റെയ്ഡ്; ഓപ്പോ 4389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ധനമന്ത്രാലയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 03:34 PM  |  

Last Updated: 13th July 2022 03:34 PM  |   A+A-   |  

OPPO

ഓപ്പോ സ്മാര്‍ട്ട്‌ഫോണ്‍

 

ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി കേന്ദ്ര ധനമന്ത്രാലയം. 4,389 കോടി രൂപയുടെ നികുതി വെട്ടിപ്പ് റവന്യൂ ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ കണ്ടെത്തിയതായി ധനമന്ത്രാലയം അറിയിച്ചു.

ഇറക്കുമതിയുമായി ബന്ധപ്പെട്ട  വിവരങ്ങള്‍ മറച്ചുവെച്ച് നികുതി വെട്ടിപ്പ് നടത്തി എന്നാണ് ധനമന്ത്രാലയം പറയുന്നത്. കസ്റ്റംസ് തീരുവ അടയ്ക്കാതെ കമ്പനി 4389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍.ഒപ്പോ, റിയല്‍മീ, വണ്‍ പ്ലസ് തുടങ്ങി വിവിധ ബ്രാന്‍ഡുകളില്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് ഓപ്പോ ഇന്ത്യ വിപണിയില്‍ ഇറക്കിയത്. 

രഹസ്യവിവരത്തെ തുടര്‍ന്ന് ഓപ്പോ ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് നികുതി വെട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കസ്റ്റംസ് തീരുവ അടയ്ക്കാതെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഓപ്പോ ഇറക്കുമതി ചെയ്തതായാണ് കണ്ടെത്തല്‍. ഇവ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മാത്രം 2981 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നിരിക്കുന്നത്.

ഇതിന് പുറമേ റോയല്‍റ്റി, ലൈസന്‍സ് ഫീ എന്നി പേരുകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ക്ക് നല്‍കിയ റോയല്‍ട്ടി തുക ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഇടപാട് മൂല്യത്തില്‍ ഉള്‍പ്പെടുത്താതെയും തട്ടിപ്പ് നടന്നതായി ധനമന്ത്രാലയം വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജൂലൈ 31നകം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുക; വൈകിയാല്‍ നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ