
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ സൈനിക നീക്കത്തിനിടെ ഇന്ത്യയ്ക്കും യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തല്‍. സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ ( Anil Chauhan) ബ്ലൂംബര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കിയത്. എന്നാല്‍ ഇന്ത്യയുടെ ആറ് പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക്ക് അവകാശവാദം സംയുക്ത സേനാ മേധാവി തള്ളി. സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ തകര്‍ത്തുവെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉള്‍പ്പെടെ അവകാശപ്പെട്ടത്.
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ പോര്‍വിമാനം തകര്‍ന്നുവീണിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് സംയുക്ത സേനാ മേധാവി ഇന്ത്യയുടെ നഷ്ടത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. വിമാനം ഇന്ത്യന്‍ പോര്‍വിമാനം തകര്‍ന്നുവീണോ എന്നതല്ല, അത് സംഭവിക്കാനിടയായ സാഹചര്യം സംബന്ധിച്ചാണ് സംസാരിക്കേണ്ടത് എന്നായിരുന്നു അനില്‍ ചൗഹാന്റെ മറുപടി.
''എന്തുകൊണ്ടാണ് നഷ്ടങ്ങള്‍ ഉണ്ടായത്, അതിനുശേഷം എന്താണ് ചെയ്യേണ്ടത് എന്നതായിരുന്നു പ്രധാനം. ഏറ്റവും നല്ലകാര്യം എന്താണെന്ന് വെച്ചാല്‍, തന്ത്രപരമായ തെറ്റുകള്‍ മനസ്സിലാക്കാനും അതിന് ഉചിതമായ പരിഹാരം കണ്ട് തിരുത്താനും സാധിച്ചു. പിന്നീട്, മേയ് 7,8,10 തീയതികളില്‍ പാകിസ്ഥാനുള്ളില്‍ ദീര്‍ഘദൂരം കയറി വ്യോമതാവളങ്ങളിലടക്കം കനത്ത പ്രഹരമേല്‍പ്പിക്കുകയും ചെയ്തു. അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു'' അനില്‍ ചൗഹാന്‍ പറഞ്ഞു. പാകിസ്ഥാന് എതിരായ സൈനിക നീക്കത്തില്‍ ഇന്ത്യക്കും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നേരത്തേ എയര്‍ മാര്‍ഷല്‍ എ കെ ഭാരതിയും വ്യക്തമാക്കിയിരുന്നു.
അതേസമയം, നാല് ദിവസത്തോളം നീണ്ട ഇന്ത്യ - പാക് സംഘര്‍ഷം ഒരിക്കല്‍ പോലും ആണവയുദ്ധത്തിന്റെ വക്കില്‍ എത്തിയിട്ടില്ലെന്നും സംയുക്ത സൈനിക മേധാവി വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇടപെടലാണ് ആണവയുദ്ധം ഒഴിവാകാന്‍ കാരണമെന്ന വാദം നിരാകരിച്ചാണ് അദ്ദേഹം ഇത്തരം ഒരു പ്രതികരണം നടത്തിയത്. എന്നാല്‍ ആണവായുധങ്ങളുള്ള രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മില്‍ അരനൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മോശമായ ഏറ്റമുട്ടലായിരുന്നു മെയ് മാസത്തില്‍ ഉണ്ടായത് എന്നും സംയുക്ത സൈനിക മേധാവി വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ