

ചെന്നൈ: രാജ്യത്തെ പ്രമുഖ ആണവ ശാസ്ത്രജ്ഞനും ആണവോര്‍ജ കമ്മിഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ആര്‍ ശ്രീനിവാസന്‍ (95) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഊട്ടി-കോത്തഗിരി റോഡിലുള്ള വാസസ്ഥലത്ത് തെന്നിവീണതിനെത്തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചു.
ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രഥമ ചെയര്‍മാനാണ്. ഇദ്ദേഹത്തിന്റെ കാലത്ത് രാജ്യത്ത് 18 ആണവോര്‍ജ പ്ലാന്റുകള്‍ നിര്‍മിച്ചു. വിയന്ന ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഉപദേഷ്ടാവായിരുന്നു. രാജ്യം പദ്മശ്രീയും പദ്മവിഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്. 'ഫ്രം ഫിഷന്‍ ടു ഫ്യൂഷന്‍-ദി സ്റ്റോറി ഓഫ് ഇന്ത്യാസ് അറ്റമിക് എനര്‍ജി പ്രോഗ്രാം' എന്ന പുസ്തകത്തിന്റെ രചയിതാവാണ്.
മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍ എന്ന എം.ആര്‍. ശ്രീനിവാസന്‍ 1930-ല്‍ ബെംഗളൂരുവിലാണ് ജനിച്ചത്. മെക്കാനിക്കല്‍ എന്‍ജിനീയറായ ശ്രീനിവാസന്‍ 1955-ലാണ് ആണവോര്‍ജ വകുപ്പില്‍ ചേര്‍ന്നത്. തുടര്‍ന്ന്, ഡോ. ഹോമി ജെ. ഭാഭയുമായി ചേര്‍ന്ന് രാജ്യത്തെ ആദ്യ ആണവ റിയാക്ടറായ 'അപ്സര'യുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി. 1959-ല്‍ ആണവോര്‍ജ വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ പ്രോജക്ട് എന്‍ജിനീയറായി നിയമിതനായതോടെ ആണവോര്‍ജം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചു.
1967-ല്‍ മദ്രാസ് ആറ്റമിക് പവര്‍ സ്റ്റേഷന്റെ ചുമതല വഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആണവനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ശ്രീനിവാസന്‍ 1987-ലാണ് ആണവോര്‍ജ കമ്മിഷന്‍ ചെയര്‍മാനും ആണവോര്‍ജ വകുപ്പ് സെക്രട്ടറിയുമാകുന്നത്. ഭാര്യ: ഗീത മക്കള്‍: ശാരദ ശ്രീനിവാസന്‍, രഘുവീര്‍. മരുമക്കള്‍: സത്തു, ദ്വിഗ്വിജ്. സംസ്‌കാരം വ്യാഴാഴ്ച 11-ന് വെല്ലിങ്ടണില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
