47ല്‍ നാലുരൂപയ്ക്ക് ഒരു ഡോളര്‍, 2022ല്‍ 80ലേക്ക്; സ്വാതന്ത്ര്യത്തിന് ശേഷമുള്ള രൂപയുടെ 'യാത്ര'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th August 2022 11:52 AM  |  

Last Updated: 15th August 2022 11:52 AM  |   A+A-   |  

rupee

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ രാജ്യം ആഘോഷിക്കുകയാണ്. അടുത്ത 25 വര്‍ഷം കൊണ്ട് രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്.

രാജ്യം 75-ാം  വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് പറയുമ്പോള്‍ രൂപയുടെ മൂല്യം ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. 

സ്വാതന്ത്ര്യം കിട്ടിയതിന്റെ ആദ്യം വര്‍ഷങ്ങളില്‍ നാലു രൂപ കൊടുത്താല്‍ ഒരു ഡോളര്‍ വാങ്ങാന്‍ കഴിയുമായിരുന്നു.  തുടര്‍ന്ന് ഭരണത്തില്‍ വന്ന ഇന്ദിര ഗാന്ധി സര്‍ക്കാര്‍ രൂപയുടെ മൂല്യം താഴ്ത്തി. ഇതോടെ 4.76 നിലവാരത്തില്‍ നിന്ന്് 7.5 ലേക്ക് രൂപയുടെ മൂല്യം താഴ്ന്നു. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 7.50 രൂപ നല്‍കേണ്ട സ്ഥിതിയിലേക്ക് എത്തി. ഭക്ഷ്യോല്‍പ്പാദനത്തിലും വ്യാവസായികോല്‍പ്പാദനത്തിലും ഉണ്ടായ ഇടിവാണ് രൂപയുടെ മൂല്യം താഴ്ത്താന്‍ അന്നത്തെ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.

1991ല്‍ വീണ്ടും രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടു. ഇറക്കുമതി ബില്‍ കൊടുത്തുതീര്‍ക്കാന്‍ കഴിയാത്ത വിധമായിരുന്നു സാമ്പത്തിക പ്രതിസന്ധി. ഇതോടെ സാമ്പത്തിക പരിഷ്‌കരണ നടപടികളിലേക്ക് കടക്കാന്‍ അന്നത്തെ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് രണ്ടുതവണകളായി ഒന്‍പത് ശതമാനവും 11 ശതമാനവും എന്ന നിലയില്‍ റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം വീണ്ടും താഴ്ത്തി. ഇതോടെ ഡോളറിനെതിരെ 26 രൂപ എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നു. 1991 മുതല്‍ പ്രതിവര്‍ഷം 3.74 ശതമാനം വീതമാണ് രൂപയുടെ മൂല്യം താഴ്ന്നത്. 

2000 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ രൂപ സ്ഥിരത പുലര്‍ത്തി. 2009 മുതലാണ് രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ തുടങ്ങിയത്. 46.5ല്‍ നിന്ന് ഇന്നത്തെ 79.50ലേക്ക് രൂപയുടെ വിനിമയനിരക്ക് താഴുന്നതാണ് പിന്നീട് കണ്ടതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ഗവേഷകന്‍ ദിലീപ് പാര്‍മര്‍ പറയുന്നു. എണ്ണ ഇറക്കുമതി ചെലവ്, ഡോളര്‍ കരുത്താര്‍ജിച്ചത്, വ്യാപാരകമ്മി തുടങ്ങി നിരവധി ഘടകങ്ങളാണ് ഈ വര്‍ഷങ്ങളില്‍ രൂപയുടെ മൂല്യം കുറയാന്‍ ഇടയാക്കിയതെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ സാമ്പത്തിക വിദഗ്ധന്‍ ഗൗരംഗ് സോമയ്യ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അത്യാധുനിക ഇലക്ട്രോണിക് കണ്‍ട്രോള്‍ സിസ്റ്റം; മാരുതി സ്വിഫ്റ്റിന്റെ സിഎന്‍ജി മോഡല്‍ വിപണിയില്‍, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ