പ്രധാനമന്ത്രിയുടെ റോ‍‍ഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷിയുടെ കുടുംബം

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങളെ തകർത്ത ഓപ്പറേഷൻ സിന്ദൂർ മാധ്യമങ്ങൾക്ക് വിശദീകരിച്ച രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ് കേണൽ സോഫിയ ഖുറേഷി
Colonel Sofiya Qureshi
സോഫിയ ഖുറേഷി (Colonel Sofiya Qureshi)പിടിഐ
Updated on
1 min read

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദരയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ പങ്കെടുത്ത് കേണൽ സോഫിയ ഖുറേഷി (Colonel Sofiya Qureshi)യുടെ കുടുംബം. സോഫിയ ഖുറേഷിയുടെ മാതാപിതാക്കളായ താജ് മുഹമ്മദും ഹലീമ ഖുറേഷിയും സഹോദരിയും സഹോദരനും ജനങ്ങൾക്കൊപ്പം മോദിയെ സ്വീകരിച്ചു. വഡോദരയിലെ ഹാർണി വിമാനത്താവളത്തിൽ ആരംഭിച്ച റോഡ് ഷോയിൽ വിവിധ സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറി.

പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരതാവളങ്ങള്‍ തകർത്ത ഓപ്പറേഷൻ സിന്ദൂർ മാധ്യമങ്ങൾക്ക് വിശദീകരിച്ച രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥരിൽ ഒരാളാണ് കേണൽ സോഫിയ ഖുറേഷി. റാലിയിൽ പങ്കെടുത്ത പിതാവ് താജ് മുഹമ്മദ് മകളെയോർത്ത് അഭിമാനമാണെന്നും അവൾ രാഷ്‌ട്രത്തിന്റെ പുത്രിയായി ഉയർത്തപ്പെട്ടുവെന്നും മാധ്യമങ്ങളോട് പറഞ്ഞു.

“പ്രധാനമന്ത്രി മോദിയുടെ റോഡ്ഷോ വളരെ നന്നായിരുന്നു. പ്രധാനമന്ത്രി ഞങ്ങളെ കണ്ടതിൽ അഭിമാനമുണ്ട്. സോഫിയ ഖുറേഷി രാജ്യത്തിന്റെ മകളാണ്, അവൾ തന്റെ കടമ നിർവഹിക്കുക മാത്രമാണ് ചെയ്തത്,” അദ്ദേഹം പറഞ്ഞു. മാതാവ് ഹലീമ ഖുറേഷിയും മകൾക്ക് രാഷ്‌ട്രത്തെ സേവിക്കാൻ ലഭിച്ച അവസരത്തിൽ അഭിമാനം കൊണ്ടു. സോഫിയ ഖുറേഷിയുടെ ഇരട്ട സഹോദരിയും സഹോദരനും റോഡ്‌ഷോയിൽ ഉണ്ടായിരുന്നു.

"പ്രധാനമന്ത്രി മോദിയെ നേരിട്ട് കണ്ടതിൽ വലിയ സന്തോഷമുണ്ട്. സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി മോദി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. സോഫിയ എന്റെ ഇരട്ട സഹോദരിയാണ്. സഹോദരി രാജ്യത്തിനായി പ്രവർത്തിക്കുമ്പോൾ, അത് എനിക്ക് മാത്രമല്ല, മറ്റുള്ളവർക്കും പ്രചോദനം നൽകുന്നു. അവർ ഇനി എന്റെ സഹോദരി മാത്രമല്ല, രാജ്യത്തിന്റെ സഹോദരിയാണ്," സഹോദരി സുൻസാര പറഞ്ഞു.

"പ്രധാനമന്ത്രി രാജ്യത്തെ മുന്നിൽ നിന്ന് നയിക്കുകയും എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നത് അഭിമാനകരമാണ്. പ്രധാനമന്ത്രി മോദിയുടെ ഇന്നത്തെ റോഡ്ഷോയിൽ ധാരാളം സ്ത്രീകൾ പങ്കെടുത്തു. പാക് ഭീകരാക്രമണത്തിനെതിരെ മോദിയുടെ നേതൃത്വത്തിൽ നടന്നത് ​അഭിമാനകരമായ തിരിച്ചടിയാണ്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ നടന്ന വാർത്താ സമ്മേളനം നടന്തിയവരിൽ ഒരാൾ എന്റെ സഹോദരിയായിരുന്നു. സ്ത്രീകൾ തുല്യരാണെന്ന സന്ദേശമാണ് മോദി ഇതിലൂടെ നൽകിയത്" സുൻസാര പറഞ്ഞു.

കേണൽ ഖുറേഷിയുടെ സഹോദരൻ സഞ്ജയ് ഖുറേഷിയും ഓപ്പറേഷൻ സിന്ദൂരിന്റെ നേട്ടങ്ങൾ പങ്കുവെച്ചു. "പ്രധാനമന്ത്രി മോദി ഇവിടെ വന്നപ്പോൾ അതൊരു മനോഹരമായ നിമിഷമായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടു. അദ്ദേഹം ഞങ്ങളെ പ്രത്യഭിവാദ്യം ചെയ്തു. എന്റെ സഹോദരിക്ക് ഇങ്ങനെ ഒരവസരം നൽകിയതിന് പ്രതിരോധ സേനയോടും സർക്കാരിനോടും നന്ദി പറയുന്നു.‌‌" അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുജറാത്ത് സ്വദേശിയായ കേണൽ സോഫിയ ഖുറേഷിയുടെ പേരിൽ നിരവധി ബഹുമതികൾ ഉണ്ട്. 2016 ൽ, ആസിയാൻ പ്ലസ് മൾട്ടിനാഷണൽ റീജിയണൽ പരിശീലന അഭ്യാസത്തിൽ ഇന്ത്യൻ ആർമി പരിശീലന സംഘത്തെ നയിച്ച ആദ്യത്തെയും ഏക വനിതാ ഓഫീസറായി അവർ ചരിത്രം സൃഷ്ടിച്ചു. കരസേനാ ഉദ്യോഗസ്ഥയായ അവർ നിലവിൽ കോർപ്സ് ഓഫ് സിഗ്നൽസിലെ ഒരു എലൈറ്റ് യൂണിറ്റിനെ നയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com