'പിഎന്‍ബി' മഞ്ഞുമലയുടെ ഒരു അഗ്രം മാത്രം; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖല ബാങ്കുകള്‍ക്ക് നഷ്ടമായത് 61,260 കോടി രൂപ 

കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് 61,260 കോടി രൂപ നഷ്ടമായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകള്‍
'പിഎന്‍ബി' മഞ്ഞുമലയുടെ ഒരു അഗ്രം മാത്രം; കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊതുമേഖല ബാങ്കുകള്‍ക്ക് നഷ്ടമായത് 61,260 കോടി രൂപ 

ന്യൂഡല്‍ഹി:  കഴിഞ്ഞ അഞ്ചുവര്‍ഷകാലയളവില്‍ സാമ്പത്തിക തട്ടിപ്പുകേസുകളില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ക്ക് 61,260 കോടി രൂപ നഷ്ടമായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകള്‍. 8670 കേസുകളിലായാണ് ബാങ്കുകള്‍ക്ക് ഇത്രയും വലിയ തുക നഷ്ടമായതെന്നും റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ദിവസം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന രാജ്യം കണ്ട ഏറ്റവും വലിയ കുംഭകോണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നിശ്ചിത കാലയളവില്‍ മറ്റു പൊതുമേഖല ബാങ്കുകളില്‍ ഉള്‍പ്പെടെ നടന്ന സാമ്പത്തികതട്ടിപ്പിന്റെ കണക്കുകള്‍ ആര്‍ബിഐ വെളിപ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം മാത്രം 17634 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായും ആര്‍.ബി.ഐ അധികൃതര്‍ വെളിപ്പെടുത്തി. റോയ്‌റ്റേഴ്‌സിലെ മാധ്യമപ്രവര്‍ത്തകന്റെ വിവരാവകാശ അപേക്ഷയിന്മേല്‍ റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 11400 കോടിയുടെ തട്ടിപ്പിന് പുറമെയാണിത്.

ആര്‍.ബി.ഐ പുറത്ത് വിട്ട പുതിയ കണക്ക് പല പൊതുമേഖലാ ബാങ്കുകളെയും ആശങ്കയിലാക്കിയിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ ജാമ്യ പേപ്പര്‍ കരസ്ഥമാക്കിയാണ് രത്‌നവ്യാപാരി നീരവ് മോദി 11400 കോടി രൂപ വെട്ടിച്ചത്. തട്ടിപ്പ് പുറത്തായതോടെ മറ്റ് ബാങ്കുകളിലുള്ള വായ്പാ കണക്കുകളും ആര്‍.ബി.ഐ പരിശോധിച്ച വരികയാണ്. ഇതിന്റെ ഭാഗമായി ബാങ്കുകളുടെ നിഷ്‌കൃയ ആസ്ഥിയുടെ കണക്കുകള്‍ വ്യക്തമാക്കാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com