കാലി എടിഎമ്മിന് പിന്നില്‍ റിസര്‍വ് ബാങ്കിന്റെ അറ്റകൈ പ്രയോഗം; തന്ത്രങ്ങളെല്ലാം പാളി; ബാങ്ക് നിക്ഷേപം കുത്തനെ കുറഞ്ഞു

നോട്ട് നിരോധനത്തെ തുടര്‍ന്നു ബാങ്കുകളില്‍ കുമിഞ്ഞുകൂടിയ പണത്തിന്റെ നല്ലൊരു പങ്കും പുറത്ത്; ഇപ്പോഴത്തെ ക്ഷാമം പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്ക് കൃത്രിമമായി സൃഷ്ടിച്ചതെന്നു കണക്കുകള്‍
കൊച്ചിയില്‍ എടിഎമ്മിനു മുന്‍പില്‍ ഇന്നലെ കാത്തിരിക്കുന്നവര്‍. ചിത്രം: മെല്‍ട്ടന്‍ ആന്റണി
കൊച്ചിയില്‍ എടിഎമ്മിനു മുന്‍പില്‍ ഇന്നലെ കാത്തിരിക്കുന്നവര്‍. ചിത്രം: മെല്‍ട്ടന്‍ ആന്റണി

വിഷു, ഈസ്റ്റര്‍ കാലത്തു പോലും പണമില്ലാത്ത എടിഎമ്മുകള്‍ എന്ന പ്രതിഭാസത്തിനു പിന്നില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച അറ്റകൈപ്രയോഗമെന്നു രേഖകള്‍. കറന്‍സി വിതരണം പരിമിതപ്പെടുത്താനായി കൃത്രിമമായി സൃഷ്ടിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

1000, 500 രൂപ നോട്ടുകള്‍ നിരോധിച്ച ശേഷം ബാങ്കുകളില്‍ കുമിഞ്ഞുകൂടിയനിക്ഷേപത്തില്‍ നല്ല പങ്കും പുറത്തെത്തിയതോടെ വീണ്ടും ബാങ്കിങ് പ്രതിസന്ധിയുടെ ലക്ഷണം തുടങ്ങിയതാണ് നടപടിക്കു പിന്നില്‍. പരിഭ്രാന്തരായ ആളുകള്‍ ബാങ്കിലേക്കു തിരികെ പണമിടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായേക്കും. ദക്ഷിണേന്ത്യയിലെ 40 ശതമാനം വരെ എടിഎമ്മുകളില്‍ ശേഷിയുടെ 30 ശതമാനം മാത്രമാണ് തുക ശേഷിക്കുന്നത്. കേരളത്തില്‍ ഗ്രാമീണ എടിഎമ്മുകള്‍ ഏറെക്കുറെ പൂട്ടിയ അവസ്ഥയിലാണ്. ചെന്നൈയില്‍ 60 ശതമാനം എടിഎമ്മുകളിലും പണമില്ല. കൊച്ചി നഗരത്തിലെ ഭൂരിപക്ഷം എടിഎമ്മുകളും പെസഹാ വ്യാഴ ദിവസം രാവിലെ തന്നെ കാലിയായി. 

വന്‍തോതില്‍ കൂടുതല്‍ പണം പുറത്തേക്ക് ഒഴുകാതിരിക്കാന്‍ 2000 രൂപ നോട്ടുകളുടെ വിതരണം റിസര്‍വ് ബാങ്ക് പരിമിതപ്പെടുത്തിയതാണ് ഇപ്പോള്‍ പെട്ടെന്നുണ്ടായ പ്രതിസന്ധിക്കു പിന്നില്‍. മൂന്നാഴ്ചയായി 2,000 രൂപ നോട്ടുകള്‍ നേരത്തെ ലഭിച്ചിരുന്നതിന്റെ 10 മുതല്‍ 15 ശതമാനം വരെ മാത്രമെ ലഭിക്കുന്നുള്ളുവെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ആസ്ഥാനത്തു നിന്ന് സമകാലിക മലയാളത്തോട് സ്ഥിരീകരിച്ചു. 

പണമില്ലാത്ത എടിഎമ്മുകളും ചില്ലറ മാറാന്‍ കഴിയാത്ത കടകളും ഇടവേളയ്ക്കു ശേഷം വീണ്ടും രൂപപ്പെട്ടത് റിസര്‍വ് ബാങ്കിന്റെ ബോധപൂര്‍വ്വമായ ശ്രമങ്ങളെ തുടര്‍ന്നാണ് എന്നു വ്യക്തമാവുകയാണ്. നോട്ട് നിരോധനം കൊണ്ടു ലക്ഷ്യമിട്ട അവസാനത്തെ മോഹവും പാളുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് ഇപ്പോഴത്തെ നീക്കം. നോട്ട് നിരോധിക്കുന്നതോടെ ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപം എത്തുമെന്നും ഈ പണം ഉപയോഗിച്ച് വായ്പ നല്‍കാന്‍ കഴിയുമെന്നുമുള്ള ലക്ഷ്യമാണ് ഇപ്പോള്‍ തകര്‍ന്നത്. നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളില്‍ നിന്ന് പുറത്തുപോയ ഒന്‍പതു ലക്ഷം കോടി രൂപയെങ്കിലും തിരികെ ബാങ്കിങ് സംവിധാനത്തില്‍ എത്തിയില്ല. ഇതോടെയാണ് നിക്ഷേപം കുത്തനെ കുറഞ്ഞത്. 

നോട്ട് നിരോധനത്തെ തുടര്‍ന്ന് എത്തിയ പണത്തില്‍ നിന്ന് 5.93 ലക്ഷം കോടി രൂപ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ക്കറ്റ് സ്റ്റെബിലൈസേഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ചിരുന്നു. എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഈ പദ്ധതിയില്‍ ബാങ്കുകളുടെ നിക്ഷേപം എത്തിയത്. 50,000 കോടി രൂപ വരെ മാത്രമേ ഇതില്‍ നിക്ഷേപിക്കാന്‍ നേരത്തെ അനുവാദം ഉണ്ടായിരുന്നുള്ളു. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇളവു നല്‍കിയതോടെയാണ് ആറു ലക്ഷം കോടി രൂപ വരെ ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അവസരം ഒരുങ്ങിയത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ പണം ബാങ്കുകളില്‍ അധികമായി വന്നത് ഡിസംബര്‍ 31ന് ആണ്. അന്നാണ് 5.93 ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിന്നു നിക്ഷേപമായി റിസര്‍വ് ബാങ്കില്‍ എത്തിയത്. അത് അന്നു മുതല്‍ കുറഞ്ഞു വന്ന് ഈ പദ്ധതിയില്‍ ഇപ്പോള്‍ ഒരു രൂപ പോലും ബാങ്കുകള്‍ക്കു നിക്ഷേപമില്ല. വന്‍ പ്രതിഷേധത്തെ തുടര്‍ന്നു നിയന്ത്രണങ്ങള്‍ മാറ്റിയതോടെ ജനം കൂട്ടമായെത്തി പണം പിന്‍വലിച്ചതാണു കാരണം. 

(റിസര്‍വ് ബാങ്കിന്റെ മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ചു പ്രാചരണത്തിലുള്ള നോട്ടിന്റെയും നിക്ഷേപത്തിന്റെയും കണക്ക്. തുക ബില്യണില്‍-100 കോടിയില്‍.)
ഇതു തന്നെയാണ് പൊതുജനങ്ങളുടെ ബാങ്കിലുള്ള നിക്ഷേപത്തിന്റെ സ്ഥിതിയും. നവംബര്‍ എട്ടിന് രാജ്യത്തെ എല്ലാ ബാങ്കുകളിലും ആയുള്ള നിക്ഷേപം 5.74 ലക്ഷം കോടി രൂപയായിരുന്നു. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇത് 14.28 ലക്ഷം കോടി രൂപ വരെയായി ഉയര്‍ന്നു. ഇതും ഡിസംബര്‍ 31ന് രേഖപ്പെടുത്തിയ നിക്ഷേപമാണ്. എന്നാല്‍ ആ പണവും പിന്നീടു കുത്തനെ ഇടിഞ്ഞു. ഇപ്പോള്‍ നിക്ഷേപം പത്തു ലക്ഷത്തിലും താഴെ പോകും എന്ന സ്ഥിതി വന്നതോടെയാണ് റിസര്‍വ് ബാങ്ക് കൃത്രിമ ക്ഷാമം സൃഷ്ടിച്ചതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 14.28 ലക്ഷം കോടി രൂപ ബാങ്കുകളില്‍ നിക്ഷേപം ഉണ്ടായിരുന്ന അതേ ദിവസം തന്നെയാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിലും 5.93 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നത്. ഡിസംബര്‍ 31ന് ആയിരുന്നു ഇത്. ഇതു രണ്ടും ചേര്‍ന്നു തന്നെ 20.21 ലക്ഷം കോടി രൂപ വരും. ഇതില്‍ നിന്ന് 10 ലക്ഷം കോടി രൂപയും ഇപ്പോള്‍ പുറത്തെത്തി കഴിഞ്ഞു. (ചാര്‍ട്ട്‌ കാണുക)

മാത്രമല്ല ബാങ്കുകള്‍ പണമായി സൂക്ഷിക്കേണ്ട തുകയില്‍ കുറവു വരുത്തിയ ശേഷവുമാണ് ഇപ്പോഴത്തെ കറന്‍സിക്ഷാമം. കഴിഞ്ഞയാഴ്ച 15,000 കോടി രൂപയുടെ കറന്‍സി   ശേഖരം 12,000 കോടി രൂപയായി കുറയ്ക്കുകയും ചെയ്തു. എന്നിട്ടും പ്രതിസന്ധി തുടരുകയാണ്.  നോട്ട് നിരോധനത്തിന്റെ പ്രധാന നാലു ലക്ഷ്യങ്ങളില്‍ നാലാമത്തേത് ആയിരുന്നു ബാങ്കുകളിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നത്. അതാണ് ഇപ്പോള്‍ തകര്‍ന്നത്. 

ആദ്യത്തെ മൂന്നു ലക്ഷ്യങ്ങളായ കള്ളപ്പണം തടയുക, കള്ളനോട്ട് തടയുക, ഡിജിറ്റല്‍ പണം വ്യാപകമാക്കുക എന്നിവയുടെ മുന ആദ്യഘട്ടത്തില്‍ തന്നെ ഒടിഞ്ഞിരുന്നു. കള്ളപ്പണമായി കയ്യിലുള്ള കറന്‍സി ബാങ്കില്‍ എത്തില്ലെന്നും ആ നിലയ്ക്ക് അഞ്ചുലക്ഷം കോടി രൂപയുടെ ലാഭമെങ്കിലും വരും എന്നുമായിരുന്നു ആദ്യ നിഗമനം. റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നതിലും തുക തിരികെ എത്തിയതോടെ ആ ലക്ഷ്യം പാളി. എത്രപണം തിരികെ വന്നുവെന്ന് അതുകൊണ്ടു തന്നെ പുറത്തു വിട്ടിട്ടുമില്ല. നിരോധിച്ചപ്പോള്‍ പറഞ്ഞിരുന്ന മൂല്യത്തിന്റെ 100 ശതമാനത്തില്‍ കൂടുതല്‍ തിരികെ എത്തിയതോടെ പദ്ധതി നഷ്ടത്തിലാവുകയായിരുന്നു.

500, 1000 രൂപയുടെ കള്ളനോട്ട് കണ്ടെത്താം എന്ന നീക്കവും പാളി. സാധാരണ കണ്ടെത്താറുള്ളതുപോലെ ബാങ്കിങ് സംവിധാനത്തിലൂടെ 0.0003 ശതമാനം കള്ളനോട്ട് മാത്രമാണ് ഈ കാലയളവിലും ലഭിച്ചത്. ഡിജിറ്റല്‍ പണം വ്യാപകമാക്കാനുള്ള ശ്രമവും പിന്നോട്ടടിക്കുകയും ബാങ്കിങ് ട്രാന്‍സാക് ഷനുകള്‍ കുത്തനെ കുറയുകയും ചെയ്തു. പുറത്തു പണം പ്രചരിക്കാത്തതിനാല്‍ ഉണ്ടായ വ്യാപാര മാന്ദ്യമാണ് ഡിജിറ്റല്‍ പണത്തേയും ബാധിച്ചത്. ബാങ്കുകളിലെ നിക്ഷേപം ഉപയോഗിച്ച് വ്യവസായിക വളര്‍ച്ചയുണ്ടാക്കാം എന്ന ശ്രമം പരാജയപ്പെട്ടതിന്റെ ലക്ഷണമാണ് ഏറ്റവും ഒടുവില്‍ റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന കറന്‍സി ക്ഷാണം എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com