22 സംസ്ഥാനങ്ങള്‍ നികുതി കുറച്ചു; ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറിനടുത്ത്

മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത് 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ മൂല്യ വര്‍ധിത നികുതിയില്‍ കുറവു വരുത്തിയത് 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും. വ്യത്യസ്ത നിരക്കിലാണ് സംസ്ഥാനങ്ങള്‍ നികുതിയില്‍ കുറവു പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളും നികുതി നിരക്കു താഴ്ത്തി ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനങ്ങളും നികുതി കുറച്ചതോടെ പെട്രോളിനും ഡീസലിനും ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വില താഴ്ന്നു. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്  ആണ് നികുതി കുറച്ചതില്‍ മുന്നില്‍. 8.70 രൂപയാണ് ലഡാക്ക് വാറ്റില്‍ കുറവു വരുത്തിയത്. ഉത്തരാഖണ്ഡ് ആണ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത്-1.97രൂപ.

കര്‍ണാടക, പുതുച്ചേരി, മിസോറം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു, ചണ്ഡിഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ലഡാക്ക് എന്നിവയാണ് നികുതി കുറച്ച ഭരണകൂടങ്ങള്‍. 

കര്‍ണാടകയില്‍ പെട്രോളിന് 8.62 രൂപയാണ് അധികമായി കുറയുക. ഡീസലിന് 9.40 രൂപ കുറയും. മധ്യപ്രദേശ് പെട്രോള്‍ 6.89, ഡീസല്‍ 6.96, ഉത്തര്‍പ്രദേശ്- പെട്രോള്‍ 6.96, ഡീസല്‍ 2.04 എന്നിങ്ങനെയാണ് കുറവ്. 

ഇടതുപക്ഷം ഭരിക്കുന്ന കേരളം, കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന രാജസ്ഥാന്‍, പഞ്ചാബ്, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവയാണ് നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍. എഎപി ഭരിക്കുന്ന ഡല്‍ഹി, തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാള്‍, ടിആര്‍എസ് ഭരിക്കുന്ന തെലങ്കാന, വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആന്ധ്ര എന്നിവയും നികുതിയില്‍ മാറ്റം വരുത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com