
ന്യൂഡല്‍ഹി: അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അടിയന്തര സഹായം തേടിയ ഇന്ത്യന്‍ വിമാനത്തോട് മുഖം തിരിച്ച് പാകിസ്ഥാന്‍. ബുധനാഴ്ച വൈകുന്നേരം ആകാശച്ചുഴിയില്‍പ്പെട്ട് അപകടം മുന്നില്‍ക്കണ്ട ഡല്‍ഹി - ശ്രീനഗര്‍ വിമാനത്തിന് പാക് വ്യോമ മേഖല ഉപയോഗിക്കാന്‍ അനുമതി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് അമൃതസര്‍ മേഖയിലൂടെ സഞ്ചരിച്ച ഇന്‍ഡിഗോ 6ഇ2142 വിമാനത്തിലെ പൈലറ്റാണ് പാക് വ്യോമ മേഖല ഉപയോഗിക്കാന്‍ അനുമതി തേടി ലാഹോര്‍ എയര്‍ട്രാഫിക് കണ്‍ട്രോളിനെ സമീപിച്ചത്. എന്നാല്‍ ലാഹോര്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ മോശം കാലാവസ്ഥയിലും നേരത്തെ നിശ്ചയിച്ച പാതയിലൂടെ തന്നെ വിമാനം സഞ്ചരിക്കേണ്ട നിലയുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ ഇന്‍ഡിഗോയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ടിഎംസി നേതാവും എംപിയുമായ ഡെറിക് ഒ ബ്രിയാന്‍, നദീമുള്‍ ഹഖ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 227യാത്രക്കാരുമായാണ് വിമാനം സഞ്ചരിച്ചിരുന്നത്. ആകാശച്ചുഴിയും കനത്ത ആലിപ്പഴം വീഴ്ചയും അതിജീവിച്ച വിമാനം ശ്രീനഗര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. സംഭവത്തില്‍ യാത്രക്കാരുള്‍പ്പെടെ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍ വിമാനത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ തകര്‍ന്ന നിലയിലുള്ള ഫോട്ടോകള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. യാത്ര ആരംഭിച്ച് 45-ാം മിനിറ്റിലാണ് മോശം കാലവസ്ഥ വിമാനത്തിന്റെ യാത്രയെ ബാധിച്ചെന്ന വിവരം പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ അറിയിച്ചത്. അടിയന്തര ലാന്‍ഡിങ്ങിന് അനുമതി തേടിയ വിമാനം വൈകീട്ട് 6.45 ന് സുരക്ഷിതമായി ശ്രീനഗറില്‍ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ - പാക് ബന്ധം വഷളായതോടെയാണ് വ്യോമ പാത ഉള്‍പ്പെടെ അടച്ച് ഇരുരാജ്യങ്ങളും നടപടികള്‍ കൈക്കൊണ്ടത്. ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ വ്യോമ പാതയും പാക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ പാത ഉപയോഗിക്കുന്നതും വിലക്കിക്കൊണ്ടായിരുന്നു ഇരു രാജ്യങ്ങളും നടപടി സ്വീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ