
ന്യൂഡല്‍ഹി: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അലി ഹസനുമായിട്ടുള്ള ജ്യോതിയുടെ വാട്‌സ് ആപ് ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. പാകിസ്ഥാനില്‍ വിവാഹിതയാകണമെന്നും ഈ ചാറ്റുകളില്‍ പറയുന്നുണ്ട്.
പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിനെ ജ്യോതി വിവാഹം കഴിച്ചുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ചാറ്റുകള്‍ പുറത്തു വന്നിരിക്കുന്നത്. അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോഡ് ഭാഷയിലാണ് ഇവര്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നത്.
ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചും ജ്യോതി വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓപ്പറേഷനിടെ ഡാനിഷുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ട്.
ബംഗ്ലാദേശ് സന്ദര്‍ശിക്കാനും ജ്യോതി തീരുമാനിച്ചിരുന്നു. ഇതിന്റെ രേഖകള്‍ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് വിസയ്ക്ക് വേണ്ടി അപേക്ഷിച്ചതിന്റെ രേഖകളും കണ്ടെത്തി.
പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് കഴിഞ്ഞയാഴ്ചയാണ് ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. ജ്യോതി ഉള്‍പ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. പഹല്‍ഗാം ആക്രമണത്തിന് മുമ്പ് ജ്യോതി കശ്മീരും പാകിസ്ഥാനും സന്ദര്‍ശിച്ചിരുന്നുവെന്ന് ഹരിയാന പൊലീസ് കണ്ടെത്തിയിരുന്നു. പാകിസ്ഥാന്‍ യാത്രയ്ക്കിടെ ജ്യോതി പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പൊലീസ് പറഞ്ഞു.
33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ്. ട്രാവല്‍ വിത്ത് ജെഒ എന്നാണ് ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. ഇതിന് നാലരലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്. അപ്‌ലോഡ് ചെയ്ത 450 വിഡിയോയില്‍ ചിലത് പാകിസ്ഥാന്‍ സന്ദര്‍ശനവും ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ