തദ്ദേശീയ ഫോര്‍ ജി നെറ്റ് വര്‍ക്ക് ഉടന്‍, ബിഎസ്എന്‍എല്‍ ഒരു ലക്ഷത്തിലധികം ടവറുകള്‍ സ്ഥാപിക്കും; ട്രെയിനില്‍ ഫൈവ് ജി ഇന്റര്‍നെറ്റ്: കേന്ദ്രസര്‍ക്കാര്‍

രാജ്യമൊട്ടാകെ 1.2 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ പ്രമുഖ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫോര്‍ ജി നെറ്റ് വര്‍ക്ക് രാജ്യത്ത് ഉടന്‍ തന്നെ അവതരിപ്പിക്കാനിരിക്കേ, രാജ്യമൊട്ടാകെ 1.2 ലക്ഷം ടവറുകള്‍ സ്ഥാപിക്കാന്‍ പൊതുമേഖ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. രാജ്യത്ത് ഫൈവ് ജി നെറ്റ് വര്‍ക്ക് സാധ്യമാകുന്ന മുറയ്ക്ക് ട്രെയിനുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. നൂറ് കിലോമീറ്ററിലധികം വേഗതയില്‍ ട്രെയിന്‍ ഓടുമ്പോള്‍ ഫോര്‍ ജി നെറ്റ് വര്‍ക്കില്‍ തടസ്സം നേരിടുന്ന പശ്ചാത്തലത്തിലാണ് ട്രെയിനുകളില്‍ ഫൈവ് ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും കേന്ദ്ര ടെലികോംമന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ പറഞ്ഞു.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഫോര്‍ ജി നെറ്റ് വര്‍ക്ക് രാജ്യത്ത് ഉടന്‍ തന്നെ അവതരിപ്പിക്കും. ഇന്ത്യയിലെ എന്‍ജിനീയര്‍മാരും ശാസ്ത്രജ്ഞന്മാരുമാണ് ഇത് വികസിപ്പിച്ചെടുത്തത്. തദ്ദേശീയമായി ഫോര്‍ ജി നെറ്റ് വര്‍ക്ക് വികസിപ്പിച്ചെടുത്തത് ലോകവ്യാപകമായി രാജ്യത്തിന് പ്രശസ്തി നേടി കൊടുത്തതായും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.

അടിയന്തരമായി 6000 ടവറുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനുള്ള നടപടികളുമായി ബിഎസ്എന്‍എല്‍ മുന്നോട്ടു പോകുകയാണ്. പിന്നീട് 6000 ടവറുകള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കും. രാജ്യമൊട്ടാകെ ഫോര്‍ ജി നെറ്റ് വര്‍ക്ക് സാധ്യമാക്കുന്നതിന് അന്തിമഘട്ടത്തില്‍ ഒരു ലക്ഷം ടവറുകള്‍ക്ക് കൂടി ബിഎസ്എന്‍എല്‍ ഓര്‍ഡര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഫൈവ് ജി നെറ്റ് വര്‍ക്ക് തദ്ദേശീയമായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സമാന്തരമായി മുന്നോട്ടുപോകുകയാണ്. മാസങ്ങള്‍ക്കകം ഇത് യാഥാര്‍ഥ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ട്രെയിനുകളില്‍ ഫോര്‍ ജി നെറ്റ് വര്‍ക്ക് പ്രയോജനപ്പെടില്ലെന്ന് ട്രെയിനുകളില്‍ ഫോര്‍ ജി നെറ്റ് വര്‍ക്ക്  ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. 


നൂറ് കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന സമയത്ത് ട്രെയിനുകളില്‍ ഫോര്‍ ജി നെറ്റ് വര്‍ക്ക് തടസ്സപ്പെടുന്നുണ്ട്. അതിനാല്‍ ട്രെയിനുകളില്‍ തടസ്സങ്ങളില്ലാതെ ഇന്റര്‍നെറ്റ് സേവനം ലഭിക്കാന്‍ ഫൈവ് ജി സേവനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം


സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com