യുവ എഞ്ചിനിയറുടെ ആത്മഹത്യ രാജ്യത്തിനുള്ള മുന്നറിയിപ്പ്; ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാകും

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനികള്‍ക്ക് നേരിടേണ്ടി വന്നതിനേക്കാള്‍ വരുമാനത്തില്‍ 12 ശതമാനം വരുമാന നഷ്ടമായിരിക്കും ഉണ്ടാവുക
യുവ എഞ്ചിനിയറുടെ ആത്മഹത്യ രാജ്യത്തിനുള്ള മുന്നറിയിപ്പ്; ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിസന്ധി രൂക്ഷമാകും

പുനെയില്‍ ജീവനൊടുക്കിയെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറുടെ ആത്മഹത്യ രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. രാജ്യം പുരോഗതിയുടെ പാതയിലെന്ന് അവകാശപ്പെടുന്നവര്‍ക്കുള്ള മറുപടി കൂടി ആയിരുന്നു ആന്ധ്രപ്രദേശ് സ്വദേശിയായ ഗോപീകൃഷ്ണ ദുര്‍ഗപ്രസാദിന്റെ ആത്മഹത്യ. 

ഐടി മേഖലയിലെ തൊഴില്‍ സുരക്ഷിതത്വമില്ലായ്മ തന്നെ പേടിപ്പിക്കുന്നു, തന്റെ കുടുംബത്തെ വേണ്ടവിധം നോക്കാന്‍ സാധിക്കുമോ എന്നതിന് ഉറപ്പില്ല എന്നായിരുന്നു ഹോട്ടല്‍ മുറിയിലെ ടെറസില്‍ നിന്നും ചാടി ജീവന്‍ അവസാനിപ്പിക്കുന്നതിന് മുന്‍പ് ഗോപീകൃഷ്ണ കുറിച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള ഗോപീകൃഷ്ണ ഡല്‍ഹി, ഹൈദരാബാദ്, എന്നിവിടങ്ങളില്‍ ജോലി ചെയ്തതിന് ശേഷമാണ് പുനെയിലേക്ക് എത്തുന്നത്. ആത്മഹത്യ ചെയ്യുന്നതിന് മൂന്ന് ദിവസം മുന്‍പാണ് പുനെയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ലഭിക്കുന്നത്.

ഐടി മേഖലയിലെ വരും നാളുകള്‍ അത്ര ശുഭകരമല്ല എന്ന സൂചനയാണ് ഉയരുന്നത്. ജിഎസ്ടി സൃഷ്ടിക്കുന്ന ആശങ്കയും, ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായിരിക്കുന്ന തിരിച്ചടിയും, ലോകത്തിന് മുന്നിലേക്കെത്തുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ഐടി മേഖലയെ മാത്രമല്ല, ടെലികോം, ബാങ്കിങ്,ഫാര്‍മ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പുകള്‍. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നെറ്റ് പ്രോഫിറ്റിലുണ്ടായ നഷ്ടം 5.9 ശതമാനമാണെന്നാണ് ഐടി മേഖലയിലെ വമ്പന്മാരില്‍ ഒന്നായ ടിസിഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വരുമാനത്തില്‍ ഏഴ് ശതമാനത്തിന്റെ കുറവുണ്ടായിരിക്കുന്നതായാണ് ബജാജ് ഓട്ടോയുടെ കണക്ക്. ഇങ്ങനെ വരുമാനത്തിലുണ്ടാകുന്ന കുറവ് മറ്റ് ഐടി കമ്പനികളേയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് അടുത്തുവന്നിരിക്കുന്നത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനികള്‍ക്ക് നേരിടേണ്ടി വന്നതിനേക്കാള്‍ വരുമാനത്തില്‍ 12 ശതമാനം വരുമാന നഷ്ടമായിരിക്കും ഉണ്ടാവുക എന്നാണ് വിലയിരുത്തല്‍. ജിഎസ്ടി നടപ്പാക്കിയതാണ് ഇതിന്റെ കാരണമായി പറയുന്നത്. ഫാര്‍മ, കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളേയും പുതിയ നികുതി വ്യവസ്ഥ ബാധിക്കും. ജിഎസ്ടിക്ക് പുറമെ, ഐടി മേഖലയില്‍ ടെക്‌നോളജിയിലുണ്ടാകേണ്ട മാറ്റങ്ങള്‍, ജീവനക്കാര്‍ക്കുള്ള വരുമാന വര്‍ധന എന്നിവയും കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു.

ബാങ്കിങ്, എണ്ണ കമ്പനികള്‍ ഒഴികെയുള്ള മേഖലകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം നേട്ടങ്ങള്‍ ഉണ്ടാക്കില്ല എന്നാണ് ജാപ്പനീസ് കമ്പനിയായ നോമുറയുടെ പ്രവചനം. മൂന്ന് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വരുമാനമായിരിക്കും ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com