ആരാണ് ആ അജ്ഞാത യോഗി?, ചിത്ര എന്തിന് രഹസ്യവിവരങ്ങള്‍ കൈമാറി?; കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നു

20 വര്‍ഷം മുന്‍പ് ഗംഗയുടെ തീരത്ത് വച്ചാണ് സിദ്ധ പുരുഷ് എന്ന് വിളിക്കുന്ന അജ്ഞാത യോഗിയെ ചിത്ര രാമകൃഷ്ണന്‍ ആദ്യമായി കാണുന്നത്
ചിത്ര രാമകൃഷ്ണന്‍, ഫയല്‍ ചിത്രം
ചിത്ര രാമകൃഷ്ണന്‍, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ മേധാവി സ്ഥാനത്തിരിക്കേ, ചിത്ര രാമകൃഷ്ണന്‍ കമ്പനിയുടെ രഹസ്യവിവരങ്ങള്‍ പുറത്തുള്ളയാള്‍ക്ക് കൈമാറിയതായുള്ള കണ്ടെത്തലില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഹിമാലയ മലനിരകളില്‍ താമസിക്കുന്ന അജ്ഞാത യോഗിക്ക് ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇ-മെയിലിലൂടെ ചിത്ര രാമകൃഷ്ണന്‍ കൈമാറിയതായാണ് കണ്ടെത്തല്‍. 

സ്റ്റോക്ക് എക്സ്സ്‌ചേഞ്ചിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നിയമനവും ശമ്പളവും വരെ ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ചിത്ര രാമകൃഷ്ണന്‍ തീരുമാനിച്ചതെന്നും സെബിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത മൂലം 2016ല്‍ ചിത്ര രാമകൃഷ്ണന്‍ എന്‍എസ്ഇ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്ന് സെബി നടത്തിയ പരിശോധനയിലാണ് രാജ്യത്തെ ഞെട്ടിച്ച ഈ വിവരങ്ങള്‍ പുറത്തുവന്നത്.

ആരാണ് ആ അജ്ഞാത യോഗി?

എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് യോഗിയുടെ ഉപദേശം ചിത്ര തേടിയിരുന്നതായി പ്രമുഖ സ്ഥാപനമായ ഏണസ്റ്റ് ആന്റ് യംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്ര രാമകൃഷ്ണന്റെ കമ്പ്യൂട്ടര്‍ ഫോറന്‍സിക് പരിശോധന നടത്തിയത് ഏണസ്റ്റ് ആന്റ് യംഗ് ആണ്. താക്കോല്‍ സ്ഥാനങ്ങളിലെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഉപദേശം തേടിയത്. കമ്പനിയുടെ അതീവ രഹസ്യസ്വഭാവമായ വിവരങ്ങള്‍ ഉള്‍പ്പെടെ അജ്ഞാത യോഗിക്ക് കൈമാറിയതായും ഇമെയില്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്.

20 വര്‍ഷം മുന്‍പ് ഗംഗയുടെ തീരത്ത് വച്ചാണ് സിദ്ധ പുരുഷ് എന്ന് വിളിക്കുന്ന അജ്ഞാത യോഗിയെ ചിത്ര രാമകൃഷ്ണന്‍ ആദ്യമായി കാണുന്നത്. വ്യക്തിപരവും ജോലി സംബന്ധവുമായ കാര്യങ്ങള്‍ക്ക് ചിത്ര അജ്ഞാത യോഗിയുടെ സഹായം തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നു

രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ അജ്ഞാത യോഗിയെ തിരിച്ചറിയുന്നതിന് അന്വേഷണത്തിന് ഉത്തരവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പ്രഥമദൃഷ്ടിയില്‍ ചിത്ര ക്രിമിനല്‍ കുറ്റം ചെയ്തതായാണ് വിലയിരുത്തല്‍. എന്തുകൊണ്ട് ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ചിത്ര ഉപയോഗിച്ചിരുന്ന ലാപ്പ്‌ടോപ്പ് ഉടനടി നശിപ്പിക്കാന്‍ തീരുമാനിച്ചു എന്നത് അടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കാണേണ്ടതുണ്ട്. ലാപ്പ്‌ടോപ്പ് പരിശോധിക്കുന്നതിന് മുന്‍പ് നശിപ്പിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. 

ചിത്ര ഉപയോഗിച്ചിരുന്ന ഡെസ്‌ക് ടോപ്പ് പോലും ഭാവിയിലെ അന്വേഷണം മുന്‍നിര്‍ത്തി സൂക്ഷിക്കാന്‍ ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തയ്യാറായില്ല തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ ആരോപണങ്ങളെല്ലാം ഉയര്‍ന്നപ്പോഴും ചിത്ര രാമകൃഷ്ണനെ രാജിവെയ്ക്കാന്‍ അനുവദിച്ചത് എന്തുകൊണ്ട്?, എന്തുകൊണ്ട് ചിത്രയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ല? എന്നി കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് കേന്ദ്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com