നമ്മുടെ ആംബി അവരുടെ ജാഗ്വര്‍

ബ്രിട്ടണിലുള്ള ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഏറ്റെടുത്ത് വിജയപാതയിലെത്തിച്ച ടാറ്റ മോട്ടോഴ്‌സിന്റെ വഴിയിലകുമോ അംബാസഡര്‍ സ്വന്തമാക്കിയ ഇറ്റാലിയന്‍ കമ്പനി പ്യൂഷെ? 

തലവര എന്നാല്‍ ഇതാണ്. സാധാരണക്കാരനായി വന്ന് രാജാവായി മടങ്ങുക. ഒരു വാഹനത്തിനോട് ആര്‍ക്കെങ്കിലും പ്രേമമുണ്ടാകുമോ? ഉണ്ടാകും. അതാണല്ലോ 2014 മെയ് 25ന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തങ്ങള്‍ അംബാസഡര്‍ കാര്‍ നിര്‍മാണം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ വാഹന പ്രേമികള്‍ വിലാപ കാവ്യങ്ങള്‍ വരെ രചിച്ചത്. വാഹനം എന്നതിലുപരി വികാരമായിരുന്നു ഇന്ത്യക്കാര്‍ക്ക് അംബാസഡറുമായി. എന്നാല്‍ ഈ വൈകാരികത കൊണ്ട് വയര്‍ നിറയില്ലല്ലോ എന്ന് കരുതിയാകണം ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച കാറിന് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് ഫുള്‍സ്റ്റോപ്പിട്ടത്. അംബാസഡര്‍ നിര്‍മാണം നിര്‍ത്തലാക്കിയതറിഞ്ഞ് ബ്രിട്ടണിലുള്ള ബിബിസിക്കാര്‍ വരെ ക്യാമറയും തൂക്കി വന്നു. ദി ടെലിഗ്രാം ഫോട്ടോ ഫീച്ചര്‍ ഇട്ടു. ഇതാണ് ആംബിയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം.
നാട്ടിന്‍പുറങ്ങളിലെ കല്ല്യാണ വണ്ടി തൊട്ട് പ്രധാനമന്ത്രിയുടെ വണ്ടി വരെ. കാശ്മീര്‍ തൊട്ട് കന്യാകുമാരി വരെ. ആംബി എന്ന് സ്‌നേഹത്തോടെ വിളിക്കും. അംബാസഡര്‍ എന്നാണ് മുഴുവന്‍ പേര്. 1958ല്‍ ബ്രിട്ടണിലെ മോറിസ് മോട്ടോഴ്‌സിന്റെ മോറിസ് ഓക്‌സ്‌ഫോഡ് സീരീസ് അടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ജനനം. വിപണിയിലെത്തിയത് മുതല്‍ അര നൂറ്റാണ്ടിലധികം കാലം ഇന്ത്യന്‍ നിരത്തുകളിലെ രാജാവ് തന്നെയായിരുന്നു അംബാസഡര്‍ എന്നാണ് ഇത് ഇപ്പോഴും ഓടിക്കുന്നവര്‍ പറയുന്നത്. 


ഒരു വാഹനം ഒരു ജനതയ്ക്ക് മൊത്തം യാത്രാഉപകരണം എന്നതിലപ്പുറം വൈകാരിക ബന്ധം കൂടിയുണ്ടാകണമെങ്കില്‍ ആ വാഹനത്തിന്റെ മഹത്വം അത്ര ചില്ലറയാകില്ല. 1958 മുതല്‍ 1980കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ റോഡുകള്‍ അടക്കിവാണ ആംബിക്ക് പിന്നീടെന്ത് സംഭവിച്ചു?  
ഷെവര്‍ലെ കോര്‍വെറ്റ്, ഫോക്‌സ്‌വാഗന്‍ ബീറ്റില്‍, മിനി, പോര്‍ഷെ 911 എന്നീ മോഡലുകള്‍ക്ക് ഇന്നും വിപണിയില്‍ സ്വീകാര്യതയും മുകളില്‍ പറഞ്ഞരീതിയിലുള്ള വൈകാരിക ബന്ധങ്ങളുമുണ്ട്. എന്നാല്‍ ഇവയ്ക്ക് ഇന്നും വിപണിയില്‍ ഡിമാന്‍ഡുണ്ട്. 2014ല്‍ നിര്‍മാണം നിര്‍ത്തുന്ന സമയത്ത് 2,200 കാറുകളാണ് വില്‍പ്പന നടത്തിയിരുന്നത്. വര്‍ഷം 20 ലക്ഷത്തിനടുത്ത് യൂണിറ്റ് വില്‍പ്പന നടത്തിയിരുന്ന സ്ഥാനത്താണിത്.


ഇതേ രീതിയിലായിരുന്നു ബ്രിട്ടീഷ് കമ്പനി ജാഗ്വര്‍ ലാന്‍ഡ്‌റോവറിന്റെയും (ജെഎല്‍ആര്‍) അവസ്ഥ. സംഗതി വന്‍കിടക്കാരായ ഫോര്‍ഡാണ് ഉടമസ്ഥരായിരുന്നതെങ്കിലും വില്‍പ്പന നടന്നില്ലെങ്കില്‍ കച്ചവടം പൂട്ടേണ്ടി വരുമെന്ന് ഏത് പോലീസുകാരനും അറിയാം. എന്നാല്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ കാര്യമെത്തുമ്പോള്‍ അടച്ചുപൂട്ടലുകള്‍ ചുരുക്കമാണ്. അതേസമയം, നഷ്ടം വരുന്ന ആ ബ്രാന്‍ഡ് മൊത്തമായി മറ്റൊരു കമ്പനിക്ക് വില്‍പ്പന നടത്തും. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന ജെഎല്‍ആറിനെ രണ്ട് ബില്ല്യന്‍ ഡോളറിനാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ ഗ്രൂപ്പ് 2008ല്‍ സ്വന്തമാക്കിയത്. ഇതേ രീതിയില്‍ നഷ്ടം നടത്തി ഉല്‍പ്പാദനം നിര്‍ത്തിയ അംബാസഡര്‍ ബ്രാന്‍ഡിന് ഇറ്റാലിയന്‍ കമ്പനി പ്യൂഷെ 80 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. 


ജെഎല്‍ആര്‍ ടാറ്റ മോട്ടോഴ്‌സിന്റെ കൈകളിലെത്തിയ ശേഷം പച്ചപിടിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വീണ്ടും ആംബി തിരിച്ചുകിട്ടുമോ എന്നതില്‍ പ്യൂഷെ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ ഒന്നു കൈവച്ചതിന് ശേഷം പിന്മാറിയ കമ്പനിയാണ് പ്യൂഷെ. അതുകൊണ്ട് തന്നെ അംബാസഡര്‍ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥരായ സികെ ബിര്‍ള ഗ്രൂപ്പുമായി കമ്പനി ഇതിന് മുമ്പ് തന്നെ കരാറിലെത്തിയിട്ടുണ്ട്. ബ്രാന്‍ഡിന്റെ കാര്യത്തില്‍ ഈയടുത്താണ് തീരുമാനമായതെന്ന് മാത്രം. 
ഫോര്‍ഡിനെ സംബന്ധിച്ച് 1990ല്‍ ബിഎംഡബ്ല്യുവില്‍ നിന്ന് ജെഎല്‍ആര്‍ മുഴുവനായും വാങ്ങുമ്പോള്‍ രണ്ടര ബില്ല്യന്‍ ഡോളര്‍ നല്‍കിയിരുന്നെങ്കിലും ബ്രാന്‍ഡിനെ ഒന്നു മെച്ചപ്പെടുത്താന്‍ പത്ത് ബില്ല്യന്‍ ഡോളര്‍ കൂടി ചെലവാക്കേണ്ടി വന്നു. എന്നിട്ടും രക്ഷയുണ്ടായില്ല. 
ഇത്രയധികം സ്വീകാര്യത ഉണ്ടായിട്ടും പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ മതിയെന്ന ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ വിലയിരുത്തലാണ് ആംബിയുടെ തിരിച്ചടിയില്‍ നിര്‍ണായകമായത്. 1958ല്‍ നിര്‍മിച്ച ആദ്യ മോഡല്‍ അംബാസഡറും നിര്‍മാണം നിര്‍ത്തുന്നതിന് മുമ്പ് വരെ നിര്‍മിച്ച അംബസാഡറും രൂപത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായിരുന്നില്ല.


പതിറ്റാണ്ടുകളോളം പാരമ്പര്യമുള്ള ബ്രാന്‍ഡുകള്‍ കാലത്തിനനുസരിച്ച് മാറ്റം വരുത്തുന്നതിന് മുന്‍ഗണന നല്‍കിയപ്പോള്‍ അംബാസഡര്‍ കണ്ട ഭാവം നടിച്ചില്ല. പിന്നീട് ഫിയറ്റ് 1100, 124 എന്ന പ്രീമിയര്‍ പദ്മിനി മോഡലുകള്‍ എത്തിയതോടെ ഇന്ത്യന്‍ വാഹന വിപണിയില്‍ ആംബിയുടെ പതനം തുടങ്ങി. 1983ല്‍ എത്തിയ മാരുതിയുടെ 800 ഇന്ത്യയിലെ ഇതിഹാസ കാറിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു. 1990 മുതല്‍ ടൊയോട്ട, മിറ്റ്‌സുബിഷി തുടങ്ങിയ കമ്പനികള്‍ കൂടി വിപണിയിലെത്തിയതോടെ പതനം പൂര്‍ത്തിയായി. ലോകത്തിലെ ഏറ്റവും മികച്ച ടാക്‌സി കാറെന്ന വിശേഷണം മാത്രമാണ് ആംബി അതുവരെ അവശേഷിപ്പിച്ചത്.


ഏതായാലും, ഇന്ന് ടാറ്റ മോട്ടോഴ്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്നത് ജാഗ്വര്‍ ലാന്‍ഡ് റോവറാണെന്നിരിക്കെ ഇന്ത്യയുടെ ജനപ്രിയ താരത്തെ സ്വന്തമാക്കിയ പ്യൂഷെ അംബാസഡര്‍ ബ്രാന്‍ഡ് കൊണ്ട് പുതിയ ചരിത്രം രചിക്കുമോ എന്നാണ് വാഹന ലോകം ഉറ്റുനോക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com