ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ എന്തു ചെയ്യും?; അറിയേണ്ടതെല്ലാം 

റെസ്റ്റോറന്റുകളും ഹോട്ടലുകളും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ക്കുന്നത് വിലക്കി  കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: റെസ്റ്റോറന്റുകളും ഹോട്ടലുകളും ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലില്‍ സര്‍വീസ് ചാര്‍ജ് ചേര്‍ക്കുന്നത് വിലക്കി  കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിറക്കിയത് കഴിഞ്ഞ ദിവസമാണ്. സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ നിര്‍ബന്ധപൂര്‍വം പണം ഈടാക്കിയാല്‍ ജില്ലാ കലക്ടര്‍ക്കോ ദേശീയ ഉപഭോക്തൃ ഹെല്‍പ്‌ലൈനിലോ പരാതി നല്‍കാമെന്നു കേന്ദ്രം വ്യക്തമാക്കി.

ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നതിന് എതിരെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയത്തിന് കീഴിലെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ മന്ത്രാലയം നിര്‍ണായക ഉത്തരവിറക്കിയത്. രാജ്യത്തെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഇനിമുതല്‍ ബില്ലിനോടൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. സര്‍വീസ് ചാര്‍ജ് നല്‍കിയില്ല എന്ന കാരണത്താല്‍ ഒരു ഉപഭോക്താവിനെയും സ്ഥാപനത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഭക്ഷണസാധനങ്ങളുടെ നിരക്കു നിശ്ചയിക്കുന്നതില്‍ നിലവില്‍ വിലക്ക് ഇല്ലെന്നിരിക്കെ ഭക്ഷണവിലയ്ക്കും നികുതിക്കും പുറമേ മറ്റു ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് കാണിച്ച് മാര്‍ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്.

മാര്‍ഗരേഖ: 

സര്‍വീസ് ചാര്‍ജ് നല്‍കണമെന്ന് ഹോട്ടലുകള്‍ക്ക് ഉപഭോക്താവിനെ നിര്‍ബന്ധിക്കാനാവില്ല. സര്‍വീസ് ചാര്‍ജ് താല്‍പര്യമുണ്ടെങ്കില്‍ മാത്രം നല്‍കിയാല്‍ മതിയെന്ന വിവരം ഉപഭോക്താവിനെ അറിയിക്കണം. മറ്റു പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുത്.

ഹോട്ടല്‍ നല്‍കുന്ന മിനിമം സേവനങ്ങള്‍ക്കപ്പുറം ലഭിച്ച ആതിഥേയത്വത്തിന് ഉപഭോക്താവ് ടിപ് നല്‍കുന്നതു മറ്റൊരു ഇടപാടാണ്. അതു നല്‍കണോ വേണ്ടയോ എന്നത് ഉപഭോക്താവിന്റെ വിവേചനാധികാരമാണ്.

ഭക്ഷണത്തിനു ശേഷം മാത്രമേ അതിന്റെ ഗുണനിലവാരവും സര്‍വീസും വിലയിരുത്തി ടിപ് നല്‍കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാനാവൂ.

സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഹോട്ടലില്‍ പ്രവേശനം നിയന്ത്രിക്കുന്നതു ചട്ടലംഘനമാണ്. ഹോട്ടലില്‍ പ്രവേശിച്ചുവെന്നത് സര്‍വീസ് ചാര്‍ജ് അടയ്ക്കാനുള്ള പരോക്ഷ സമ്മതമായി കണക്കാക്കാനാവില്ല.

ഭക്ഷണ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് കൂട്ടി അതിനു മുകളില്‍ ജിഎസ്ടി ഈടാക്കാന്‍ പാടില്ല.

സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍:

സര്‍വീസ് ചാര്‍ജ് ബില്ലില്‍നിന്ന് ഒഴിവാക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെടാം.

1915 എന്ന ദേശീയ ഉപഭോക്തൃ ഹെല്‍പ്ലൈന്‍ നമ്പറിലോ മൊബൈല്‍ ആപ് വഴിയോ (National Consumer Helpline) www.e-daakhil.nic.in എന്ന വെബ്‌സൈറ്റ് വഴിയോ പരാതിപ്പെടാം. com-ccpa@nic.in. ല്‍ ഇമെയിലായും പരാതി നല്‍കാം. ആവശ്യമെങ്കില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാനും സംവിധാനമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com