മുകേഷ് അംബാനിക്ക് സുരക്ഷ എന്തടിസ്ഥാനത്തില്‍? അറിയിക്കാന്‍ ഹൈക്കോടതി, ചോദ്യം ചെയ്ത് കേന്ദ്രം

മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് ത്രിപുര ഹൈക്കോടതി നിര്‍ദേശിച്ചത്
മുകേഷ് അംബാനി/ ഫയൽ ചിത്രം
മുകേഷ് അംബാനി/ ഫയൽ ചിത്രം


ന്യൂഡല്‍ഹി:  റിലയന്‍സ് മേധാവി മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനുള്ള ത്രിപുര ഹൈക്കോടതി നിര്‍ദേശത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇത്തരമൊരു നിര്‍ദേശം നല്‍കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍. ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും.

മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് ത്രിപുര ഹൈക്കോടതി നിര്‍ദേശിച്ചത്. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ നല്‍കുന്നത് എന്ന് അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. കേസ് പരിഗണിക്കുന്ന നാളെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും, പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

അധികാര പരിധിയില്‍ അല്ലാത്ത കാര്യത്തിലാണ് ഹൈക്കോടതി ഇടപെടലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ത്രിപുര പൊലീസിന്റെയല്ല, കേന്ദ്ര സേനയുടെ സുരക്ഷയാണ് മുകേഷ് അംബാനിക്കു നല്‍കുന്നത്. ഇതില്‍ പൊതുതാത്പര്യ ഹര്‍ജിയിലൂടെ മൂന്നാമത് ഒരാള്‍ക്ക് ഇടപെടാനാവില്ല. നേരത്തെ സമാനമായ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളുകയും സുപ്രീം കോടതി അത് ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. 

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് തുഷാര്‍ മേത്ത ഇന്ന് അവധിക്കാല ബെഞ്ചിനു മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com