കാറ് വാങ്ങാന്‍ ഒരുങ്ങുകയാണോ?  ഈ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം കണ്ടെത്തൂ

മഴക്കാലമായതോടെ ബൈക്കുകള്‍ വിട്ട് കാറിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് ആളുകള്‍. എന്നാല്‍, കൃത്യമായ ആസൂത്രണമില്ലെങ്കില്‍ കാര്‍ വാങ്ങുന്നതോടെ നമ്മുടെ സാമ്പത്തി പ്ലാനിംഗുകള്‍ അവതാളത്തിലാകും
കാറ് വാങ്ങാന്‍ ഒരുങ്ങുകയാണോ?  ഈ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം കണ്ടെത്തൂ

സാധാരണക്കാരനെ അപേക്ഷിച്ച് ഒരു കാറ് വാങ്ങുക എന്നത് നിര്‍ണായക സാമ്പത്തിക തീരുമാനമാണ്. വില കുറഞ്ഞതും കൂടിയതും ഇടത്തരത്തിലുമുള്ള നിരവധി മോഡലുകള്‍ വിപണിയിലുള്ള സാഹചര്യത്തില്‍ കാറ് വാങ്ങുക എന്നത് ലളിതമായ സംഗതിയാണ്. എന്നാല്‍, കാര്‍ വാങ്ങുന്നതിന് മുമ്പ് ആദ്യം തീരുമാനിക്കേണ്ടത് ഇത് ശരിയായ സാമ്പത്തിക തീരുമാനം തന്നെയാണോ എന്നതാണ്. 

കാറ് വാങ്ങുമ്പോള്‍ ഈ ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടത്തേണ്ടതുണ്ട്.​

1-വാഹന വായ്പയെന്ന സാമ്പത്തിക വേലി മറികടക്കാന്‍ താന്‍ പ്രാപ്തനാണോ?
ഒരു കാര്‍ വാങ്ങണം എന്ന് ആലോചിക്കുമ്പോള്‍ സാധാരണക്കാരനെ അപേക്ഷിച്ച് ആദ്യം നോക്കുന്നത് വാഹന വായ്പകളെയാണ്. എന്നാല്‍ മാസതവണകളായി നിങ്ങളുടെ വരുമാനത്തില്‍ നിന്നുമുള്ള നിശ്ചിത സംഖ്യ വാഹന ലോണിന്റെ തിരിച്ചടവിലേക്ക് മാറുമ്പോഴുണ്ടാകുന്ന സാമ്പത്തിക താളപ്പിഴകള്‍ക്ക് പരിഹാരം കണ്ടത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ആദ്യമായി വായ്പയെടുക്കുന്നവര്‍. 
ഇനി മറ്റു ഇഎംഐകള്‍ അടക്കുന്നവരാണെങ്കില്‍ പുതിയ കാര്‍ ലോണ്‍ അടക്കം മൊത്തം വരുമാനത്തിന്റെ 40 ശതമാനം ഇതിനായി മാത്രം ചെലാവക്കരുത്. അങ്ങനെ ചെലവാക്കിയാല്‍ സാമ്പത്തിക ഞെരുക്കമായിരിക്കും ഫലം.

2-കാര്‍ പരിപാലിക്കാനുള്ള സാമ്പത്തിക ചെലവ് കൈകാര്യം ചെയ്യാന്‍ സാധിക്കുമോ?
ഒരു കാര്‍ എടുത്താല്‍ എണ്ണയടിച്ച് വെറുതെ ഓടിച്ചാല്‍ മാത്രം പോര. അങ്ങനെ ഓടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെങ്കിലും കാറിന്റെ ആയുസ് കുറയും. എന്തായാലും സ്വന്തം കാറിനെ പരിപാലിക്കാത്തവരായി ആരുമുണ്ടാകില്ല. അതാണ് പറയുന്നത്, മെയിന്റനന്‍സ് അല്ലെങ്കില്‍ പരിപാലനം എന്ന്. ഒരു കാറിന്റെ മെയിന്റനന്‍സ് ബൈക്കിനെ പോലെയല്ല. ടയര്‍ മാറ്റുക, എഞ്ചിന്‍ ഓയില്‍ മാറ്റുക തുടങ്ങി ഈ കയ്യില്‍ നിന്നും പണം ഇറങ്ങുന്നതിന്റെ വഴികാണില്ല. ഈ ചെലവ് താങ്ങാന്‍ താന്‍ സാമ്പത്തികമായി പ്രാപ്തനാണോ എന്നാണ് സ്വയം ചോദിക്കേണ്ടത്. യാത്രാ ചെലവ് കൂടുന്നതും ഇതില്‍പ്പെടും.

3-സെക്കന്‍ഡ് ഹാന്‍ഡ് ആണെങ്കിലോ?
കാര്‍ എടുക്കുന്നവര്‍ക്കുണ്ടാകുന്ന ഒരു ആശയക്കുഴപ്പമാണിത്. വാങ്ങുന്നത് പുതിയത് വേണോ അതോ സെക്കന്‍ഡ് ഹാന്‍ഡ് മതിയോ എന്ന്. കാര്‍ എന്നത് ഒരു ആസ്തിയായായണ് ഇന്ത്യയില്‍ പരിഗണിക്കുന്നത്. സത്യത്തില്‍ അതൊരു ബാധ്യതയാണ്. ഈ ബാധ്യത ചെലവേറിയതാക്കാതെ നോക്കണം.
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് കുറഞ്ഞ പുതിയതിനെ അപേക്ഷിച്ച് കുറഞ്ഞ പണം മാത്രം മതിയാകും. എന്നാല്‍, ഇവയുടെ സര്‍വീസിംഗ്, ലൈഫ്, എന്‍ജിന്‍ കണ്ടീഷന്‍ തുടങ്ങിയ നിരവധി നൂലാമാലകളുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങുന്നതായിരിക്കും ഉചിതം.

4-എപ്പോഴെങ്കിലും വില്‍ക്കാനുള്ള പരിപാടിയുണ്ടോ?
പുതിയ കാറാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ റീസെയില്‍ മൂല്യം കൂടി നോക്കുക. ഇന്ന് വിപണിയിലുള്ള ചില ബ്രാന്‍ഡുകള്‍ക്ക് മികച്ച റീസെയില്‍ വാല്യൂ ഉണ്ട്. ഇതില്ലാത്ത വാഹനം എടുത്ത് പിന്നീടെപ്പോഴെങ്കിലും വില്‍പ്പന നടത്താനുള്ള പരിപാടിയുണ്ടെങ്കില്‍ കൈപൊള്ളും. അതുപോലെതന്നെയാണ് വാഹനവുമായി ബന്ധപ്പെട്ട രേഖകളും. ഇവ ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുകയും കൃത്യമാക്കുകയും ചെയ്യണം.

5-നല്ല സര്‍വീസായിരിക്കുമോ?
നല്ല സര്‍വീസ് നല്‍കുന്ന, സര്‍വീസ് ശൃംഖല വിപുലമായുള്ള കമ്പനികളുടെ കാറുകള്‍ വാങ്ങുന്നതാണ് നല്ലത്. മുകളില്‍ പറഞ്ഞ പോലെ സര്‍വീസ് നന്നായില്ലെങ്കില്‍ വാഹനം കൊണ്ടുള്ള ഉപകാരം നടക്കില്ല. ഏത് ഭാഗത്ത് ചെന്നാലും സര്‍വീസ് ലഭ്യമാകുന്ന സര്‍വീസ് നെറ്റ്‌വര്‍ക്കുള്ള കമ്പനികളുടെ  വാഹനങ്ങള്‍ വാങ്ങാന്‍ പരമാവധി ശ്രമിക്കുക.

6-മറ്റുള്ള ചെലവുകളോ?
ഇന്‍ഷൂറന്‍സ് പരിരക്ഷയ്‌ക്കൊപ്പം മ്യൂസിക്ക് സിസ്റ്റം, പാര്‍ക്കിംഗ് ക്യാമറ/സെന്‍സര്‍ തുടങ്ങിയ ഫീച്ചറുകളും കാറിന് വേണ്ടതുണ്ട്. ബൈക്കിന് ശരാശരി 2,000 രൂപവരെ ഇന്‍ഷൂറന്‍സ് തുകയുള്ളപ്പോള്‍ കാറിന് ഇത് 10,000 രൂപവരെയാണ്. മ്യൂസിക്ക് സിസ്റ്റമടക്കമുള്ള ഫീച്ചറുകള്‍ നല്‍കിയാണ് മിക്ക കമ്പനികളും കാറുകള്‍ വില്‍പ്പന നടത്തുന്നത്. ഇതിലും മികച്ചത് വേണമെങ്കില്‍ അതിനുള്ള ചെലവ് കൂടി കണ്ടത്തേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com