെടുത്തുന്നത്. വൈകുന്നേരം ആറു മണിക്കും 9 മണിക്കും ഇടയിലായി എട്ടിലേറെ മരങ്ങളാണ് നഗരത്തിൽ പലയിടങ്ങളിൽ വീണത്. തെക്കൻ മേഖലയിലാണ് ഏറ്റവുമധികം മരങ്ങൾ വീണിട്ടുള്ളത്. മെയ് 22 വരെ ശക്തമായ മഴ കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിശദീകരണം. 23 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സമാനായ സാഹചര്യം രൂപം കൊണ്ടതിനാൽ ആന്ധ്ര പ്രദേശ്, തമിഴ്നാട് മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്യ തെക്ക് പടിഞ്ഞാറൻ മൺസൂൺ അറബിക്കടലിലേക്ക് കടക്കുന്നതും കർണാടകയിൽ മഴ കൂടുതലായി ലഭിക്കാനുള്ള കാരണമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates